തലകുനിച്ച് ഡി.വൈ.എഫ്.ഐ സഖാക്കള്‍ . . സംഘടനയെ തകര്‍ക്കുന്നത് ഇങ്ങനെയാണ്
കേരളത്തിന്റെ ചരിത്രത്തില്‍ ആവേശപൂര്‍വ്വം എന്നും ഓര്‍മ്മിക്കാവുന്ന നിരവധി പോരാട്ടങ്ങള്‍ നടത്തിയ സംഘടനയാണ് ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടന.
രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ ഉള്ളവര്‍ക്ക് പോലും ഈ സംഘടിത യുവജന പ്രസ്ഥാനത്തെ പൂര്‍ണ്ണമായും നിഷേധിക്കാന്‍ കഴിയില്ല.
തൊഴിലില്ലായ്മക്കെതിരെയും ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും രൂപീകരണ കാലം മുതല്‍ ഇതുവരെ ഡി.വൈ.എഫ്.ഐ നടത്തിയ പോരാട്ടങ്ങള്‍ ഓര്‍മ്മിച്ചാല്‍ ഏതൊരാളുടെയും രോമങ്ങള്‍ പോലും ആവേശപൂര്‍വ്വം എണീറ്റ് നിന്നു പോകും.
കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സ്വന്തം നെഞ്ചു കൊണ്ട് അളന്ന് ലോകത്തെ തന്നെ അമ്പരിപ്പിച്ചവരാണ് ഡി.വൈ.എഫ്.ഐ സഖാക്കള്‍.
ശുഭ്ര പതാകയേന്തി അവര്‍ തീര്‍ത്ത മനുഷ്യചങ്ങലയും മനുഷ്യക്കോട്ടയുമെല്ലാം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവയുടെ യുവജന സംഘടനകള്‍ക്കും സ്വപ്നം പോലും കാണാന്‍ പറ്റാത്തത് തന്നെയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ എതിരാളികളാല്‍ കൊല്ലപ്പെട്ടതും ഡി.വൈ.എഫ്.ഐയില്‍ നിന്നാണ്.
കൂത്തുപറമ്പില്‍ വെടിയേറ്റ് പിടഞ്ഞ് വീണ് മരിച്ച അഞ്ച് സഖാക്കള്‍ക്കൊപ്പം സ്വയം സമര്‍പ്പിച്ച് ഇപ്പോഴും വിധിയോട് പോരാടുന്ന ജീവിക്കുന്ന രക്തസാക്ഷി പുഷ്പനടക്കം അനവധി പേര് ഇന്നും ഈ വിപ്ലവ സംഘടനയുടെ ആവേശമാണ്.
സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ പോലും മറന്ന് മറ്റുള്ളവര്‍ക്കായി പോരാടി ചോര ചിന്തിയവരും ഇപ്പോഴും ശരീരത്തില്‍ കെടുതികള്‍ അനുഭവിച്ച് ജീവിക്കുന്നവരുമായ ഈ പോരാളികളടക്കം ശുഭ്ര പതാക പിടിച്ച സകലരും ഷൊര്‍ണ്ണുര്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലവില്‍ തലകുനിച്ചിരിക്കുകയാണ്.
ആരുടെ മുന്നിലും തല കുനിക്കാതെ ചങ്കുറപ്പോടെ പൊരുതാന്‍ ശേഷിയുള്ള . . നിലപാട് സ്വീകരിക്കാന്‍ കരുത്തുള്ള . . സംഘടന എന്തുകൊണ്ട് സഹപ്രവര്‍ത്തകയുടെ കാര്യത്തില്‍ ഗൗരവമായി ഇടപെട്ടില്ല എന്നത്, പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത രോഷമായി പടര്‍ന്നു കഴിഞ്ഞു.
ജില്ലാ കമ്മറ്റി അംഗം എന്ന ഉയര്‍ന്ന ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സഖാവ് എം.എല്‍.എക്കെതിരെ പാര്‍ട്ടിക്ക് പരാതി കൊടുക്കുന്നതിനു മുന്‍പ് ഡി.വൈ.എഫ്.ഐ നേതാക്കളെ വിവരം ധരിപ്പിച്ചിട്ടുണ്ടാകും എന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ മറിച്ചൊരു അഭിപ്രായം പോലും ഇല്ല.
എന്നാല്‍ സി.പി.എം നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി എന്തുകൊണ്ട് നടപടി സ്വീകരിപ്പിച്ചില്ല എന്ന ചോദ്യത്തിന് പക്ഷേ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം ‘മൗനം’ തുടരുകയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യുവതികള്‍ അംഗമായ സംഘടന എന്ന നിലയില്‍ വലിയ പ്രതിസന്ധിയാണ് ഡി.വൈ.എഫ്.ഐ ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.
പാര്‍ട്ടി കുടുംബത്തില്‍ നിന്നും വരുന്ന വനിതാ സഖാവിനു തന്നെ ഈ അവസ്ഥയെങ്കില്‍ പിന്നെ എങ്ങനെ മറ്റു കുടുംബങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ സംഘടനാ പ്രവര്‍ത്തനത്തിന് അയക്കും എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.
