ഒടുവിൽ കെഎസ്ഇബി സത്യം പറയുന്നു
കൊച്ചി: ഡാമുകള്‍ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണമെന്ന രാഷ്ട്രീയ വിവാദത്തിന് കൃത്യമായ മറുപടിയുമായി കെഎസ്ഇബി രംഗത്ത്. വെള്ളം സംഭരിക്കുന്നതു മുതല്‍ ഒഴുക്കി വിടുന്നതുവരെയുള്ള കാര്യങ്ങള്‍ നിരത്തിയാണ് അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
ഡാമുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചു. ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണ അഥോറിറ്റിയെയും മറ്റും യഥാസമയം അറിയിച്ച് അനുമതി നേടിയതിന് ശേഷമാണ് ഡാമുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിട്ടതെന്ന് കെഎസ്ഇബി.
സംസ്ഥാനത്തെ മഴയുടെ സാധ്യത പ്രവചിക്കുന്ന ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് കെഎസ്ഇബിയിലെ ജലസംഭരണികളില്‍ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം കണക്ക് കൂട്ടുന്നതും. ഈ വര്‍ഷം സംസ്ഥാനത്ത് സാധാരണ തോതിലാകും മഴ ലഭിക്കുക എന്നും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നല്ല മഴയുണ്ടാവും എന്നുമായിരുന്നു ഐഎംഡിയുടെ പ്രവചനം. ഇപ്പോഴത്തെ പേമാരിയെ കുറിച്ചുള്ള അറിയിപ്പ് മഴ എത്തുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഐഎംഡി നല്‍കിയത്.
സംസ്ഥാനത്ത് പെയ്ത മഴയുടെ തോത് പരിശോധിച്ചാല്‍ 2018 ഓഗസ്റ്റ് 7 വരെയുള്ള ശരാശരി 13.8 മില്ലിമീറ്ററില്‍ നിന്നും ഉയര്‍ന്ന് 128.6 മില്ലിമീറ്റര്‍ വരെ എത്തി. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഓഗസ്റ്റ് 16ന് 295 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
മഴ ശക്തിപ്പെടുന്നതും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25 ന് കെഎസ്ഇബി സിഎംഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങളെടുത്തു.
ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്താനും വെള്ളം ഒഴുകുന്ന പ്രദേശങ്ങള്‍ മനസിലാക്കി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു. അതുസരിച്ച് നടപടികള്‍ തുടങ്ങി. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വെള്ളത്തിന്റെ നിരപ്പ് 2390 അടി ആകുമ്പോള്‍ തന്നെ ആദ്യ മുന്നറിയിപ്പ് നല്കി . 2395 ന് അടുത്ത അറിയിപ്പ് നല്കി. അതു കഴിഞ്ഞ് 2399 ന് അന്തിമ അറിയിപ്പ് നല്കി വെള്ളം തുറന്ന് വിട്ടു.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി വരെയെത്തുകയും അവിടെ നിന്നും അധികമായ ജലം ഇടുക്കിയിലേക്ക് ഒരു സെക്കന്റില്‍ ഏകദേശം 650 ഘനമീറ്റര്‍ എന്ന അളവില്‍ വരെ ഒഴുക്കി വിടുകയും ചെയ്തു. ഈ സമയം ഡാമിന്റെ സുരക്ഷിതത്വത്തിനായി ഇടുക്കിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന്റെ അളവ് ക്രമാനുഗതമായി വര്‍ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഡാമിലേക്ക് 2500 ക്യുബിക് മീറ്റര്‍ പെര് സെക്കന്റ് എന്ന തോതില്‍ വരെ വെള്ളം ഒഴുകിയെത്തിയെങ്കില്‍ പുറത്തേക്ക് ഒഴുക്കിവിട്ടത് പരമാവധി 1600 ക്യുബിക് മീറ്റര്‍ പെര് സെക്കന്റ് വരെയായി.
