ഒറ്റുകാരനായി മാറിയ പൊലീസുകാരൻ; ബിഷപ്പിനെ സഹായിക്കാൻ കന്യാസ്ത്രീയുടെ പരാതി സ്വീകരിച്ചില്ല
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസുകാർ ഒളിച്ചു കളിക്കുന്നതിനിടെ പുതിയ വിവരങ്ങളും പുറത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കെനെതിരെ പരാതി നൽകാനെത്തിയ കന്യാസ്ത്രീയെ കുറവിലങ്ങാട്ടെ പൊലീസുകാരൻ തന്ത്രപൂർവ്വം മടക്കി അയക്കുകയും പിന്നീട് ബിഷപ്പിനെ വിവരം അറിയിക്കുകയും ആയിരുന്നു.
ഇതോടെ ബിഷപ്പ് ആദ്യം കോട്ടയം ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു.തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും വധഭീഷണിയുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ പരാതി. കന്യാസ്ത്രീ തനിക്കെതിരെ ആരോപണം ഉന്നയിക്കുമെന്ന് മുന്നിൽ കണ്ട് ബിഷപ്പ് നടത്തിയ നീക്കം ചില പൊലീസുകാരുടെയും സഭയിലെ ചില പ്രമാണിമാരുടെയും ഒത്താശയോടെയാണെന്നും മെട്രൊ വാർത്ത നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
പിന്നീട് ബിഷപ്പിനെ സഹായിച്ച പൊലീസുകാരനെ കുറവിലങ്ങാട് നിന്ന് കോട്ടയം ഡിസിആർബിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും ഇത് വരെയും ജോയിൻ ചെയ്തിട്ടില്ല. കോട്ടയത്തെയും കാഞ്ഞിരപ്പള്ളിയിലെ ചില ഉന്നതരുടെ ഇഷ്ടക്കാരൻ കൂടിയായ പൊലീസുകാരന്റെ നേതൃത്വത്തിലാണ് ബിഷപ്പിനെതിരായ കേസ് ഒതുക്കി തീർക്കുവാനുള്ള ശ്രമം ആരംഭിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
സഭയിൽ നിന്ന് നീതി കിട്ടാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നാണ് കന്യാസ്ത്രീ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ബിഷപ്പ് ക്രൂരമായ പീഡനം നടത്തിയെന്ന് പരാതി നൽകിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് അറസ്റ്റിലേക്ക് കടന്നിട്ടില്ല.
ജലന്ധറിൽ എത്തി ബിഷപ്പിനെ ചോദ്യം ചെയ്ത് എങ്കിലും ബിഷപ്പ് കന്യാസ്ത്രീക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ മാത്രമാണ് ശ്രദ്ധ കാണിച്ചത്. ഇതിനിടെ ബിഷപ്പ് നൽകിയിരിക്കുന്ന പല മൊഴിയിലും പൊരുത്തക്കേടുകൾ കണ്ടെത്തുകയും ചെയ്തു. പീഡനക്കേസിൽ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം അറസ്റ്റ് ചെയ്യാമെന്നരിക്കെയാണ് പൊലീസിന്റെ ഒളിച്ചുകളി തുടരുന്നത്.
ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തന്നെയായിരുന്നു അന്വേഷണ സംഘത്തിന്റെ ജലന്ധര്‍ യാത്ര. എന്നാല്‍ ഉന്നതതല ഇടപെടല്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കി. ബിഷപ്പിന്റെ മൊഴി കൂടി പരിശോധിച്ച ശേഷം നടപടി മതിയെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം.
കന്യാസ്ത്രീ പീഡനത്തിനിരയായ 2014 മെയ് അഞ്ചിന് കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ഇതേ ദിവസം തൊടുപുഴ മുതലക്കോടത്തെ മഠത്തിലാണെന്നായിരുന്നു വിശദീകരണം. ഇതെല്ലാം തെറ്റാണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉന്നതഇടപെടലുകള് മൂലം ഇപ്പോഴും അറസ്റ്റ് വൈകുകയാണ്.