ഒഴിവാക്കാമായിരുന്നു ഈ ദുരന്തം; പി ടി തോമസ് മനസ് തുറക്കുന്നു
ഗാഡ്ഗിൽ റിപ്പോർട്ടിനെ പ്രതികൂലിച്ച കേരളത്തിനു മുന്നിൽ നട്ടെല്ലു നിവർത്തി അതിനായി വാദിച്ച ഒരേയൊരു ജനനായകനേ നമുക്കുള്ളൂ- പി.ടി. തോമസ്. അശാസ്ത്രീയമായ വനവത്കരണവും വ്യവസായവത്കരണവും വികസനവത്കരണവും മൂലം ഇന്നു നാമനുഭവിക്കുന്ന പ്രളയക്കെടുതിയിൽ അദ്ദേഹത്തിനെന്താണു പറയാനുള്ളത്? മെട്രൊ വാർത്തയോടു പി.ടി. തോമസ് മനസു തുറക്കുന്നു.
? ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാട് എടുത്ത ഏക ജനപ്രതിനിധിയാണു താങ്കൾ. ഈ പ്രത്യേക സാഹചര്യത്തിൽ ഗാഡ്ഗിലിന്റെ പ്രസക്തി?
പശ്ചിമഘട്ടത്തെ സംരക്ഷിക്കാനായി തയാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് പരിസ്ഥിതിക്കും മനുഷ്യനും ഇണങ്ങുന്ന ഒരു നല്ല വിദ്യാഭ്യാസമായിരുന്നു. ചെറിയനദികൾ, തീരങ്ങൾ, തോടുകൾ ,പുഴകൾ, നീരുറവകൾ തുടങ്ങിയവയുടെ സംരക്ഷണം, വൃക്ഷസംരക്ഷണം തുടങ്ങിയവയിൽ അധിഷ്ഠിതമായ ആ പഠനം ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുതകുന്നതായിരുന്നു. ഏകദേശം 300 വർഷത്തോളം മൂന്നാറിലുണ്ടായിരുന്ന ബ്രിട്ടീഷുകാർ അവിടെയെങ്ങും ഒരു രണ്ടുനില കെട്ടിടം പോലും നിർമിക്കാതിരുന്നത് കുത്തനെയുള്ള പ്രദേശത്തിന് അത് അഭികാമ്യമല്ലാത്തതു കൊണ്ടു തന്നെയാണ്. രാജഭരണകാലത്ത് തോട്, റോഡ് പുറമ്പോക്കുകൾ സംരക്ഷിച്ചതും ആ ഉദ്ദേശ്യത്തിലാണ്. എന്നാൽ ഇപ്പോൾ, അതിനു കടകവിരുദ്ധമാണു കാര്യങ്ങൾ. കിഴുക്കാം തൂക്കായ മേഖലകളിൽ ധാരാളം വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചാൽ മണ്ണൊലിപ്പു തടയാം. അവിടങ്ങളിൽ തന്നാണ്ടു കൃഷി പാടില്ല എന്നു ഗാഡ്ഗിൽ പറഞ്ഞതിനെ വളച്ചൊടിച്ച് കപ്പ നടാനനുവദിക്കാത്ത റിപ്പോർട്ടെന്നും മറ്റും ജനങ്ങളുടെ ഇടയിൽ അപവാദപ്രചരണമുണ്ടാക്കി ഗാഡ്ഗിലിനെ തുരത്തുകയാണുണ്ടായത്. എന്നാൽ കാര്യങ്ങൾ മറിച്ചായിരുന്നു, ഗാഡ്ഗിൽ നിർദേശിച്ച പ്രകാരം കാര്യങ്ങൾ വന്നിരുന്നെങ്കിൽ കാർഷികോൽപന്നങ്ങൾക്കു കൂടുതൽ വില കിട്ടിയേനെ.
? ഡാമുകളുടെ കാര്യത്തിൽ നമ്മൾ കാണിച്ച ഉദാസീനതയാണ് പ്രളയകാരണമെന്ന വാദമുയരുന്നുണ്ടല്ലോ.
