പിണറായി കൂട്ടക്കൊലക്കേസ്; പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കണ്ണൂർ സബ്ജയിലിലെ കശുമാവിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബത്തിലെ നാലു പേരെ പലപ്പോഴായി വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായിരുന്നു സൗമ്യ. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് സൗമ്യയുടെ മരണം. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
അച്ഛൻ, അമ്മ, മക്കൾ എന്നിവരെയാണ് സൗമ്യ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയത്.
ഇവർക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സംശയം തോന്നാതിരിക്കാൻ സൗമ്യയും വിഷം കഴിച്ചിരുന്നു. സംഭവത്തിൽ സൗമ്യയുടെ അയൽക്കാർ ഉൾപ്പടെ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്. തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
സൗമ്യയുടെ മക്കൾക്ക് പിന്നാലെ മരിച്ച മാതാപിതാക്കളുടെ ശരീരത്തിൽ നിന്നും അലുമിനിയം ഫോസ്ഫൈഡ് കണ്ടെത്തിയിരുന്നു. ഇത് എങ്ങനെ ഇവരുടെ ശരീരത്തിൽ എത്തിയ അന്വേഷണത്തിനൊടുവിൽ സംശയത്തിന്റെ മുന സൗമ്യയിലേക്ക് എത്തുകയായിരുന്നു.
ഒരേ സമയം ഒന്നിലധികം കാമുകൻമാർ സൗമ്യയ്ക്കുണ്ടായിരുന്നു. ഈ ബന്ധങ്ങൾക്ക് വീട്ടുകാർ തടസമായതോടെയാണ് സൗമ്യ ഈ ക്രൂരകൃത്യങ്ങൾ ചെയ്യുന്നത്. ആദ്യം മകൾക്കാണ് വിഷം നൽകിയത്. പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് അച്ഛനെയും അമ്മയെയും വിഷം നൽകി കൊലപ്പെടുത്തുന്നത്. കേസിൽ സൗമ്യ മാത്രമാണ് പ്രതി. കാമുകൻമാരെയെല്ലാം പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
നേരത്തെയും സൗമ്യ ആത്മഹത്യ പ്രവണത കാണിച്ചിട്ടുണ്ട്. പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചതു ഗുരുതര സുരക്ഷ വീഴ്ചയാണെന്നു വിമർശനം ഉയർന്നിട്ടുണ്ട്. പ്രമാദമായ കേസിലെ പ്രതിയായിട്ടും ജയിൽ ഉദ്യോഗസ്ഥർ മതിയായ ശ്രദ്ധ കൊടുക്കാതിരുന്നതാണ് ഇങ്ങനെയൊരു സംഭവത്തിന് കാരണമായതെന്നു ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.