സംഘടനാപരമായി ഏറെ വെല്ലുവിളി നേരിടുന്ന പുതിയ കാലത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നേതൃത്വത്തിന് കഴിയാത്തതില്‍ അണികള്‍ വലിയ നിരാശയിലാണ്.
ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിലും നടപടി വൈകിപ്പിച്ചത് മൂലം വലിയ മാനക്കേട് ഉണ്ടാക്കിയതായാണ് സംഘടനക്കകത്തെ പൊതുവികാരം.
അതുകൊണ്ട് തന്നെ ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ വനിതാ നേതാവ് നല്കിയ പരാതിയില്‍ നടപടി എടുപ്പിക്കുക മാത്രമല്ല ശക്തമായി നിലപാട് പ്രഖ്യാപിച്ച് സംഘടനയുടെ മാനം കാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
സി.പി.എമ്മിന്റെ ‘വാലല്ല’ സ്വതന്ത്ര വിപ്ലവ യുവജന സംഘടനയാണ് ഡി.വൈ.എഫ്.ഐയെന്ന് സംഘടനാ ക്ലാസ്സുകളില്‍ പ്രസംഗിക്കുന്ന നേതാക്കള്‍ വിഷയത്തില്‍ പാര്‍ട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നത് ഒരുപാട് പേര് രക്തം നല്കി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയിലേക്ക് വഴിയൊരുക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളും മറ്റു ഭാരവാഹികളില്‍ മിക്കവരും വിവിധ ജില്ലാ കമ്മറ്റി അംഗങ്ങളുമാണ്. പാര്‍ട്ടി ഫ്രാക്ഷന് വിളിച്ച് ചേര്‍ത്ത് ചുമതലയുള്ള നേതാവ് പ്രഖാപിക്കുന്ന നിലപാട് സംസ്ഥാന കമ്മറ്റി വിളിച്ച് ചേര്‍ത്ത് പ്രഖ്യാപിക്കുക എന്ന നിലപാടില്‍ കവിഞ്ഞ് ശക്തമായി ഒരു നിലപാട് സ്വീകരിക്കാന്‍ സംഘടനാ ‘ചട്ടക്കൂട് ‘ വച്ച് വലിയ പരിമിതി തന്നെ ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ക്കുണ്ട്.
അതുകൊണ്ട് തന്നെയാണ് സി.പി.എം നിലപാടിനായി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും ഇപ്പോള്‍ കാത്ത് നില്‍ക്കുന്നത്.
ഈ കീഴ് വഴക്കവും രീതിയും മാറ്റി പ്രസംഗത്തില്‍ പറയുന്നതുപോലെ സ്വതന്ത്ര യുവജന സംഘടന എന്ന നിലയിലേക്ക് പ്രായോഗികമായി എന്ന് ഡി.വൈ.എഫ്.ഐക്ക് ഉയരാന്‍ പറ്റുമോ അന്നേ സംഘടനക്ക് പൂര്‍ണ്ണത കൈവരൂ എന്നാണ് യുവ കേഡര്‍മാര്‍ തുറന്നടിക്കുന്നത്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സംഘടനയുടെ കരുത്ത് ഇപ്പോള്‍ സംസ്ഥാനത്ത് കുറഞ്ഞു വരുന്നത് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന പരാതിയും അവര്‍ക്കുണ്ട്.
സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെയും ഡി.വൈ.എഫ്.ഐ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും വീഴ്ച മൂലമാണ് വിവര സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് സംഘടനക്ക് കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്തതെന്നാണ് പഴയകാല ഡി.വൈ.എഫ്.ഐ നേതാക്കളും കുറ്റപ്പെടുത്തുന്നത്.
‘വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും ആക്കാതെ’ അധികാരത്തില്‍ വരുന്ന ഘട്ടങ്ങളില്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയ പോരാട്ടങ്ങളോട് നീതി പുലര്‍ത്താന്‍ മാറി വന്നിരുന്ന ഇടതു സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഈ അവസ്ഥയിലേക്ക് സംഘടന പോകില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നവരും നിരവധിയാണ്.
വനിതാ നേതാവിനെതിരായ പീഢന സംഭവത്തില്‍ ഇനിയും മൗനം പാലിച്ചാല്‍ അത് ഡി.വൈ.എഫ്.ഐയുടെ തൂവെള്ള പതാകയില്‍ സ്വയം ചെളിവാരി എറിയുന്നതിന് തുല്യമാകുമെന്ന് ചൂണ്ടിക്കാട്ടുന്ന അണികളുടെ രോഷത്തില്‍ ചുട്ടുപൊള്ളുകയാണിപ്പോള്‍ യുവ നേതൃത്വം.
പഴയ പോരാട്ട വീര്യത്തിന്റെ ‘കരുത്തില്‍’ മാത്രം ഇപ്പാഴും മുന്നോട്ടു പോകുന്ന ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സ്വയം തിരുത്തി മുന്നോട്ടു പോയില്ലങ്കില്‍ അടിത്തറ തന്നെ അധികം താമസിയാതെ തകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.