കണ്ണുകളെ സംരക്ഷിക്കാം
കാഴ്ചയുടെ ജാലകങ്ങളാണു കണ്ണുകൾ. മനുഷ്യന്റെ എല്ലാ വിചാരവികാരങ്ങളും കണ്ണുകളിലും അലയടിക്കുന്നു. വളരെയേറെ പ്രാധാന്യത്തോടെ സംരക്ഷണം നൽകേണ്ട അവയവം കൂടിയാണു കണ്ണുകൾ. ചെറിയൊരു അശ്രദ്ധ പോലും കാഴ്ച്ചശക്തിയെ ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ കണ്ണുകളെ സംരക്ഷിക്കേണ്ടത് അത്രയേറെ ആവശ്യമാണ്. ഈ അത്ഭുത അവയവത്തെക്കുറിച്ചു കൂടുതൽ മനസിലാക്കാം.
അസ്ഥികൊണ്ടു നിർമിക്കപ്പെട്ട രണ്ടു വൃത്താകാരമായ കുഴികളാണ് കണ്ണുകളുടെ സുരക്ഷിതസ്ഥാനം. നേത്ര കോടരം എന്നാണിത് അറിയപ്പെടുന്നത്. എപ്പോഴും തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കണ്പോളകള്കൊണ്ട് കണ്ണുകളെ പൊതിഞ്ഞിരിക്കുന്നു. കണ്പോളകളുടെ അരികുകളിലുള്ള രോമങ്ങള്‍ (കണ്പീലികൾ) അന്തരീക്ഷത്തിലുള്ള പൊടികളും കുഞ്ഞുപ്രാണികളും കണ്ണിലെത്താതെ തടയുന്നു. കണ്ണിലെത്തിയാല്‍ തന്നെ അതിനെ കഴുകിക്കളയാനുള്ള കണ്ണുനീര് ഉത്പാദിപ്പിക്കാനുള്ള പ്രത്യേക സംവിധാനവുമുണ്ട്. കണ്ണുനീര് ചെറിയ അളവില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അവ ഇടയ്ക്കിടെ കണ്ണില്‍ പുരട്ടാനുള്ള വിദ്യയാണു നിരന്തരമായ കണ്ണുചിമ്മൽ. തലയില്‍നിന്നും ഒഴുകിവരുന്ന ചൂടുള്ള വിയര്പ്പുകണങ്ങളെ പുരികമാകുന്ന വരമ്പുകള്‍ വഴിതിരിച്ചുവിടുന്നു.
കാഴ്ച എന്ന അത്ഭുതം
ഒരു സാധാരണക്യാമറപോലെ എന്നാല്‍ അതിനേക്കാള്‍ സങ്കീർണമായ രീതിയിലാണ് ഓരോ കാഴ്ചയും കണ്ണുകള്‍ ഒപ്പിയെടുക്കുന്നത്. നമ്മള് ഒരു പൂവിനെ കാണുകയാണെന്നു കരുതുക. പൂവില്ത്തട്ടി പ്രതിഫലിക്കുന്ന പ്രകാശം കണ്ണിന്റെ മുന്‍ഭാഗത്തുള്ള സ്ഫടികതുല്യമായ കോര്‍ണിയ എന്ന സ്തരം കടന്ന് മിഴിപടലം എന്ന ഐറിസിലെത്തുന്നു. ഐറിസിന്റെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ഒരു ദ്വാരമുണ്ട്. ഇതാണു കൃഷ്ണമണി. ലെന്‍സിലേക്കുള്ള വാതിലാണ് ഐറിസ്. നല്ല പ്രകാശമുള്ളപ്പോള്‍ ഐറിസ് തന്റെ യവനിക വിടര്‍ത്തി ലെന്‍സിലേക്കുള്ള ദ്വാരം ചെറുതാക്കുന്നു. പ്രകാശം കുറവുള്ള സമയത്തോ, യവനിക ചുരുക്കി ദ്വാരം വലുതാക്കി കൂടുതല്‍ പ്രകാശത്തെ കടത്തിവിടുന്നു. നല്ല പ്രകാശമുള്ള മുറ്റത്തുനിന്നു വെളിച്ചം