ഇടുക്കി അണക്കെട്ടുകള്‍ക്കു മുകളിലൂടെ ഇന്നു മുതല്‍ ബസ് സര്‍വീസ് നടത്തും. .ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് ഡാമിന് മുകളിലൂടെ യാത്ര സൗകര്യം ഉണ്ടാവുക..
ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്കു മുകളിലൂടെ ഇന്നു മുതല്‍ ബസ് സര്‍വീസ് നടത്തും. പ്രളയത്തെ തുടര്‍ന്ന് ചെറുതോണി പാലം തകരുകയും ഗതാഗത യോഗ്യമല്ലാതെ വരികയും ചെയ്തതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. വാഹനങ്ങള്‍ ഓടിക്കാന്‍ പറ്റാതെ വന്നതോടെ പകരം സംവിധാനം എന്ന നിലയിലാണിത്. തൊടുപുഴ ഡിപ്പോയില്‍ നിന്ന് കട്ടപ്പനയിലേക്കുള്ള രണ്ടു കെഎസ്ആര്‍ടിസി ബസുകളാണ് കുളമാവ്, ചെറുതോണി വഴി ഡാമുകള്‍ക്കു മുകളിലൂടെ ഓടുക.
ഇന്നു മുതല്‍ കട്ടപ്പനയില്‍ നിന്നു പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകിട്ട് 5.20 വരെ തൊടുപുഴയിലേക്കും തൊടുപുഴയില്‍ നിന്നു രാവിലെ 6.10 മുതല്‍ വൈകുന്നേരം 6.40 വരെ കട്ടപ്പനയിലേക്കും ഓരോ മണിക്കൂര്‍ ഇടവിട്ടു സര്‍വീസ് ഉണ്ടാകും. 1992ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ ബസ് സര്‍വീസ് നടത്തിയിരുന്നു.
കുളമാവ് അണക്കെട്ടിനു മുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടുമെങ്കിലും ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്കു മുകളിലൂടെ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല. ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുകയാണ്. ഇന്നലെ മുതല്‍ തൊടുപുഴ ഏലപ്പാറ റൂട്ടിലും ബസ് ഓടിത്തുടങ്ങി. മറ്റു വാഹനങ്ങള്‍ക്ക് അത്യാവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുന്നുണ്ട്.
എന്നാല്‍ ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് ഡാമിന് മുകളിലൂടെ യാത്ര സൗകര്യം ഉണ്ടാവുക. മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്കും ഈ ദിവസങ്ങളില്‍ സൗകര്യം ലഭ്യമാക്കുമെങ്കിലും ആദ്യ ഘട്ടത്തില്‍ അത്യാവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമെ ഡാമിന് മുകളിലൂടെയുള്ള യാത്ര സാധ്യമാവുകയുള്ളു.
അധികൃതര്‍ ഇത്തരത്തിലൊരു തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ അവസരം മുതലെടുത്ത് അപൂര്‍വ യാത്രയ്ക്ക് നിരവധിപേരാണ് എത്തുന്നത്. എന്നാല്‍ അത്യാവശ്യക്കാരെ മാത്രമെ തല്ക്കാലം കയറ്റി വിടുകയുള്ളു എന്ന തീരുമാനം ഇത്തരക്കാര്‍ക്ക് തിരിച്ചടിയാണ്. എന്നിരുന്നാലും വരും ദിവസങ്ങളില്‍ യാത്ര സൗകര്യം ലഭിക്കും എന്ന പ്രതീക്ഷയിലാണ് സന്ദര്‍ശകര്‍