ശബരിമല അയ്യപ്പ ക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും /അഡ്വ. എസ് അശോകന്
പണ്ട് ശബരിമല ക്ഷേത്രത്തിന് തീ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി സി കേശവന് പറഞ്ഞു `നന്നായി അത്രയും അന്ധവിശ്വാസം കുറയും`. ഇന്ന് പ്രളയം പമ്പ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ പലരും പറഞ്ഞു- `അയ്യപ്പന് ഇഷ്ടപ്പെടാത്തത് പലതും നടക്കുന്നതിന്റെ തിരിച്ചടിയാണ്`. തികച്ചും വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങളും വ്യത്യസ്തമായ വിശ്വാസങ്ങളുടെ മൂര്ത്തിമദ്്ഭാവമാണ്. പലര്‍ക്കും പലതരത്തിലാണ് വിശ്വാസങ്ങള്‍. ഏതെങ്കിലും ഒരു വിശ്വാസം ശരിയെന്നോ മറ്റൊന്ന് തെറ്റാണെന്നോ ആര്‍ക്കും പറയാനാവില്ല. വിശ്വാസം അങ്ങിനെയാണ്. വ്യത്യസ്തതയാണ് വിശ്വാസത്തിന്റെ മേല്‍ വിലാസം.
കേരളത്തില്‍ എമ്പാടും എത്രയോ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. മറ്റ് അയ്യപ്പ ക്ഷേത്രങ്ങള്‍ക്കൊന്നും ഇല്ലാത്ത പ്രസക്തിയും, പ്രാധാന്യവും, ആകര്‍ഷണീയതയും, ആഗോള ശ്രദ്ധയും ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന് കൈവന്നത് അതിന്റെ വ്യത്യസ്തത ഒന്നു കൊണ്ടു തന്നെയാണ്.
ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകള്‍ക്കും ദൈവസാന്നിദ്ധ്യത്തിനും വ്യത്യസ്തമായ ഭാവങ്ങള്‍ ഉണ്ട്. അതു കൊണ്ടു തന്നെ ഓരോ ക്ഷേത്രങ്ങളിലേയും പൂജാദികര്‍മ്മങ്ങളും, ആചാര അനുഷ്ഠനങ്ങളും വ്യത്യസ്തമാണ്.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളും, പൂജാ ക്രമങ്ങളും മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മാലയിട്ട് ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന വ്രതശുദ്ധിയോടെ മല ചവിട്ടി അയ്യപ്പദര്‍ശനം നടത്താന്‍ ജാതിയുടെ അതിര് വരമ്പുകളില്ല. അഹിന്ദുക്കള്‍ക്ക് ദര്‍ശനം അനുവദിക്കുന്ന അത്യപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മുഖ്യ സ്ഥാനമാണ് ശബരിമലക്ക്. ഗുരുവായൂരപ്പ ഭക്തനായ ഗാനഗന്ധര്വ്വന് യേശുദാസിന് ഗുരുവായൂരപ്പനെ ദര്‍ശിക്കന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും, അദ്ദേഹം എല്ലാവര്‍ഷവും മാലയിട്ട് വ്രതശുദ്ധിയോടെ മുടങ്ങാതെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്താനെത്തി കൊണ്ടിരിക്കുന്നു. അയ്യപ്പസ്വാമിയെ പാടി ഉറക്കുന്ന ഹരിവരാസനം ആലപിച്ചതും യേശുദാസ് തന്നെ.
അയ്യപ്പസ്വാമിയുടെ ഉറ്റതോഴനാണ് വാവര്. എരുമേലിയിലെ വാവരു പള്ളിയില്‍ പേട്ടതുള്ളി പ്രാര്‍ത്ഥിക്കാതെ കന്നി അയ്യപ്പന്മാര് ആരും തന്നെ ശബരിമല ചവിട്ടാറില്ല. മതമൈത്രിയുടെ ഉദാത്തമായ പ്രതീകമാണ് എന്നും എപ്പോഴും ശബരിമല അയ്യപ്പ ക്ഷേത്രം.