കുറഞ്ഞ വീടിനുള്ളിലേക്കു പ്രവേശിക്കുമ്പോള്‍ അൽപ്പനേരം കാഴ്ച മങ്ങാനുള്ള കാരണം ഇതാണ്. ലെന്‍സിലൂടെ കണ്ണിന്റെ പിന്നിലുള്ള റെറ്റിന എന്ന തിരശീലയില്‍ കൂടിച്ചേരുന്ന പ്രകാശരശ്മികള്‍ പൂവിന്റെ തലതിരിഞ്ഞ രൂപമാണ് ഇവിടെ ഉണ്ടാക്കുന്നത്. റെറ്റിനയിലുള്ള അനേകലക്ഷം നാഡികള്‍ ഇതിനെ തലച്ചോറിലെത്തിക്കും. തലച്ചോറ് അതിനെ വിശകലനം ചെയ്ത് ശരിയായ വലിപ്പത്തിലും നിറത്തിലും നമ്മെ മനസിലാക്കിത്തരുന്നു. റെറ്റിനയില്‍ പതിക്കുന്ന പ്രതിച്ഛായ വിശകലനം ചെയ്യാനായി തലച്ചോര്‍ കാല് സെക്കൻഡോളം സമയം എടുക്കുന്നുണ്ടത്രേ. കണ്ണുചിമ്മുമ്പോഴും അത് കാഴ്ചയ്ക്ക് തടസമായി മാറാത്തതിനുള്ള കാരണം ഇതാണ്. രണ്ടുകണ്ണുകളിലുമായി വസ്തുക്കളുടെ രണ്ടു പ്രതിബിംബമുണ്ടാവുന്നുണ്ടെങ്കിലും അവയെ കൂട്ടിച്ചേര്‍ത്ത് ഒന്നായി അനുഭവപ്പെടുത്തുന്നതും തലച്ചോര്‍ തന്നെയാണ്.
കണ്ണ് ചിമ്മാതെ അറിയാം
ഒരാള്‍ ഒരു മിനിട്ടില്‍ പതിനൊന്നു പ്രാവശ്യമെങ്കിലും കണ്ണുകള്‍ ചിമ്മുന്നുണ്ട്. എന്നാല്‍ നമ്മുടെ കാഴ്ചയുടെ തുടര്‍ച്ചയെ ഇതു തടസപ്പെടുത്തുന്നുമില്ല. കണ്ണുചിമ്മുന്നതില് പുരുഷന്മാരും സ്ത്രീകളും തമ്മിൽ അൽപ്പം വ്യത്യാസമുണ്ട്. രണ്ടു കണ്ണുചിമ്മലുകള്ക്കിടയില് ഉള്ള ഇടവേള പുരുഷന്മാരില് 2.8 സെക്കൻഡും സ്ത്രീകളില്‍ 4 സെക്കൻഡുമാണ്.
കണ്ണിന്റെ ഭക്ഷണം
പരമ്പരാഗത ഭക്ഷണരീതിയില്‍ നിന്നുള്ള മാറ്റം മനുഷ്യന്റെ കാഴ്ചത്തകരാറിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചക്ക, മാങ്ങ, വാഴപ്പിണ്ടി, വാഴക്കൂമ്പ്, മത്തയില, ചേമ്പിന്താൾ, മുരിങ്ങയില, തകരയില, തവിടുകളയാത്ത അരി വിവിധപഴവര്ഗങ്ങള് എന്നിവയെല്ലാം കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഒരുദിവസം ഒരു കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കണ്ണിന്റെ കാഴ്ച കൂട്ടാന്‍ സഹായിക്കും.
കണ്ണിനുവേണ്ട വിറ്റാമിനുകള്‍
വിറ്റാമിന്‍ എ
നിശാന്ധത എന്ന രോഗത്തിനു കാരണം വിറ്റാമിന്‍ എയുടെ കുറവാണ്. പാല്, വെണ്ണ, നെയ്യ്, മാംസം, മുട്ടയുടെ മഞ്ഞക്കുരു, മഞ്ഞനിറമുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികള്‍ എന്നിവയിലെല്ലാം വിറ്റമില്‍ എ ധാരാളമുണ്ട്.
