മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ദുരന്ത നിവാരണ അതോറിറ്റിയുടേത് തെറ്റായ സന്ദേശം
തിരുവനന്തപുരം: മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, ആറുജില്ലകളില്‍ ഇന്നലെ രാത്രി പത്തു മണിയോടെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന തരത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നല്കിയ തെറ്റായ മുന്നറിയിപ്പിനെച്ചൊല്ലി വിവാദം രൂക്ഷമാകുന്നു. തെറ്റായ സന്ദേശത്തിന്റെ ഉത്തരവാദിത്തം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനാണെന്നു ദുരന്തനിവാരണ അതോറിറ്റി പഴിക്കുമ്പോള്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്ന ഉറച്ച നിലപാടിലാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥാ വകുപ്പില്‍നിന്നു ലഭിച്ച തെറ്റായ വിവരമാണ് ഇത്തരത്തില്‍ മുന്നറിയിപ്പു നല്കാന് കാരണമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥന് നല്‍കിയത്.
അതേസമയം, അത്തരത്തില്‍ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ പറഞ്ഞു. മണിക്കൂറില്‍ 35-45 കി.മി. വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള സാധാരണ മുന്നറിയിപ്പു മാത്രമാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരുന്നത്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മഴയുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്നു തെറ്റായ സന്ദേശം പ്രചരിച്ചത് ആറു ജില്ലകളിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. രാത്രി 10 മണി മുതല്‍ മൂന്നു മണിക്കൂര്‍ നേരത്തേക്കു കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
ഈ സന്ദേശം പഴയതാണെന്നറിയാതെ ആറു ജില്ലകളിലെയും എസ്പിമാര് കാറ്റിനെ നേരിടാന്‍ മുന്നൊരുക്കം തുടങ്ങി. സന്ദേശത്തില്‍ തീയതി ഉണ്ടായിരുന്നില്ല. ‘നൗ കാസ്റ്റ്’ എന്നപേരിലാണ് 21നു രാവിലെ 11 മണിയോടെ സന്ദേശം പ്രത്യക്ഷപ്പെട്ടത്. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ടു പെട്ടെന്നു നല്കുന്ന മുന്നറിയിപ്പാണ് നൗ കാസ്റ്റ്. രാത്രി കാറ്റടിക്കുമെന്ന പേരില്‍ രാവിലെ നൗ കാസ്റ്റ് സന്ദേശം വന്നപ്പോള്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി തയാറായില്ല.
ദിവസങ്ങള്‍ക്കു മുന്‍പുള്ള കാലാവസ്ഥാ പ്രവചന സന്ദേശം ഇന്നത്തേതെന്ന പേരില്‍ ജില്ലകളിലെ വാട്സാപ് ഗ്രൂപ്പുകളിലേക്കു പ്രചരിച്ചതു വൈകുന്നേരത്തോടെയാണ്. ഇതോടെ ആറു ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മുന്നൊരുക്കം തുടങ്ങി. പലരും ബോട്ടുകളും ക്രെയിനുകളും തയാറാക്കി. എസ്ഐമാര്‍ക്ക് എസ്പിമാര് പ്രത്യേക നിര്‍ദേശം നല്കി. വയര്‍ലസ് സന്ദേശങ്ങളും നല്കി.
രാത്രി കാറ്റടിക്കുമെന്നു ദുരന്ത നിവാരണ അതോറിറ്റി സ്റ്റേറ്റ് കണ്ട്രോള് റൂം അറിയിച്ചതായും എല്ലാ എസ്എച്ച്ഒമാരും (സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസര്‍മാര്‍) ജാഗ്രത പുലര്‍ത്തണമെന്നും ബോട്ടുകളും ക്രെയിനുകളും റെഡിയാക്കി നിര്‍ത്തണമെന്നും പൊലീസിന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചതോടെ വലിയ പരിഭ്രാന്തിയുണ്ടായി. പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ അതോറ്റിറ്റി ഓഫിസിലേക്കും നിരവധി പേരാണു വിളിച്ചത്.
അവസാനം രാത്രി പത്തോടെ ദുരന്ത നിവാരണ അതോറിറ്റി വാര്‍ത്താക്കുറിപ്പിറക്കി: നിലവില്‍ ഒരു തരത്തിലുള്ള മഴ മുന്നറിയിപ്പും സംസ്ഥാനത്തില്ലെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനാലാണു വാര്ത്തക്കുറിപ്പിറക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.