നാടിനെ നടുക്കിയ വണ്ണപ്പുറം കമ്പകക്കാനം കൂട്ടകൊലപാതക കേസിന്റെ അന്വേഷണം പുരോഗമിക്കവേ കൂട്ടക്കൊലയുടെ ലക്ഷ്യം കവര്‍ച്ചയെന്ന നിഗമനം വ്യക്തമാകുന്നു. മന്ത്രവാദവും പൂര്വ്വവൈരാഗ്യവുമെല്ലാം അനുബന്ധ ഘടകങ്ങള്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം കമ്പകക്കാനം കൂട്ടകൊലപാതക കേസിന്റെ അന്വേഷണം പുരോഗമിക്കവേ കൂട്ടക്കൊലയുടെ ലക്ഷ്യം കവര്‍ച്ചയെന്ന നിഗമനം വ്യക്തമാകുന്നു. മന്ത്രവാദവും പൂര്വ്വവൈരാഗ്യവുമെല്ലാം അനുബന്ധ ഘടകങ്ങള്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റൈസ് പുള്ളര്‍, നാഗമാണിക്യം തട്ടിപ്പുസംഘങ്ങളും തല്ക്കാലം അന്വേഷണ പരിധിക്ക് പുറത്താണ്. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്നതിന് കൂടുതല്‍ വിവരമില്ല. രാസ പരിശോധന റിപ്പോര്‍ട്ട് പരിഗണിച്ച് നടപടികളുമായി മുന്നോട്ടുപോകും.
ആഭിചാരം ഫലിക്കാതെ വന്നതിന്റെ വൈരാഗ്യത്തില്‍ ആറുമാസം മുമ്പ് തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കൂട്ടക്കൊല നടത്തിയതെന്ന് ഒന്നാം പ്രതി അനീഷ് മൊഴി നല്‍കിയതായി ഇടുക്കി എസ് പി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 300 മൂര്‍ത്തികളുടെ ശക്തിയുള്ള കൃഷ്ണന് തന്റെ മന്ത്ര സിദ്ദിഖ് വിലക്ക് ഏര്‍പ്പെടുത്തിയതായി മറ്റൊരു മന്ത്രവാദിയില്‍ നിന്നും മനസ്സലിക്കിയെന്നും ഇതാണ് കൊലനടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അനീഷ് വെളിപ്പെടുത്തിയെന്നും മറ്റും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കേസിലെ അപ്രസക്ത ഭാഗങ്ങളാണെന്നാണ് ഇപ്പോള്‍ ഡി വൈ എസ് പി വ്യക്തമാക്കുന്നത്.
മന്ത്രവാദത്തെ ബന്ധപ്പെടുത്തിയുള്ള വിവരങ്ങള്‍ മുഖ്യഘടകമായി കാണിച്ച്് കോടതിക്ക് ചാര്‍ജ്ജ് ഷീറ്റ് നല്കിയാല് കേസ്സ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിതിന് പിന്നാലെ ജില്ലാപൊലീസ് മേധാവി മാധ്യമങ്ങള്‍ക്ക് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകള്‍ വിഴുങ്ങാന്‍ അന്വേഷണ സംഘം നിര്‍ബന്ധിതമായതെന്നാണ് സൂചന. 34-40 പവന് സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം. അനീഷിന്റെ കൊരങ്ങാട്ടിയിലെ വീട്ടില്‍ നിന്നും പൊലീസ് സ്വര്‍ണം കണ്ടെടുത്തിരുന്നു. ആദ്യം അറസ്റ്റിലായ ലബീഷ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തിയിരുന്ന സ്വര്‍ണ്ണവും അന്വേഷക സംഘം വീണ്ടെടുത്തിരുന്നു.
അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിവാസി അനീഷ്,ഇയാളുടെ തൊടുപുഴ സ്വദേശിയായ സുഹൃത്ത് ലിബീഷ് ,കവര്‍ച്ചചെയ്ത സ്വര്‍ണം പണയം വയ്ക്കാന്‍ സാഹയിച്ച മൂവാറ്റുപുഴ സ്വദേശി സനീഷ് ,കൈയുറ വാങ്ങാന്‍ സഹായിച്ച തൊടുപുഴ സ്വദേശി ശ്യംപ്രസാദ് എന്നിവരെയാണ് കേസില്‍ പൊലീസ് ഇതുവരെ അറസ്റ്റുചെയ്തിട്ടുള്ളത്.ഇവര്‍ റിമാന്റിലാണ്. കൊലക്ക് നാളും മുഹൂര്‍ത്തവും കുറിച്ച് നല്കിയ ജോത്സ്യനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന തരത്തില്‍ നേരത്തെ പരക്കെ പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ ഇതേക്കുറിച്ച് പൊലീസിന് മിണ്ടാട്ടമില്ല.കൂട്ടക്കൊലയ്ക്കുള്ള കാരണം സംമ്പന്ധിച്ച് പ്രതികളില്‍ നിന്നും ലഭിച്ചതെന്ന് വ്യക്തമാക്കി പൊലീസ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ അവിശ്വസിനീയമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.
ഒരു കുടുംമ്പത്തെ ഒന്നാകെ വകവരുത്താന്‍ മന്ത്രവാദം മാത്രമായിരുന്നോ കാരണം എന്നാണ് ഇപ്പോഴും പരക്കെ നിലനില്‍ക്കുന്ന സംശയം. മാത്രമല്ല ആരോഗ്യദൃഡഗാത്രനും തികഞ്ഞ അഭ്യാസിയുമായ കൃഷ്ണനെ ഇവര്‍ കീഴ്പ്പെടുത്തിയെന്നതും കൊലയ്ക്കുശേഷം കൃഷ്ണന്റെ വീട്ടില്‍ അനീഷും ലിബീഷും പിറ്റേദിവസം എത്തി മൃതദ്ദേഹങ്ങള്‍ മറവുചെയ്തുവെന്നതും മറ്റുമുള്ള പൊലീസ് വെളിപ്പെടുത്തലുകള്‍ തങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലന്നാണ് പ്രദേശവാസിളില് ഏറെപ്പേരും വ്യക്തമാക്കുന്നത്.
കൊലയ്ക്കുപിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന വാദം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട്ടിലെ റൈസ്പുള്ളര്‍ ,നാഗമാണിക്യം തട്ടിപ്പുസംഘങ്ങളോ മന്ത്രവാദത്തിന്റെ പേരില്‍ വന്‍തുക നല്‍കിയിട്ടും ഫലസിദ്ധി ലഭിക്കാതിരുന്നവരില്‍ ആരെങ്കിലുമോ കൃത്യം നടത്താന്‍ അനീഷിനെയും ലിബീഷിനെയും കരകുവാക്കുകയായിരുന്നോ എന്നുള്ള സംശയങ്ങളും ഉയര്‍ന്നിരുന്നു.എന്നാല്‍ ഇതേക്കുറിച്ചൊന്നും ഇപ്പോള്‍ കാര്യമായ അന്വേഷണം നടത്തേണ്ട എന്ന നിലപാടിലാണ് അന്വേഷക സംഘം.