വിറ്റാമിന്‍ സി
തിമിരത്തില്നിന്നു ഗ്ലോക്കോമയില്‍ കണ്ണിനെ രക്ഷിക്കാന്‍ വിറ്റമിന്‍ സി പ്രധാന പങ്കുവഹിക്കുന്നു. ഒരു ദിവസം 40 മി.ഗ്രാം വിറ്റമിന്‍ സി നമുക്ക് ആവശ്യമാണ്. നെല്ലിക്ക, നാരങ്ങ, തക്കാളി, പേരയ്ക്ക, കാബേജ്, ചീര, മുരിങ്ങയില, പുളിരസമുള്ള പഴങ്ങള്‍ എന്നിവയില്‍ ധാരാളം വിറ്റമിന്‍ സി ഉണ്ട്.
വിറ്റാമിന്‍ ഇ
തിമിരത്തില്നിന്നു മാകുലര്‍ ഡി ജനറേഷനില്‍നിന്നും കണ്ണിനെ സംരക്ഷിക്കുന്ന മറ്റൊരു വിറ്റമിനാണ് വിറ്റമിന്‍ ഇ. പച്ചനിറമുള്ള ഇലക്കറികളിലും അണ്ടിപ്പരിപ്പുകളിലും സസ്യഎണ്ണകളിലും ഇത് ധാരാളമുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍
ഒമേഗ 3 ഫാറ്റി ആസിഡ് അഥവാ കൊഴുപ്പ് കണ്ണിന്റെ വരള്‍ച്ച കുറയ്ക്കുന്നു. മത്തി, അയില തുടങ്ങിയ മത്സ്യങ്ങളില്‍ ഇത് ധാരാളം അടങ്ങിയിരിക്കുന്നു.
സെലിനിയവും സിങ്കും
ധാതുലവണങ്ങളായ സെലിനിത്തിന്റെയും സിങ്കിന്റെയും കുറവും കാഴ്ചക്കുറവിനു കാരണമാകും. മത്സ്യം, മുട്ട, നിലക്കടല, കക്ക, കല്ലുമ്മക്കായ, ചെമ്മീൻ, കൊഞ്ച് എന്നിവയില്‍ ഇവ അടങ്ങിയിട്ടുണ്ട്.
രാത്രിക്കാഴ്ചയ്ക്ക് പിന്നിൽ
കണ്ണിന്റെ ദൃഷ്ടിപടലം അഥവാ റെറ്റിനയില്‍ ലക്ഷക്കണക്കിനു പ്രകാശഗ്രാഹികളുണ്ട്. ഇവ രണ്ടുതരമുണ്ട്. ഒന്ന് വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാന്‍ സഹായിക്കുന്ന റോഡുകോശങ്ങള്‍. മങ്ങിയ വെളിച്ചത്തിലും നമ്മെ കാണാന്‍ സഹായിക്കുന്നത് ഈ റോഡുകോശങ്ങളാണ്. രണ്ടാമത്തേതു കോണ്‍കോശങ്ങൾ. നിറങ്ങള്‍ കാണുന്നതിനും നല്ല പ്രകാശമുള്ളപ്പോള്‍ കാണുന്നതിനും നമ്മെ സഹായിക്കുന്നതു കോണ്‍കോശങ്ങളാണ്. മൂങ്ങയുടെ ദൃഷ്ടിപടലത്തില്‍ കോണ്കോശങ്ങളില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ച നല്കുന്ന റോഡ് കോശങ്ങള്‍ മാത്രമേയുള്ളൂ. ഇവയാകട്ടെ മനുഷ്യരുടെ കണ്ണുകളിലുള്ളതിനേക്കാള് വളരെ കൂടുതലുണ്ടുതാനും. അതുകൊണ്ടാണ് തീവ്രപ്രകാശമുള്ള പകല്‍സമയങ്ങളില്‍ മൂങ്ങകള്‍ക്ക് കാഴ്ച കുറവായിരിക്കുന്നത്. രാത്രി നന്നായി കാണുകയും ചെയ്യും.
