വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കി മാറ്റിയതു സർക്കാരാണെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംഎൽഎ.
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കി മാറ്റിയതു സർക്കാരാണെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംഎൽഎ. ഡാമുകൾ കൂട്ടത്തോടെ തുറക്കുന്നത് ഒഴിവാക്കാമായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ കുറേശെ ഡാമുകൾ തുറന്നാൽ മതിയായിരുന്നു. എന്നാലിതിന് പകരം സർക്കാർ ഡാമുകൾ കൂട്ടത്തോടെ തുറക്കുകയായിരുന്നു. ഇതോടെ വെള്ളപ്പൊക്കം മഹാപ്രളയമായി മാറുകയായിരുന്നുവെന്നു മുരളീധരൻ ആരോപിക്കുന്നു.
ഡാമിലെ ജലനിരപ്പ് എത്ര അടി വരെ വേണം, എപ്പോള്‍ ഷട്ടര്‍ തുറക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ആവശ്യമായ സമയത്ത് 20 ാമത്തെ മന്ത്രിയുടെ കാര്യമാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നത്. അതിന് പകരം സിപിഐക്ക് എന്ത് കൊടുക്കണമെന്ന ചര്‍ച്ചയും നടന്നു. ഇവരുടെ ചര്‍ച്ച കഴിഞ്ഞപ്പോള്‍ മഴ കനത്തു. അതോടെ ട്രയല്‍ റണ്‍ അനിവാര്യമായി മാറിയെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പക്ഷേ അന്നേരവും ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞത് ട്രയല്‍ റണിന്റെ ആവശ്യമില്ലെന്നാണ്. ഇവര്‍ ഈ പ്രസ്താവന നടത്തുന്ന സമയത്തും മഴ പെയ്യുന്നുണ്ടായിരുന്നു. പിന്നീട് കേരളം കണ്ടത് എല്ലാം ഡാമുകളും ഒരേ സമയം തുറന്നുവിടുന്നതാണ്.
മുഖ്യമന്ത്രിയുടെ ന്യായീകരണം ഡാം തുറക്കാതിരുന്നിടത്തും പ്രളയമുണ്ടായി എന്നതാണ്. പക്ഷേ ആ പ്രദേശങ്ങളില്‍ കാല്‍നനയുന്ന അത്രമേ ജലം ഉയര്‍ന്നുള്ളൂ. മുഖ്യമന്ത്രി ജൂലായ് 17 ന് തിരിച്ച് വന്നപ്പോഴും ഇതുപോലെ വലിയ പ്രളയക്കെടുതിയുടെ പ്രയാസം അനുഭവിക്കുകയായിരുന്നു കുട്ടനാട്. പക്ഷേ അവിടെ ആരും തിരിഞ്ഞുനോക്കിയില്ല. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് കുട്ടനാട് എംഎല്‍എ പോലും അവിടെ മുഖം കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏഴാം തീയതിയാണ് വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നത്. മുന്നറിയപ്പ് നല്‍കിയത് പിറ്റേന്ന് ഉച്ചയ്ക്കും. ഇത്രയും വലിയ പ്രളയത്തിന് കാരണം ഡാം സുരക്ഷ അഥോറിറ്റിയുടെ വീഴ്ച്ചയാണ്. ഇതു അന്വേഷിച്ച് നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ ഇത് പിന്നെയും ആവര്‍ത്തിക്കും. ഇതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. ഡാമുകളുടെ സുരക്ഷകളെക്കുറിച്ച് അടിയന്തരമായി പരിശോധിക്കാനുള്ള നടപടി സ്വീകരിക്കണം.
ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനാണ് 50,000 പേര് കുടുങ്ങി കിടക്കുന്നതായി ആദ്യമായി പറഞ്ഞത് പിന്നീട് റാന്നി എംഎല്‍എ രാജു ഏബ്രഹാം ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഏകീകരണം ഇല്ലെന്ന വിമര്‍ശനം ഉന്നയിച്ചത് വീണ ജോര്‍ജ് ആണ്. ഇവര്‍ മൂന്നു പേരും ഭരണപക്ഷ എംഎല്‍എമാരാണ്. മുന്നറിയിപ്പ് നല്കുന്നതില് വീഴച്ച സംഭവിച്ചതായി ചീഫ് സെക്രട്ടറി വ്യക്തമാക്കിയായിരുന്നു. എന്തിനാണ് സര്‍ക്കാര്‍ റവന്യു സെക്രട്ടറിയെ ചുമതലയില്‍ നിന്ന മാറ്റിയത്.
വെള്ളപ്പൊക്കമുണ്ടായ സമയത്ത് ജര്‍മനിയില്‍ പോയ മന്ത്രിയെ പുറത്താക്കാന്‍ സിപിഐയും മുഖ്യമന്ത്രിയും തയാറാകണം. ദുരിതാശ്വാസ ക്യാംപിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എല്ലാവരും ഓടുന്ന സമയത്ത് മന്ത്രി എ.കെ. ബാലന് പൈലറ്റ് പോകാന്‍ വാഹനം വരാത്തതിന്റെ പേരില്‍ എസ്ഐക്കെതിരെ നടപടിയെടുത്തത് തെറ്ററായി പോയി. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും കൊടുക്കണം. എന്നാല്‍ മാത്രമെ മികച്ച അടിത്തറയിട്ട് നാളെ ഒലിച്ചുപോകാത്ത ഒരു വീട് നിര്‍മിക്കാൻ അവർക്കു സാധിക്കൂവെന്നും മുരളീധരന് പറഞ്ഞു.