അതേ സമയം ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും 7500 ക്യുബിക് മീറ്റര്‍ ഒരു സെക്കന്റില്‍ എന്ന തോതില്‍ ജലം ഒഴുക്കി കളയേണ്ടി വന്നത് സൂചിപ്പിക്കുന്നത് പെരിയാറിന്റെ മറ്റും വൃഷ്ടി പ്രദേശങ്ങളിലും സമതലങ്ങളിലും ലഭിച്ച അമിത മഴ കൂടിയാണ് പെരിയാറിലും സമീപ പ്രദേശങ്ങളിലും വലിയ തോതില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്.
സാധാരണ ഗതിയില്‍ ചെയ്യുന്ന മഴയുടെ 20 - 22 ശതമാനം വഹിക്കാനുള്ള ശേഷിയാണ് ഇടുക്കി സംഭരണിക്ക് ഉള്ളത്. എന്നാല്‍ മഴയുടെ അളവ് കൂടുമ്പോള്‍ ആകെ പെയ്ത മഴയുടെ 10 - 12 ശതമാനം വെള്ളമേ സംഭരണിയില്‍ ശേഖരിക്കാന്‍ കഴിയൂ. ഇടുക്കിയില്‍ പരമാവധി ജലനിരപ്പ് 2017 ജൂലൈയില്‍ 2320 അടിയും ഓഗസ്റ്റില്‍ 2344 അടിയും രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ 2018 ല്‍ അത് യഥാക്രമം 2395 ഉം 2400 ആയി ഉയര്‍ന്നു.
ഇടമലയാര്‍ ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്ററും സംഭരണ ശേഷി 1090 മില്യണ്‍ ക്യുബിക് മീറ്ററുമാണ്. 2018 ഓഗസ്റ്റ് 9 ന് ജലനിരപ്പ് 169.95 മീറ്റര്‍ ആയപ്പോള്‍ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി. പദ്ധതി പ്രദേശത്തെ മഴയ്ക്ക് പുറമേ തമിഴ്നാട്ടിലെ നീരാര്‍ കൂടാതെ വച്ചുമരം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക ജലത്തിന്റെ ഒരു ഭാഗവും ഇടമലയാര്‍ ഡാമില്‍ എത്തിയിട്ടുണ്ട്. ഇപ്രകാരം 1800 കുബിക് മീറ്റര്‍ എന്ന തോതില്‍ ജലം ഒഴുകി എത്തിയപ്പോള്‍ ഒരു സെക്കന്റില്‍ ഇടമലയാറില്‍ നിന്ന് തുറന്ന് വിട്ടത് പരമാവധി 1500 ക്യുബിക് മീറ്ററാണ്.
ബാണാസുര സാഗര്‍ ഡാമിന്റെ സംഭരണ ശേഷി 209. 18 മില്യണ്‍ ക്യുബിക് മീറ്ററും പരമാവധി ജലനിരപ്പ് 775.60 മീറ്ററും ആണ്. മണ്ണ് കൊണ്ട് നിര്‍മിച്ച (എര്‍ത്തേണ്‍ ഡാം) എന്ന വിഭാഗത്തിലാണ് ബാണാസുര സാഗര്‍ അണക്കെട്ട്. സംഭരണ ശേഷിയില്‍ കൂടുതല്‍ ആയുള്ള ജലം പുറത്ത് വിടുന്നത് കോണ്‍ക്രീറ്റ് നിര്‍മിത സ്പില്‍ വേ വഴിയാണ്. പദ്ധതി പ്രദേശത്ത് ജൂലൈ മാസം 15 മുതല്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഗേറ്റുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു.
ഇതു സംബന്ധിച്ച അറിയിപ്പുകള് അധികാരികളെ യഥാസമയം അറിയിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതായപ്പോഴേക്കും പദ്ധതി പ്രദേശത്ത് 442 മില്ലിമീറ്റര്‍ വരെ മഴ പെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ ജലം ഡാമില്‍ നിന്നും ഒഴുക്കിവിട്ടു തുടങ്ങി. അത് വരെയായി ദിവസത്തില്‍ ശരാശരി 6 മുതല്‍ 8 ക്യുബിക് മീറ്റര്‍ പെര് സെക്കന്റ് എന്ന കണക്കിലാണ് ഡാമിലേക്ക് നീരൊഴുക്ക് വന്നതെങ്കില്‍ ഓഗസ്റ്റ് 15,16,17 തിയതികളില്‍ അത് 18.5 ക്യുബിക് മീറ്റര്‍ വരെ ജലം ഒരു സെക്കന്റില്‍ ഒഴുകിയെത്താന്‍ തുടങ്ങി. ഇത്തരത്തില്‍ വലിയ തോതില്‍ ജലനിരപ്പ് ഡാമില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ അടിയന്തിരമായി കൂടുതല്‍ തുറന്ന് ജലം ഒഴുക്കിക്കളയേണ്ടി വന്നു. ഇക്കാര്യം ജില്ലാ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തു.