ശ്രീ. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെയാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശന സ്വാതന്ത്ര്യം കൈവന്നത്. വിശ്വ വിഖ്യാതമായ ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പും ശബരിമലയില്‍ അവര്‍ണരുടെ പ്രവേശനത്തിന് ഒരു വിലക്കും ഉണ്ടായിരുന്നില്ല.
ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ സമ്പന്നരെന്നോ, ദരിദ്രരെന്നോ ഉള്ള വിവേചനമോ, ജാതി, മത വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങളോ ഒന്നും ഇല്ലാതെ പരസ്പരം അഭിസംബോധന ചെയ്യുന്നത് അയ്യപ്പനെന്നും, മാളികപ്പുറമെന്നുമാണ്. സമഭാവനയുടെ പ്രതീകമാണ് ശബരിമല അയ്യപ്പ ക്ഷേത്രം.
ഇന്നും ഇന്നലെയും ഒന്നും അല്ല ശബരിമല വ്യത്യസ്തമായത്. കാലാതീത കാലം മുതല്‍ ശബരിമല എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമാണ്. ഇത്തരം വ്യത്യസ്തതകളൊന്നും ആരും ഇതുവരെ ഒരു കോടതിയിലും ചോദ്യം ചെയ്തിട്ടില്ല.
10 വയസ്സിനും 50 വയസ്സിനും ഇടക്കു പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്നുള്ള കീഴ്വഴക്കം ഭരണഘടനാ വിരുദ്ധമാണെന്ന പരാതിയുമായി ഇന്‍ഡ്യന്‍ യംഗ് ലോയേഴ്സ് അസ്സോസിയേഷനും മറ്റും ചേര്‍ന്ന് കേരള സര്‍ക്കാരിനേയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേയും, പത്തനംതിട്ട ജില്ലാ കളക്ടറേയും, എതിര്‍കക്ഷികളാക്കി സുപ്രീം കോടതിയില്‍ ബോധിപ്പിച്ച ഡബ്ല്യു പി സി 373/2006-ാം നമ്പര്‍ കേസ്സ് വാദത്തിനെടുത്തപ്പോള്‍ ഹര്‍ജി പിന്‍വലിക്കുവാന്‍ ഹര്‍ജിക്കാര്‍ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് കൈമാറുകയും അഭിഭാഷകരായ രാജു രാമചന്ദ്രന്, കെ രാമമൂര്‍ത്തി എന്നിവരെ അമിക്യസ് ക്യുറിയായി സുപ്രീം കോടതി നിയോഗിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള ഭരണഘടനാ ബെഞ്ച് കേസ്സില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷണങ്ങള്‍ പൊതു സമൂഹത്തില്‍ സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു.
യു ഡി എഫ് സര്‍ക്കാരും അന്നത്തെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ നിലപാടും മാറി. പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കണമെന്നാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നിലപാട്. മുന്‍ നിലപാട് തിരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം നിലപാട് അറിയിക്കും എന്നാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാട്.
എന്നാല്‍ കേരളത്തിലെ മുഖ്യ ഹൈന്ദവ സംഘടനകള്‍ എല്ലാം തന്നെ 10 വയസ്സിനും 50 വയസ്സിനും ഇടക്കു പ്രായമുള്ള സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കരുതെന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. വിചിത്രമെന്നോണം രാജ്യം ഭരിക്കുന്ന ബി ജെ പിയെ അനുകൂലിക്കുന്ന പത്ര മാധ്യമങ്ങള്‍ പ്രായ വ്യത്യാസമില്ലാതെ സ്ത്രികള്‍ക്ക് ശബരിമല ദര്‍ശനം അനുവദിക്കണമെന്ന വാദമുഖം നിരത്തി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
10 വയസ്സിനും 50 വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയാല്‍ എന്താണ് കുഴപ്പം എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളു. ദര്‍ശനം നടത്തിയില്ലെങ്കില്‍ എന്താണ് കുഴപ്പം.
കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള അയ്യപ്പ ക്ഷേത്രങ്ങളില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താന്‍ അനുവാദമുണ്ട്. കല്ലിലും, മുള്ളിലും, തൂണിലും, തുരുമ്പിലും സര്‍വ്വ ചരാചരങ്ങളിലും ദൈവമുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. അയ്യപ്പനെ ദര്‍ശിക്കാന്‍ ശബരിമലയില്‍ തന്നെ പോകണം എന്ന് ശഠിക്കുന്നതില്‍ യാതൊരു യുക്തിയുമില്ല. അരുതെന്നു പറഞ്ഞിട്ടും കേവലം ഒരു കൗതുകത്തിനു വേണ്ടി ശബരിമലയില്‍ പോകണം എന്ന് വാശി പിടിക്കുന്നവരുടെ ഉദ്ദേശ ശുദ്ധി സംശയാസ്പദമാണ്.
ഹജ്ജ് അനുഷ്ഠിക്കുന്നതിന് അപ്പുറം ഇസ്ലാം മതവിശ്വാസികള്‍ക്ക് മറ്റൊരു പുണ്യവും ഇല്ല. ഹജ്ജ് അനുഷ്ഠിച്ചിട്ടുള്ളവരേക്കാള് എത്രയോ മടങ്ങാണ് ഹജ്ജ് അനുഷഠിക്കാത്ത ഇസ്ലാം മതവിശ്വാസികള്‍. ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ പള്ളിയില്‍ നിസ്ക്കരിക്കുന്നത് പൊതുവില്‍ നിഷിദ്ധമാണ്. മുസ്ലിം സ്ത്രീകളെ എല്ലാ ദിവസവും പള്ളിയില്‍ പോയി നിസ്ക്കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമാനമായ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന പുകില് കണ്ടറിയേണ്ടതാണ്.
പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിസ്സ് മനുഷ്യസൃഷ്ടിയാണോ അല്ലയോ എന്ന തര്‍ക്കത്തെ സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ്സു വന്ന കാര്യം മറക്കാറായിട്ടില്ല. വിശ്വാസവും, ആചാര അനുഷ്ഠാനങ്ങളും ഒക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ആരും നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവം ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കത്തെ സംബന്ധിച്ച് കോടതിയില്‍ കേസ്സ് വരുന്നതു പോലെയാണ് ശബരിമലയെ സംബന്ധിച്ചുള്ള അനാവശ്യമായ തര്‍ക്കങ്ങളും വിവാദങ്ങളും.
ഇത്തരം അനാവശ്യമായ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കോടതികള്‍ വേദി ആകേണ്ടതുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യക്തികളേയും രാജ്യത്തേയും കാതലായി സ്പര്‍ശിക്കുന്ന ലക്ഷോപലക്ഷം കേസ്സുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടന്ന് ചിതലരിക്കുമ്പോഴാണ് അനാവശ്യ വ്യവഹാരങ്ങളും, ദിവസങ്ങളും. മാസങ്ങളും, വര്‍ഷങ്ങളും നീണ്ടു നീണ്ടു പോകുന്ന വാദ കോലാഹലങ്ങളും സമൂഹത്തെ ശ്വാസം മുട്ടിക്കുന്നത്. ഇതുകൊണ്ടൊക്കെ എന്തു ന�യാണ് രാജ്യത്തുണ്ടാകാന്‍ പോകുന്നത്?.
