വിദേശ സഹായത്തിൽ വീണ്ടും കേന്ദ്രത്തിന്റെ ഉടക്ക്: മന്ത്രിമാരുടെ യാത്രകൾക്ക് ഉടനടി അനുമതി നൽകില്ല
ന്യൂഡൽഹി: കാലവർഷക്കെടുതിയെ തുടർന്നുള്ള പുനരധിവാസ, പുനർ നിർമാണ പ്രവർത്തനങ്ങൾക്കുള്ള വിഭവ ശേഖരണാർഥം സംസ്ഥാന മന്ത്രിമാർ വിദേശ രാജ്യങ്ങൾ സന്ദർശിക്കാനിരിക്കെ വീണ്ടും തടസവാദങ്ങളുമായി കേന്ദ്രസർക്കാർ. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന വിദേശ രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച ശേഷം മാത്രം സംസ്ഥാന മന്ത്രിമാർക്ക് യാത്രാനുമതി നൽകിയാൽ മതിയെന്ന നിലപാടിലാണ് കേന്ദ്രം. വിദേശത്തു നിന്നു സഹായം സ്വീകരിക്കേണ്ടെന്ന നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വിലയിരുത്തി.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ഇതര വിദേശ ഫണ്ട് വാങ്ങുന്നതിന് തടസമില്ലെന്നും കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ട്രസ്റ്റുകളിലോ വ്യക്തികളിലോ നിന്നോ സഹായം സ്വീകരിക്കാവുന്നതാണെന്നും വ്യക്തമാക്കി.
സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ഒമാൻ, ബഹറൈൻ, ഖത്തർ, സിങ്കപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ, ജർമ്മനി, അമെരിക്ക, കാനഡ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽ നിന്നും വിഭവ സമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഒരു മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം ഒക്റ്റോബറിലാണ് വിദേശ യാത്ര പദ്ധതിയിട്ടിരുന്നത്.