മരണമുഖത്തെ 90 സെക്കന്റുകള്ക്കിടയിലും ലാപ്ടോപ്പും മൊബൈലും തേടി മലയാളി യാത്രക്കാര്‍
കാഞ്ഞങ്ങാട്: രാജ്യത്തെ തന്നെ മുള്‍മുനയിലാക്കിയ വിമാനാപകടത്തില്‍ ജീവിതത്തിലേക്കുള്ള തിരിച്ചോട്ടത്തിന്റെ 90 സെക്കന്റുകള്ക്കിടയിലും ലാപ്ടോപ്പും മൊബൈലും തേടി മലയാളി യാത്രക്കാര്‍.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നു ദുബായിലേക്കു പോവുകയും അവിടെ അപകടത്തില്‍പെടുകയും ചെയ്ത എമിറേറ്റ്സ് വിമാനത്തില്‍ സഞ്ചരിച്ചിരുന്ന മലയാളി യാത്രക്കാര്‍ വിമാനം കത്തിയെരിയാന്‍ തുടങ്ങിയിട്ടും സ്വന്തം ജീവന് രക്ഷിക്കാനുള്ള ശ്രമത്തിനു പകരം തങ്ങളുടെ ലാപ്പും മൊബൈലും കയിലെടുക്കാന്‍ വേണ്ടി ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്.
തങ്ങളുടെ ജീവന് വിലകല്പിക്കാതെ സാധനങ്ങള്‍ തേടിയെടുക്കാന്‍ ധൃതി കാണിക്കുന്ന ഈ യാത്രക്കാര്‍ വിമാനത്തിനകത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് വഴിമുടക്കികളുമായി മാറുകയും ചെയ്തു. യാത്രക്കാര്‍ സ്വയം ജീവന് രക്ഷിക്കാന്‍ പൈലറ്റ് അവസാനവട്ട സന്ദേശം അലറി വിളിക്കുന്ന തരത്തില്‍ നല്‍കിയതിനു ശേഷവും ചില മലയാളി യാത്രക്കാര്‍ ലാപ്പും മൊബൈലും തിരയുന്നതില്നിന്നു പിന്മാറിയില്ല.
പൈലറ്റിന്റെയും വിമാനജോലിക്കാരുടെയും ദുബായ് എയര്‍പ്പോര്‍ട്ട് അധികൃതരുടെയും ജീവന് പണയം വച്ചുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് 300 ജീവനുകളില്‍ ഒന്നു പോലും പൊലിയാതെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയത്.
ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിക്കാനും കത്തിയെരിയാനും സാധ്യതകള്‍ വളരെ കൂടുതലായിരുന്നിട്ടും സ്വന്തം ജീവന് ലാപ്പിനും മൊബൈലിനും അപ്പുറമല്ലെന്നു പറയുന്ന തരത്തിലായിരുന്നു ഈ യാത്രക്കാരുടെ വെപ്രാളങ്ങള്‍ കണ്ടാല്‍ തോന്നുക.
പൈലറ്റിന്റെ അവസാന സന്ദേശം വന്നിട്ടും വഴിമുടക്കി നിന്ന യാത്രക്കാരോട് വിമാന ജോലിക്കാര്‍ ബാഗേജുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ വിവിധ ഭാഷകളില്‍ അലറി വിളിക്കുന്നതും ഇത് കേട്ടിട്ടും മലയാളി യാത്രക്കാരന് തന്റെ കൂടെയുള്ള ആളോട് ലാപ്ടോപ് എടുക്കാന്‍ രണ്ടുമൂന്നു തവണ ആവശ്യപ്പെടുന്നതും ഈ വീഡിയോയില്‍ വളരെ വ്യകതമായി കാണാനും,ആവശ്യപ്പെടുന്ന ശബ്ദം കേള്‍ക്കാനും സാധിക്കുന്നു.ഇതിനു പുറമേ മാര്‍ഗ്ഗ തടസ്സം സൃഷ്ട്ടിച്ചു നില്ക്കുന്ന ഇയാളോട് വഴിമാറാന്‍ മറ്റൊരു യാത്രക്കാരി മലയാളത്തില്‍ തന്നെ പറയുമ്പോള്‍ പേടിക്കേണ്ട കുഴപ്പമൊന്നുമില്ലെന്നാണ് ഇയാളുടെ മറുപടി. ഈ സമയം വിമാനത്തിന്റെ ഇടതു വശത്തെ എന്‍ജിനില്‍ നിന്നു തീയും പുകയും ഉയരുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
പല ഭാഷകളിലും വിമാന ജോലിക്കാര്‍ ഓടി രക്ഷപ്പെടാന്‍ അഭ്യര്‍ഥന നടത്തിയിട്ടും വഴിമാറാതെ തങ്ങളുടെ ലാപ്പും മറ്റും ലഗേജ് ബോക്സില്‍ തിരയുന്നവര്‍ക്കു നേരെ എയര്‍ ഹോസ്റ്റസ് മലയാള ഭാഷയില്‍ രക്ഷപ്പെടാന്‍ അലറി വിളിച്ചതോടെയാണ് ഈ യാത്രക്കാര്‍ വിമാനത്തിനു പുറത്തേക്കു വച്ചു പിടിച്ചത്. എമര്‍ജന്‍സി വാതിലിനു സമീപമെത്തിയ യാത്രക്കാര്‍ പുറത്തേ കാഴ്ചകള്‍ കണ്ടു നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
യാത്രക്കാരെല്ലാം പുറത്തെത്തി 30 സെക്കന്റിനകം വിമാനത്തിനകത്ത് പൊട്ടിത്തെറിയും നടന്നു. അപകടത്തില്‍പെട്ട വിമാനത്തിനകത്തുണ്ടായിരുന്ന ഏതോ യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലേക്കു പോസ്റ്റുചെയ്തത്. വിമാനത്തിനകത്തെ ദൃശ്യങ്ങളും പുറം ഭാഗത്തെ ദൃശ്യങ്ങളും ഉള്‍പ്പെടെ ഒരു മിനുട്ട് 49 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പാണ് യാത്രക്കാരന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.