നിലയ്ക്കാതെ പെയ്ത മഴയും ശക്തമായ ഒഴുക്കോടെ വന്ന പ്രളയവും കേരളക്കരയെ വിറപ്പിച്ച ദിനങ്ങളാണ് കടന്നു പോയത്. അതിനിടെയാണ് കേട്ടാല്‍ കണ്ണു നിറയുന്ന വാര്‍ത്ത നെടുങ്കണ്ടത്ത് നിന്നും പുറത്ത്
നെടുങ്കണ്ടം: നിലയ്ക്കാതെ പെയ്ത മഴയും ശക്തമായ ഒഴുക്കോടെ വന്ന പ്രളയവും കേരളക്കരയെ വിറപ്പിച്ച ദിനങ്ങളാണ് കടന്നു പോയത്. ശക്തമായ മണ്ണിടിച്ചിലില്‍ ഹൈറേഞ്ചില്‍ പലയിടത്തും കനത്ത നാശ നഷ്ടങ്ങളുണ്ടായിരുന്നു. അതിനിടെയാണ് കേട്ടാല്‍ കണ്ണു നിറയുന്ന വാര്‍ത്ത നെടുങ്കണ്ടത്ത് നിന്നും പുറത്ത് വരുന്നത്. പുതിയ വീട് നിര്‍മ്മിച്ച് ഒരു മാസം തികയും മുന്‍പേ കനത്ത മഴയില്‍ അത് തകര്‍ന്നു. വാര്‍ത്ത കേട്ടാല്‍ ഇത് ചെറിയ വീടാണെന്നാകും പലരും കരുതുക. എന്നാല്‍ സത്യമതല്ല. നല്ല ഒന്നാന്തരം ആഡംബര വീടാണ് പ്രകൃതിയുടെ താണ്ഡവത്തില്‍ ഇല്ലാതായത്. സമൂഹ മാധ്യമത്തില്‍ വീടിന്റെ ചിത്രം പ്രചരിച്ച് തുടങ്ങിയതോടെ ഇത് എവിടെയാണെന്നായി പലരുടേയും അന്വേഷണം. മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചന്റെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നടിഞ്ഞത്.
പുതിയ വീട് പണിത് താമസം ആരംഭിച്ച് ഒരു മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടെയാണ് ശക്മായ മഴയില്‍ വീടിരുന്ന ഭാഗത്തെ ഭൂമി വിണ്ടു കീറി ആദ്യ നില പൂര്‍ണമായും മണ്ണിനടിയിലായത്. ഈ ഭാഗത്തെ മണ്ണിടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്നാണ് വീട് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ കൃത്യമായ പഠനം നടത്തിയാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിയുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നാലു ദിവസം മുന്‍പു വീടിനു വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്നവര്‍ മറ്റൊരിടത്തേക്കു മാറിയിരുന്നു. വീട്ടുപകരണങ്ങള്‍ പറ്റുന്നിടത്തോളം മാറ്റി. വീടിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ വിണ്ടുകീറിയ നിലയിലാണ്. രണ്ടര കിലോമീറ്ററില്‍ അധികം പ്രദേശമാണു ഭൂമി പിളര്‍ന്നു മാറിയിരിക്കുന്നത്.
ഇതിനടുത്തുള്ള മാവടി കുഴികൊമ്പ് ഭാഗത്തു രണ്ടാള് താഴ്ചയില്‍ ഭൂമി ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. പല പ്രദേശങ്ങളിലെയും മണ്‍ഭിത്തികള്‍ തകര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. രണ്ടു നിലകളിലായി പണിത വീട് അത്യാധുനിക മോഡലിലുള്ളതായിരുന്നു. വീടിന്റെ മുന്‍ വശത്തെ തിണ്ണയുടെ മേല്കൂരയും തൂണുകളും അവിശ്വനീയമായ രീതിയിലാണ് ചെരിഞ്ഞ് നില്‍ക്കുന്നതായിരുന്നു ആദ്യം പുറത്ത് വന്ന ചിത്രം. വൈകാതെ വീടിന്റെ ഒന്നാം നില മണ്ണിനടിയിലായി. വീട്ടുകാര്‍ നേരത്തെ തന്നെ മാറിയതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. വീടിന് നല്ലൊരു തുക തന്നെ നിര്മ്മാണത്തിനായിട്ടുണ്ട്. ഈ ഭാഗത്ത് മണ്ണിന് ഒരു വിധം ഉറപ്പുണ്ടായിരുന്നിട്ടും ഭൂമി വിണ്ടു കീറിയതെങ്ങനെയെന്നത് നാട്ടുകാരെയും വിദഗ്ധരെയും അതിശയിപ്പിക്കുന്നുണ്ട്.
ഇടുക്കിയുടെ മിക്ക സ്ഥലങ്ങളിലും മഴ മാറിയെങ്കിലും മഴക്കെടുതികള്‍ ഇപ്പോഴും തുടരുകയാണ്. ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നു കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സൂചന ലഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മാലിന്യം ഒലിച്ചു പോയി. ഇന്‍സിനറേറ്ററിന്റെ ഒരു ഭാഗം തകര്‍ന്നു. മൂന്നാര്‍, ചെറുതോണി, അടിമാലി, മറയൂര്‍ മേഖലകള്‍ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞുവെങ്കിലും ജലനിരപ്പ് ഉയരുന്നുണ്ട്. നിലവിലെ ജലനിരപ്പ് 2402.28 അടിയാണ്. ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഇപ്പോഴും താഴ്ത്തിയിട്ടില്ല. ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ്, സെക്കന്‍ഡില്‍ എട്ടു ലക്ഷം ലീറ്ററില്‍ നിന്ന് ഏഴു ലക്ഷം ലീറ്ററായി കെഎസ്ഇബി കുറച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 9.13 ലക്ഷം ലീറ്ററാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 140 അടിയിലേക്കു താഴ്ന്നു.