കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം; പിടി ചാക്കോയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുന്നു
കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ. പി.ടി. ചാക്കോയുടെ മരണത്തിന് കാരണക്കാരായവരുടെ പിന്തലമുറക്കാര് മാണിക്കെതിരെയും പ്രവര്‍ത്തിക്കുന്നു. പി.ടി. ചാക്കോയുടെ സ്വീകാര്യത ആര്. ശങ്കറിനെ ശത്രുവാക്കിയത് പോലെയാണ് കെ.എം. മാണിക്കും സംഭവിച്ചത്. എല്‍.ഡി.എഫ് കെ.എം. മാണിക്കുമേല്‍ ചൊരിഞ്ഞ പ്രശംസാ വചനങ്ങളാണ് ചിലരെ അസ്വസ്ഥരാക്കിയത്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോഴാണ് പി.ടി. ചാക്കോയ്ക്ക് രാജിവയ്ക്കേണ്ടിവന്നത്. അതേ അവസ്ഥയിലാണ് കെ.എം. മാണിയും രാജിവച്ചതെന്നും പ്രതിച്ഛായയില്‍ പറയുന്നു.
പി.ടി ചാക്കോയെ ചതിച്ചുവീഴ്ത്തിയവര് മാണിയേയും ചതിച്ചു. കാറില്‍ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം ആരോപിച്ചാണ് പി.ടി ചാക്കോയെ ചതിച്ചുവീഴ്ത്തിയത്. അവര്‍ തന്നെയാണ് ബാര്‍ മുതലാളിയെ കൊണ്ട് കെ.എം മാണിയെയും ചതിച്ചുവീഴ്ത്തിയത്. മാണിയെ കുറിച്ചുള്ള എല്‍.ഡി.എഫ് നേതാക്കളുടെ നല്ലവാക്കുകള്‍ ഇവരെ ചൊടിപ്പിച്ചെന്നും മുഖപത്രത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയാകുമെന്ന അവസ്ഥ വന്നപ്പോഴാണ് പി.ടി ചാക്കോ രാജവെച്ചത്. മാണിക്കും അതേ അവസ്ഥയില്‍ രാജിവെക്കേണ്ടി വന്നെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. ബാര്‍ കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തറപറ്റിച്ചു എന്ന് വ്യക്തമാക്കി പേരെടുത്ത് പറയാതെ കെ.ബാബുവിനെതിരെയും നിശിത വിമര്‍ശനമാണ് വാരികയിലുളളത്.
പ്രതിച്ഛായയുടെ മുന്‍ ലക്കങ്ങളിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. തുടര്‍ന്ന് കെ.എം മാണി പ്രതിച്ഛായ സ്വതന്ത്ര്യ വാരികയാണെന്നും അതില്‍ വരുന്ന അഭിപ്രായങ്ങള്‍ എങ്ങനെയാണ് തന്റെയോ, പാര്‍ട്ടിയുടെതോ അല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
ബാര്‍കോഴക്കേസില്‍ കെ.ബാബു അടക്കം മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത് യുഡിഎഫിന്റെ കാലത്ത് ആവിയായെങ്കില്‍ മാണിക്കെതിരെ മാത്രം എന്തുകൊണ്ടു കുരുക്കു മുറുകി എന്ന ചോദ്യമാണു കേരള കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇതിന്റെ പേരില്‍ യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
യുഡിഎഫ് വിട്ടു സ്വതന്ത്ര നിലപാടെടുക്കണം എന്ന അഭിപ്രായമാണു മാണി ഗ്രൂപ്പില്‍ ശക്തം. യുഡിഎഫില്‍ തുടരണമോ എന്ന് ഈമാസം ആറ്, ഏഴ് തീയതികളിലെ ചരല്‍ക്കുന്നില്‍ നടക്കുന്ന സംസ്ഥാന ക്യാംപില്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിക്കുമെന്നാണു സൂചന.