എൺപതു വർഷം കഴിഞ്ഞ ഡാമുകൾ ഡീ കമ്മീഷൻ ചെയ്യണമെന്ന് ഗാഡ്ഗിൽ പറഞ്ഞതു ചെയ്തിരുന്നെങ്കിൽ അതു കേരളത്തിന് എത്ര ഉപകാരമായേനെ. ഡാമുകൾ ജലസംഭരണിയാകണമെന്ന് ആവർത്തിച്ചു പറഞ്ഞു ഗാഡ്ഗിൽ. നമ്മൾ ഡാമുകളെ ഇലക്ട്രിസിറ്റി ഉൽപാദനത്തിനുള്ള മാർഗം മാത്രമായി കണ്ടു. അതാണ് വൻപ്രളയത്തിനു മുഖ്യകാരണം. കാലവർഷത്തിൽ ഇടുക്കിഡാം തുറന്നു വിടേണ്ടിയിരുന്നു. വർഷകാലത്ത് ഡാമുകൾ നിറയ്ക്കാൻ പാടില്ല. മലവെള്ളം വന്നപ്പോഴും ഇടമലയാർ പിടിച്ചു നിർത്തി. പറമ്പിക്കുളത്തെ വെള്ളം തമിഴ്നാടുമായി ചർച്ച നടത്തി അവിടേയ്ക്ക് ഒഴുക്കി വിടേണ്ടിയിരുന്നു. അതിനു പകരം കേരള ഷോളയാറിലേക്ക് ഒഴുക്കി അത് പെരിങ്ങൽക്കുത്തു ഡാമിലെത്തി അവിടെ നിന്നു ചാലക്കുടി പുഴയിലെത്തി. ആളിയാറിലെ വെള്ളവും പെരിങ്ങൽക്കുത്തിലേക്കും പിന്നീട് അവിടെ നിന്ന് ഇടമലയാറിലേക്കുമൊഴുക്കി ചാലക്കുടി പുഴയിലെത്തി...പിന്നീടുണ്ടായതു നമ്മൾ അനുഭവിച്ച കാര്യം...
മൂന്നാറിൽ ലോവർപെരിയാറ്റിൽ വന്ന് പെരിയാറുമായി യോജിക്കേണ്ടിയിരുന്ന ആനയിറങ്കൽ , പള്ളിവാസൽ, കുണ്ടള, കല്ലാർകുട്ടി തുടങ്ങി ആറേഴു ഡാമുകളുണ്ട്. ഇതിലെയൊക്കെ വെള്ളം ഭൂതത്താൻ കെട്ടിലേക്ക് ഒഴുക്കിയതാണ് പെരിയാർ കവിഞ്ഞു ദുരന്തമായത്. താഴെയുള്ള ചെറിയ അണക്കെട്ടുകൾ മറ്റു പല വഴിക്കും തുറന്നു വിടാനാകുമായിരുന്നു. അതു ചെയ്തിരുന്നെങ്കിൽ ഈ ദുരന്ത കാഠിന്യം കുറയ്ക്കാമായിരുന്നു.
? മലവെള്ളത്തെ നിയന്ത്രിക്കുന്നതിൽ കൂടുതൽ പക്വത വേണ്ടിയിരുന്നു എന്നു വിമർശനമുണ്ടല്ലോ.
വെള്ളം തുറന്നു വിട്ടത് പകലായിരുന്നില്ല, രാത്രിയിലായിരുന്നു എന്നതാണ് റാന്നിയിലും മറ്റും സംഭവിച്ചത്. വെള്ളം വരുന്നത് അറിഞ്ഞില്ല എന്നു റാന്നി എംഎൽഎ പറഞ്ഞപ്പോൾ കെഎസ്ഇബി യിൽ നിന്ന് അതിനു നൽകിയ മറുപടി കമ്യൂണിക്കേഷൻ സൗകര്യമില്ലായിരുന്നു എന്നതാണ്. അതു കളവാണ്. ശബരിഗിരിയിലെ വെള്ളമാണ് റാന്നിയെ മൂന്നുനാലു ദിവസം വെള്ളത്തിലാക്കിയത്. വൈദ്യുതിബന്ധമില്ലെങ്കിലും ഫോൺ കണക്ഷനില്ലെങ്കിലും ബോർഡിന് അവിടെയൊക്കെ ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് സൗകര്യവും കാരിയർ ടെലിഫോൺ സിസ്റ്റവുമൊക്കെയുണ്ട്. അതൊക്കെ ഉപയോഗിക്കാമായിരുന്നു.