ചെങ്കണ്ണ്
കണ്ണിന്റെ വെള്ളയിലും കണ്പോളകളുടെ ഉള്ളിലും വളരെ നേർത്തൊരു പാടയുണ്ട്. കണ്ണിനു സംരക്ഷണം നല്കുന്ന ഈ പാടയാണു കണ്ജൈൻടിവ. കൺജൈൻടിവയിലുണ്ടാകുന്ന അണുബാധയാണു ചെങ്കണ്ണ്. ബാക്റ്റീരിയ, വൈറസ് ബാധമൂലവും അലര്‍ജികൊണ്ടും ചെങ്കണ്ണുവരാം. തരിമണല്‍ കണ്ണില്‍ വീണതുപോലുള്ള തരിതരിപ്പാണു ചെങ്കണ്ണിന്റെ ആദ്യലക്ഷണം. കുറച്ചുസമയങ്ങള്ക്കകം കണ്ണുകള്‍ ചുവന്നു തുടുക്കും. അണുബാധയുണ്ടായിക്കഴിയുമ്പോള് നമ്മുടെ പ്രതിരോധസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അമിതരക്തപ്രവാഹമാണു കണ്ണ് ചുവക്കാന്‍ കാരണം. കണ്ണുനീര്‍പ്രവാഹം, കണ്ണില്‍ പീളകെട്ടുക, കണ്പോള ചുവന്നുതുടക്കുക എന്നീ ലക്ഷണങ്ങളും പിന്നീടുണ്ടാകും. കണ്ണിലെ തരിപ്പ് കാരണം അറിയാതെ തിരുമ്മുന്നതു കൃഷ്ണമണിയില്‍ ചെറിയ പോറലുണ്ടാകാനും അവിടെ അണുബാധയ്ക്കും കാരണമാകുന്നു.
ഡോക്റ്ററെ കാണിച്ച ആന്റിബയോട്ടിക് തുള്ളിമരുന്നുകള്‍ കണ്ണിലൊഴിക്കുന്നതോടൊപ്പം ദിവസവും ഇടവിട്ട് 6-8 തവണയെങ്കിലും കണ്ണ് ശുദ്ധമായ പച്ചവെള്ളത്തില്‍ കഴുകണം. ഇത് രോഗം പെട്ടെന്ന് കുറയാന്‍ സഹായിക്കും. കണ്ണില്‍ പീള അടിഞ്ഞിട്ടുണ്ടെങ്കില്‍ ശുദ്ധജലത്തില്‍ തുണിമുക്കി സാവധാനം തുടച്ച് പീള ശല്യം അകറ്റാം. ചെങ്കണ്ണുള്ളവര്‍ കൂളിങ് ഗ്ലാസ് വയ്ക്കുന്നതു കണ്ണിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാനും പൊടി ഏശാതെ സൂക്ഷിക്കാനും നല്ലതാണ്.
ചെങ്കണ്ണ് വരാതെ സൂക്ഷിക്കാന്‍
കൈകള്‍ ഇടയ്ക്കിടെ നന്നായി കഴുകി വൃത്തിയാക്കുക.
ഓരോ മണിക്കൂറിലും കണ്ണുകള്‍ ശുദ്ധ ജലത്തില്‍ നന്നായി കഴുകുക. രോഗിയുടെ ടവൽ, തോര്‍ത്ത്, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. യാത്രയിലും മറ്റും കൈ കൊണ്ട് കണ്ണുതിരുമ്മാതിരിക്കുക.
കണ്ണിന്റെ ആരോഗ്യം
കണ്ണിലെ കൃഷ്ണമണിപോലെ... എന്നാണ് ചൊല്ല്. കണ്ണിനുകൊടുക്കേണ്ട പ്രാധാന്യമാണ് ഈ ചൊല്ല് നമ്മെ ഓർമിപ്പിക്കുന്നത്. അൽപ്പം ശ്രദ്ധ നല്കുകയാണെങ്കില് കണ്ണിന്റെ ആരോഗ്യം എന്നെന്നും നിലനിര്‍ത്താം.ഉറങ്ങാന്‍ പോകുന്നതിനു മുൻപും ഉറങ്ങിയെണീറ്റതിനുശേഷവും കണ്ണുകള്‍ തണുത്തവെള്ളത്തില്‍ കഴുകുക.