ശബരിഗിരി ജല വൈദ്യുത പദ്ധതിയിലേക്ക് ജലമെത്തിക്കുന്ന രണ്ട് റിസര്‍വയറുകളാണ് കക്കിയും പമ്പയും. വിവിധ ഓഗ് മെന്റേഷന് പദ്ധതികളായ കുളളാര്‍, മീനാര്‍ , ഗവി, അപ്പര്‍ മൂഴിയാര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ജലവും ഇവിടെ എത്തിച്ചേരും. പമ്പയിലെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും സംഭരണ ശേഷി 39.22 മില്യണ്‍ കുബിക്ക് മീറ്ററും കക്കിയിലേത് യഥാക്രമം 981.46 ഉം ശേഷി 455.02 ഉം ആണ്.
ആനത്തോട് ഡാമിലെ സ്പില്‍വേ വഴിയാണ് കക്കിയിലെ ജലം പുറത്തേക്ക് കളയുന്നത്. വളരെയധികം വിസ്തൃതിയുള്ള പ്രദേശത്തെ കനത്ത മഴ കാരണം ജലനിരപ്പ് വളരെ പെട്ടെന്ന് ഉയരാറുണ്ട്. ഇങ്ങനെ വരുന്ന അധിക ജലം ആനത്തോട്, പമ്പ എന്നിവിടങ്ങളിലെ സ്പില്‍വേ വഴി പമ്പാ നദിയിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്തത്. ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലാ ഭരണാധികാരികളെ അറിയിച്ചിരുന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഓഗസ്റ്റ് 15,16,17 തിയതികളില്‍ ശരാശരി 295 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിട്ടുണ്ട്.
ഷോളയാര്‍ പദ്ധതിയില്‍ നിന്നും പുറത്ത് വരുന്ന വെള്ളമാണ് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ സംഭരിക്കുന്നത്. കൂടാതെ കുരിയാര്‍കുട്ടി - കാരപ്പാറ, തമിഴ്നാട്ടിലെ പറമ്പിക്കുളം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക ജലവും ഈ ഡാമിലാണ് എത്തിച്ചേരുന്നത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 423.98 മീറ്ററും സംഭരണ ശേഷി 32 മില്യണ്‍ ക്യുബിക് മീറ്ററും ആണ്. പദ്ധതി പ്രദേശത്തെ കനത്ത മഴയും ഡാമിന് മുകളില്‍ നിന്നുള്ള മറ്റിടങ്ങളില്‍ നിന്നുളള വലിയ തോതിലുള്ള നീരൊഴുക്കും ഡാം നിറഞ്ഞ് കഴിയുന്ന അവസ്ഥയുണ്ടായി.
സ്പില്‍വേ വഴി പരമാവധി ഒഴുക്കി വിടാന്‍ സാധിക്കുന്നത് 2265 ക്യുബിക് മീറ്റര്‍ പെര് സെക്കന്റ് മാത്രമാണ്. പറമ്പിക്കുളം പദ്ധതിയില്‍ നിന്ന് മാത്രം 1132 ക്യുബിക് മീറ്റര്‍ വെള്ളം ഒരു സെക്കന്റില്‍ ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടൊപ്പം അപ്പര്‍ ഷോളയാര്‍, കാരപ്പാറ, കുരിയാര്‍കുട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള അധിക ജലവും കൂടി എത്തിച്ചേര്‍ന്ന സാഹചര്യമാണ് പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയിലേക്ക് നയിച്ചത്.