സര്‍ക്കാരും സഭയും കൈവിട്ടു; കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കും; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരമുഖത്ത്
കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ വെളിപ്പെടുത്തി.
നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുകയാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകളും കുടുംബാംഗങ്ങളും ധര്‍ണ നടത്തും. കന്യാസ്ത്രീകളുടെ വിലാപം സഭയും അധികാരികളും കേള്‍ക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു.
അതേസമയം,ജലന്തര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ പൊലീസിന്റെ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയായി. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും മൊഴികളിലെ പൊരുത്തക്കേടുകള്‍ ദുരീകരിക്കാനുള്ള വിവര ശേഖരണമാണ് പൂര്‍ത്തിയായത്. അടുത്ത ആഴ്ച ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ഫ്രാങ്കോ മുളയ്ക്കലിന്റെയും മൊഴിയില്‍ ഇരുപതിലേറെ പൊരുത്തക്കേടുകളാണ് ഐജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇത് ദുരീകരിക്കാന്‍ അന്വേഷണ സംഘത്തിന് ഒരാഴ്ച സമയം നല്കി. ബിഷപ്പിന്റെ മൊഴിയില്‍ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും കളവാണെന്ന് തന്നെയാണ് കണ്ടെത്തല്‍. ബിഷപ്പിന്റെ മൊഴിയേക്കാള്‍ കന്യാസ്ത്രീയുടെ മൊഴിയില്‍ നിന്ന് അപാകതകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന് മേല്‍ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദം.
പരാതി നല്‍കുന്നതിന് മുന്‍പ് ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ഥന നടത്തിയെന്ന കന്യാസ്ത്രീയുടെ മൊഴി അന്വേഷണ സംഘം ശരിയാണെന്ന് കണ്ടെത്തി. ധ്യാന ശേഷമാണ് പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ വീണ്ടും യോഗംചേരും. കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷമായിരിക്കും ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തീരുമാനിക്കുക.
ഇതിനിടെ ഒക്ടോബര്‍ മൂന്ന് മുതല്‍ 28 വരെ വത്തിക്കാനില്‍ ബിഷപ്പുമാരുടെ സിനഡ് ചേരുന്നുണ്ട്. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും സിനഡില്‍ പങ്കെടുക്കേണ്ടതുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് വത്തിക്കാനിലേക്ക് പോകാനുള്ള അനുമതി സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും ബിഷപ്പ് ആരംഭിച്ചിട്ടുണ്ട്.
ബിഷപ്പിന്റെ വിദേശ യാത്രകള്‍ തടയാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉള്‍പ്പെടെ ചെലുത്തി ഈ സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തടയാന്‍ ബിഷപ്പിന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുക്കണമെന്ന ആവശ്യവും ശക്തമാണ്.