വായ്ക്കകത്ത് വെള്ളം നിറച്ചു വച്ചശേഷം കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതു കണ്ണുകള്‍ക്ക് ഊര്‍ജസ്വലത നല്‍കും. കണ്ണില്‍ കരടുപോയാല്‍ വൃത്തിയുള്ള നനഞ്ഞ തുണികൊണ്ടോ കോട്ടണ്‍ കൊണ്ടോ ഒപ്പിയെടുക്കുക. ഒരു കാരണവശാലും കണ്ണു തിരുമ്മരുത്. കംപ്യൂട്ടറിലും ടെലിവിഷനിലും ഏറെനേരം നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മുന്നതിന്റെ വേഗം കുറയും. ഇതു കണ്ണുകളില്‍ വരള്‍ച്ചയുണ്ടാക്കും. കണ്ണിന് ഏറ്റവും പ്രിയപ്പെട്ട നിറമാണു പച്ച. തിരക്കിട്ട ജോലിക്കിടയിലും വായനയ്ക്കിടയിലും അൽപ്പ സമയം ദൂരെയുള്ള പച്ചപ്പിലേക്കു നോക്കുന്നതും കണ്ണിനു കുളിര്‍മ നല്‍കും. കാല്പ്പാദങ്ങള് തണുത്ത വെള്ളത്തില്‍ കഴുകുന്നത് കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്.ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ഇലക്കറികള്‍ ശീലമാക്കുക. കണ്ണട ധരിക്കുമ്പോള്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും കണ്ണടയൂരി രണ്ടുമൂന്നു മിനിറ്റ് കണ്ണടച്ചിരുന്നു കണ്ണിനു വിശ്രമം നല്‍കുക. മറ്റുള്ളവരുടെ കണ്ണടയോ കോണ്ടാക്റ്റ് ലെന്‍സോ ഉപയോഗിക്കരുത്. ശക്തിയുള്ള പ്രകാശം കണ്ണിലടിക്കാതെ നോക്കണം. വായിക്കുമ്പോള്‍ ഇടതുവശത്തു നിന്നുള്ള പ്രകാശമാണു നല്ലത്.
മനസ് ശുദ്ധമാക്കാനും
കണ്ണില്‍ പൊടിവീഴുമ്പോഴോ അണുബാധ ഉണ്ടാവുമ്പോഴോ മാത്രമല്ല, സങ്കടം, സന്തോഷം മുതലായ വൈകാരിക മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും കണ്ണുനീര് കൂടുതലായി ഉണ്ടാകുന്നു. സങ്കടവും സന്തോഷവും വരുമ്പോള്‍ കണ്ണുനിറയുന്നതിന്റെ രഹസ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും മറ്റവസരങ്ങളില്‍ കണ്ണിലുള്ള പൊടിയെയും രോഗാണുക്കളെയും കഴുകിക്കളയാനാണ് കണ്ണുനീര് കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. കണ്ണുനീരിലുള്ള ലൈസോസൈം വീര്യം കുറഞ്ഞ ഒരു അണുനാശിനിയാണ്. മനസിലെ ദുഃഖങ്ങളെ കഴുകി ശുദ്ധമാക്കാന്‍ കണ്ണുനീരിന് കഴിവുണ്ടെന്നാണ് നമ്മുടെ അനുഭവങ്ങള്‍ തെളിവുനല്കുന്നത്.
കണ്ണുനീരിന്റെ കഥ
കണ്ണിനു മുകളില്‍ നെറ്റിയുടെ എല്ലിനു താഴെയായാണു കണ്ണുനീര്ഗ്രന്ഥിയുടെ സ്ഥാനം. ഓരോ ഗ്രന്ഥിയില്‍നിന്നും ഒരു ഡസേനോളം ചാലുകള്‍ കണ്ണിലേക്കും കണ്പോളയിലേക്കും തുറക്കുന്നു. കണ്ണിലെത്തുന്ന കണ്ണുനീര് കണ്ണിന്റെ ഉള്ളിലെ മൂലയിലുള്ള ചെറുദ്വാരം വഴി മൂക്കിലേക്കാണു യാത്ര. പക്ഷേ കണ്ണുനീര് കൂടുതലുണ്ടാവുമ്പോള്‍ മുഴുവനും ഈ ചെറുദ്വാരത്തിലൂടെ പോവില്ല. കണ്ണുനിറഞ്ഞുകവിഞ്ഞ് ഒഴുകുന്നു. മൂക്കിലേക്ക് പോകുന്ന കണ്ണുനീരിന്റെ അളവും കൂടും. കരയുമ്പോള്‍ മൂക്കുകൂടെക്കൂടെ ചീറ്റേണ്ടിവരുന്നതിന്റെ രഹസ്യം ഇതാണ്.