മാറിയ കാലഘട്ടത്തില്‍ ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ബ്രഹ്മചര്യവും, വ്രതാനുഷ്ഠാനങ്ങളും, പ്രത്യേക ഭക്ഷണ ക്രമങ്ങളും ഒക്കെ അസൗകര്യമാണെന്നും അതൊക്കെ അവസാനിപ്പിക്കണമെന്നും സൗകര്യം കിട്ടുമ്പോഴൊക്കെ ശബരിമല ദര്‍ശനം അനുവദിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് കോടതിയില്‍ കേസ്സു വന്നാലും, മറ്റ് ക്ഷേത്രങ്ങളില്‍ ഇല്ലാത്ത നിഷ്ഠകള്‍ ശബരിമലയില്‍ മാത്രം എന്തിനാണെന്ന് നിരീക്ഷണങ്ങള്‍ വന്നേക്കാം. ഹിന്ദു മത വിശ്വാസികള്‍ മരണമടഞ്ഞാല്‍ പുലയുള്ളവര്‍ 16 രാത്രി കഴിയാതെ ക്ഷേത്രത്തില്‍ പ്രവേശിക്കില്ല. ക്രിസ്തുമത വിശ്വാസികളും, ഇസ്ലാം മത വിശ്വാസികളും മൃതദേഹം പള്ളിയില്‍ കൊണ്ട് വെച്ചാണ് അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്. പള്ളികളില്‍ എന്നതു പോലെ ക്ഷേത്രങ്ങളിലും മൃതദേഹം കൊണ്ട് വെച്ച് അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ഹിന്ദുമത വിശ്വാസികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ കേസ്സുകള്‍ വന്നേക്കാം. അപ്പോഴും ഇത്തരം നിരീക്ഷണങ്ങള്‍ ഒക്കെ വന്നാല്‍ എന്താവും സ്ഥിതി.
സുപ്രീം കോടതിയില്‍ കേസ് കൊടുത്തത് ഇന്‍ഡ്യന്‍ യംഗ് ലോയേഴ്സ് അസ്സോസിയേഷന്റെ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാന് ആണ് എന്നത് ഏറെ കൗതുകകരമാണ്. ഉദാത്താമായ പൗരാവകാശത്തിന് ഇതിനപ്പുറം ഒരു തെളിവ് വേണോ?. ഹര്‍ജി പിന്‍വലിക്കാന്‍ അനുവാദം നിഷേധിച്ച കോടതിയുടെ ഉയര്‍ന്ന നീതി ബോധവും മഹത്തരം തന്നെ. എന്നാല്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം അനുവദിച്ച് പൗരാവകാശവും നീതിന്യായ കോടതിയുടെ മഹത്വവും ഒന്നും ആരേയും ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല.
ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്ഥമായ ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഉണ്ടായാല്‍ ആര്‍ക്ക് എന്ത് ചേതം?. ആരും ആരേയും ഒന്നിനും നിര്‍ബന്ധിക്കേണ്ട കാര്യവും ഇല്ല. ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രം എന്തിന് കോലാഹലം?. കോടതിക്ക് മറ്റൊരു പണിയും ഇല്ലേയെന്ന് എന്തിന് ആരേയെങ്കിലുമൊക്കെ കൊണ്ട് ചോദിപ്പിക്കണം?. ശബരിമല അയ്യപ്പ ക്ഷേത്രം എല്ലാ വ്യത്യസ്തതകളോടെയും അങ്ങിനെ തന്നെ നിലനില്ക്കട്ടെ!. തനതായ വ്യത്യസ്തത ഇല്ലാതായാല്‍ ശബരിമല അയ്യപ്പ ക്ഷേത്രവും കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ഒരു സാധാരണ അയ്യപ്പ ക്ഷേത്രമായി മാറും. അങ്ങനെ ആവരുതെന്നാണ് അയ്യപ്പഭക്തരായ മഹാഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുന്നത്.
06-09-2018
അഡ്വ. എസ് അശോകന്
(ലേഖകന്‍ മുന്‍ ഇടുക്കി ജില്ലാ ഗവണ്മെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യുട്ടറുമാണ്).
phone/9645579795