വനമേഖലയിലൂടെയുള്ള അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണു ദുരന്തത്തിനു കാരണമെന്നും, ആയിരത്തോളം കുടുംബങ്ങള്‍ അപായഭീഷണി നേരിടുകയാണെന്നും നാട്ടുകാര്‍.റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നതിനായി പുതിയ റോഡ് .
അടിമാലി: ബൈസണ്‍വാലി പഞ്ചായത്തിലെ മുട്ടുകാട് മലനിരകളില്‍ കാലവര്‍ഷത്തില്‍ പത്തോളം ഇടങ്ങളില്‍ ഉരുള്‍പൊട്ടി. ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നു. 500 ഏക്കറോളം പാടശേഖരം മണ്ണും വെള്ളവും മൂടി നശിച്ചു. നിരവധി ഏക്കര്‍ കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. വനമേഖലയിലൂടെയുള്ള അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണു ദുരന്തത്തിനു കാരണമെന്നും, ആയിരത്തോളം കുടുംബങ്ങള്‍ അപായഭീഷണി നേരിടുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
കുരുന്നപ്പിള്ളിയില് ബാബുവിന്റെ വീടാണു കൂറ്റന്‍ പാറ പതിച്ച് പൂര്‍ണ്ണമായി തകര്‍ന്നത്. ഇയാളുടെ 20 സെന്റോളം സ്ഥലവും വെളളത്തില്‍ ഒലിച്ചുപോവുകയായിരുന്നു. സാജു പടയാടി, അറുമുഖം, കളപ്പുര ജോണി, മേനോത്തുമാലി ജോസ്, മുണ്ടയ്ക്കല്‍ ബൈജു, കീച്ചറയില്‍ കുഞ്ഞുമോന്, പടയാടി സണ്ണി, സെല്‍വം, ഉരണ്ടക്കുടി പൗലോസ്, തോപ്പില്‍ സുരേഷ്, കുമാര്‍, വെള്ളാപ്പാണി അനില്‍, രാശ, രാമകുളം മാണി, സ്റ്റേറ്റ് രുക്മണി, തെക്കേടത്ത് രാജേഷ്, വാഴയില്‍ ജോര്‍ജ്ജ്, ഭരദ്വാജ്, കൗപ്പുരയില് ജോര്‍ജ്ജ്, പെരുമ്പന്‍കുടി കുര്യാക്കോസ്, പള്ളിയ്ക്കാക്കുടി പൊലോസ് തുടങ്ങിയവരുടെ ഒരേക്കര്‍ വരെ പുരയിടങ്ങള്‍ ഒലിച്ചുപോയി. ഏലം, തെങ്ങ്, കുരുമുളക് തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്ക് പുറമെ ഏത്തവാഴയും പച്ചക്കറിവിളകളും ഉള്‍പ്പെടെയുള്ളവ നശിച്ചു.
വിശാലമായ മുട്ടുകാട് പാടശേഖരത്തിലെ 500 ഏക്കറിലെ നെല്‍കൃഷി തോടിനു മട വീണതിനെത്തുടര്‍ന്ന് വെള്ളവും മണ്ണും പാറകളും കയറി മൂടി. കന്നികൃഷി ഇറക്കിയിരുന്നത് പൂര്‍ണ്ണമായും നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണു വന്നിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3848 അടിയിലേറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മുട്ടുകാട് മലനിരകള്‍ക്ക് കുറുകെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ബി.ഡിവിഷന്-പെരിയകനാല്‍ റോഡില്‍ നിന്നുമാണു ഉരുള്‍പൊട്ടലുകള്‍ ആരംഭിച്ചത്. ഉറപ്പുകുറഞ്ഞ മണ്ണും പാറക്കെട്ടുകളും നിറഞ്ഞ ചെങ്കുത്തായ മലനിരകളിലൂടെയും വനഭാഗങ്ങളിലൂടെയും 13 കിലോമീറ്ററോളം ദൂരത്തിലാണു പാത നിര്‍മ്മിക്കുന്നത്. 7 കിലോമീറ്ററോളം മണ്പണി നടത്തിക്കഴിഞ്ഞു. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായ ഇവിടെ മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ട് മലയും പാറക്കെട്ടും ഇടിച്ച് നിരത്തിയും, വന്‍ മരങ്ങള്‍ പിഴുതുമാറ്റിയുമാണു നിര്‍മ്മാണം.
നിര്‍മ്മാണം ആരംഭിച്ചതോടെ ഇളക്കം തട്ടിയ പാറകള്‍ സാധാരണ മഴയില്‍ പോലും അടര്‍ന്ന് വീഴുകയാണ്. വിജന മേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡ് കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും, റിസോര്‍ട്ട് മാഫിയയെ സഹായിക്കുന്നതിനു വേണ്ടിയാണെന്നും തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. മരങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള നിര്‍മ്മാണമായതിനാല്‍ വനംവകുപ്പും എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതിനു സമാന്തരമായി ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നതും, നിലവില്‍ ആയിരക്കണക്കിനു ആളുകള്‍ ഉപയോഗിക്കുന്നതുമായ റോഡിന്റെ പണികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടാണു റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നതിനായി പുതിയ റോഡ് നിര്‍മ്മിക്കുന്നത്. പ്രദേശത്തെ ആയിരത്തോളം വീടുകള്‍ക്ക് ഇത് ഭീഷണിയാണെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന്,ജില്ലാ കളക്ടര്‍,ഗ്രീന്‍ ട്രൈബ്യൂണല്‍ എന്നിവയെ സമീപിക്കുവാന്‍ ഒരുങ്ങുകയാണു ഇവര്‍.