കേരളത്തിന് കൈത്താങ്ങായി മിസോറാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നല്‍കും; എംഎല്‍എമാര്‍ ഒരു ലക്ഷം വീതവും നല്‍കും
ഐസ്വാള്‍: പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് തണലാകാന്‍ മിസോറാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നല്‍കുമെന്ന് മിസോറാം സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ, മിസോറാമിലെ 34 കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ലക്ഷം രൂപ വീതം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന് മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലാ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ 153 കോടി രൂപയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇതില്‍ 25 കോടി നല്കി തെലുങ്കാനയാണ് കേരളത്തെ ഏറ്റവുമധികം പിന്തുണച്ചത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍,ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്.
അതേസമയം, പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ നല്കുന്ന സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 15 വര്‍ഷമായി തുടര്‍ന്നു വരുന്ന വിദേശ നയം മാറ്റേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 700കോടി രൂപയായിരുന്നു യുഎഇ കേരളത്തിന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന് അറിയിച്ചിരുന്നത്.
യുഎഇയെ കൂടാതെ ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഐക്യരാഷ്ട്ര സഭയും സഹായവും വാഗ്ദാനം ചെയ്തെങ്കിലും അതും കേന്ദ്രം നിരസിക്കുകയായിരുന്നു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള കഴിവുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്.
സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗും നിലപാടെടുത്തത്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്കാന് തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു. വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയില്‍ ദുരന്തങ്ങളെ മറികടക്കുകയെന്നതാണ് ഇന്ത്യ പിന്തുടരുന്ന നയം. അതേസമയം, അമേരിക്ക, ചൈന, ജപ്പാന്, പാകിസ്ഥാന്, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
സംസ്ഥാനത്ത് ആവശ്യമായ തുക നല്‍കാതെ മറ്റിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായള്‍കൂടി തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. 2000കോടിയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്, എന്നാല്‍ കേന്ദ്രം അനുവദിച്ചത് വെറും 500കോടിരൂപയാണ്.