കൊച്ചുപമ്പയിൽ നിന്നു മൂഴിയാർ പവർസ്റ്റേഷനിലേക്ക് എക്സ്പ്രസ് ലൈനുണ്ട്. വേണ്ട സമയത്ത് ഉപയോഗിച്ചില്ലെന്നു മാത്രം. ദീർഘവീക്ഷണമില്ലാത്ത പ്രതിരോധ നടപടികളാണ് കൂടുതൽ അവതാളത്തിലാക്കിയത്. ദുരിതാശ്വാസ ക്യാമ്പുകളിലടക്കം വെള്ളംകയറിയതും വെള്ളപ്പൊക്കം അനൗൺസ് ചെയ്യാൻ കെഎസ്ഇബി അയച്ച വാഹനങ്ങൾ വെള്ളത്തിലായതുമെല്ലാം അതിനുദാഹരണമാണ്.
? ഡാമുകളെക്കുറിച്ചുള്ള പഠനങ്ങൾ പ്രയോജനപ്പെടാതിരുന്നത് എന്തുകൊണ്ടാകാം.
ലോകമെമ്പാടും ഡാം ബ്രേക്കിങ് അനലൈസിങ് നടത്തി അവയ്ക്കു നാശമുണ്ടായാലെന്തു സംഭവിക്കുമെന്ന് പഠനങ്ങളുണ്ട്. നമ്മുടെ മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളെക്കുറിച്ചും ഇത്തരം പഠനങ്ങളുണ്ട്. അതൊന്നും ആരും ശ്രദ്ധിച്ചില്ല. എന്തൊക്കെ മുൻകരുതൽ വേണമെന്നുമുള്ള പഠനങ്ങളെ പൂർണമായി അവഗണിച്ചത് ശരിയായില്ല.
? നാഷനൽ ഡിസാസ്റ്റർ മാനെജ്മെന്റ് പഠനങ്ങൾ നമ്മൾ എത്രത്തോളം നടപ്പിലാക്കിയിട്ടുണ്ട്.
നാഷനൽ ഡിസാസ്റ്റർ മാനെജ്മെന്റ് പഠനങ്ങൾ വേണ്ടപോലെ അനുവർത്തിച്ചിരുന്നെങ്കിൽ ജനസംരക്ഷണം കുറച്ചു കൂടി ശാസ്ത്രീയമാക്കാമായിരുന്നു. അവരുടെ പഠനങ്ങളിൽ ഇത്തരം ദുരന്തങ്ങൾ വരുമ്പോൾ ജനങ്ങൾക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങളും മുന്നൊരുക്കങ്ങളും പ്രത്യേകം പറയുന്നുണ്ട്. അതാരും അനുവർത്തിച്ചില്ല. അതാണ് ക്യാമ്പുകളിലടക്കം വെള്ളം കയറാൻ ഇടയാക്കിയതും ഇത്രയധികം നഷ്ടം ഈ ദുരന്തത്തിലുണ്ടായതും.
? പാറമടകളുടെ കാര്യത്തിൽ വളരെയധികം എതിർപ്പ് താങ്കൾക്കു നേരിടേണ്ടി വന്നിരുന്നല്ലോ.
ഗാഡ്ഗിൽ പറഞ്ഞത് എല്ലാ പാറകളുമെന്നല്ല, അതീവലോല മേഖലയിലെ പാറകൾ പൊട്ടിക്കുന്നതിൽ നിയന്ത്രണം വേണമെന്നാണ്. നോക്കൂ, ഗാഡ്ഗിൽ പറഞ്ഞതു തന്നെല്ലേ നടന്നിരിക്കുന്നത്? കൂടുതലും ദുരന്തങ്ങളുണ്ടായത് ഗാഡ്ഗിലിനെ എതിർത്തുണ്ടാക്കിയ പാറമടകളുള്ള വാഗമണ്ണിലും മറ്റുമല്ലേ? ശ്രദ്ധിച്ചിരുന്നെങ്കിൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇനിയെങ്കിലും ഇക്കാര്യങ്ങളിൽ മനസിരുത്തണം.