നീതിക്ക് വേണ്ടി നിരത്തിലിറങ്ങേണ്ടി വന്നത് ഗതികേട്; പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ ഫ്രാങ്കോ മുളക്കലിനെ അറസറ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍; ഇട്ടിരിക്കുന്ന വസ്ത്രം മാത്രമാണുള്ളത്; സഭയും കൈവിട്ടു; സമരത്തിനിടെ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകള്‍
കൊച്ചി: കുറവിലങ്ങാട് മഠത്തില്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് മഠത്തിലെ മറ്റു കന്യാസ്ത്രീകള്‍. പരാതി നല്‍കിയിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം ഹൈക്കോടതി ജംങ്ഷനില്‍ നടന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത ശേഷം കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. മൊഴി രേഖപ്പെടുത്തലല്ലാതെ കേസില്‍ ഒന്നും നടക്കുന്നില്ല . സഭയും സര്‍ക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു. സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. കര്‍ത്താവിന്റെ മണവാട്ടിമാരുടെ മാനത്തിനിട്ട വില പത്തേക്കര്‍, വീ നീഡ് ജസ്റ്റിസ്, പൊലീസ് നീതി പാലിക്കുക, ഞങ്ങളുടെ ജീവന് അപകടത്തില്‍ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് സിസ്റ്റര്മാര് സമരത്തിന് എത്തിയത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് കന്യാസ്ത്രീകള്‍ പരസ്യമായി സഭയ്ക്കെതിരെ സമരവുമായി രംഗത്തുവരുന്നത്.
കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞത് :
നീതി ലഭിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടുപോകും. ഒരുപാട് സഹിച്ചാണ് പീഡിപ്പിക്കപ്പെട്ട സിസ്റ്റര്‍ മുന്നോട്ടുവന്നിരിക്കുന്നത്. അവര്‍ക്ക് നീതി നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം. ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഭീഷണിയുണ്ട്. സഭയെ പോലെ സാമ്പത്തികാവസ്ഥ ഉള്ളവരല്ല ഞങ്ങള്‍. ഇട്ടിരിക്കുന്ന വസ്ത്രം മാത്രമാണുള്ളത്. സഭയില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്നും പ്രതീക്ഷയുമില്ല. എന്നാല്‍, എന്തു സംഭവിച്ചാലും നീതി കിട്ടുംവരെ മുന്നോട്ടുപോകും. മരിക്കേണ്ടി വന്നാല്‍ പോലും.
മഠത്തില്‍ ജോലി ചെയ്തിരുന്ന പയ്യനെ ഉപകരണമാക്കാന്‍ നോക്കി. ഫാദര്‍ എര്‍ത്തയില്‍ വന്ന് സംസാരിച്ചു. സോഫ്റ്റായിട്ട് ഇപ്പോഴും ഭീഷണി മുഴക്കുന്നുണ്ട്. ഇപ്പോള്‍, സഭ തന്നെ ഞങ്ങളെ തള്ളിയിരിക്കുകയാണ്. പക്ഷേ, ഞങ്ങള്‍ സഭ വിട്ട് പോയിട്ടില്ല. സഭയുടെ അകത്തു നിന്നുതന്നെ ഞങ്ങള്‍ പൊരുതുകയാണ്. വിട്ടുപോകില്ല. നീതി ലഭിക്കുന്നതുവരെ മുന്നോട്ടുപോകും.
സഭയ്ക്കകത്ത് തന്നെ ഞങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. പാലാ ബിഷപ്പ്, മാര്‍ ആലഞ്ചേരി, ഭഗല്‍പുര്‍ ബിഷപ്പ്, ബിഷപ്പ് കുര്യന് വലിയ കണ്ടത്തില്‍, റോമിലെ മൂന്ന് സ്ഥലത്തേക്ക് പരാതി നല്‍കിയിട്ടുണ്ട്. പോപ്പിനെയും സമീപിച്ചു. നീതി കിട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ റോമിന്റെ സ്റ്റേറ്റ് സെക്രട്ടറിയ്ക്കും പരാതി അയച്ചു. പരാതി നല്‍കിയിട്ട് എവിടെ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. സഭയില്‍ നിന്ന് ഒന്നും ചെയ്തില്ലെങ്കിലും ഒരു വാക്കെങ്കിലും ഞങ്ങളോട് പറയാമായിരുന്നു. അന്വേഷിക്കാമെന്ന ഒരു മറുപടിയെങ്കിലും തരാമായിരുന്നു. അതുപോലും ഇത്രയും നാളായി ആരും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പരസ്യമായി രംഗത്തു വരേണ്ട അവസ്ഥയുണ്ടായത്. പോപ്പിന് പരാതി നല്‍കിയിട്ടും പ്രതികരണമുണ്ടായിട്ടില്ല.
സമരം നടത്തുന്ന കന്യാസ്ത്രീകളെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന പി സി ജോര്‍ജിന്റെ പരാമര്‍ശത്തോടും സിസ്റ്റര്മാര് പ്രതികരിച്ചു. തങ്ങള്‍ എന്തു പരിശോധനയ്ക്കും തയ്യാറാണെന്നും എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് പി സി ജോര്‍ജല്ലെന്നും അവര്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട സിസ്റ്ററെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡനകാര്യം വ്യക്തമായതാണ്. എന്നിട്ടും നീതി കിട്ടിയിട്ടില്ല. എന്താണ് വേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ. അല്ലാതെ പി സി ജോര്ജല്ലല്ലോ തീരുമാനിക്കേണ്ടത് അവര്‍ വ്യക്തമാക്കി.