കേരളാ ബാങ്ക് രൂപീകരണം പ്രതിസന്ധിയില്‍; റിസര്‍വ് ബാങ്ക് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ കേരളാ ബാങ്ക് പദ്ധതി പാളി എന്ന് റിപ്പോര്‍ട്ട്. 14 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന് റിസര്‍വ് ബാങ്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ പദ്ധതി ചിങ്ങം ഒന്നിനു പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പക്ഷേ അതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ 2017 സെപ്റ്റംബര്‍ 19നു ലഭിച്ചുവെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നുമാണു റിസര്‍വ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ നിയമപ്രകാരം ഓഗസ്റ്റ് 16നു നല്കിയ മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ബാങ്ക് ലയനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു സമര്‍പ്പിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നു അറിയിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക താല്പര്യങ്ങളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിനെ കേരള സര്‍ക്കാര്‍ എതിര്‍ക്കുന്നത്. മറുപടിയിലൊരിടത്തും കേരളാ ബാങ്ക് എന്ന പേര് റിസര്‍വ് ബാങ്ക് ഉപയോഗിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബാങ്ക് ലയനത്തിന് അനുമതി തേടി അപേക്ഷ ലഭിച്ചുവെന്നു മാത്രമാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ മാസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത് കേരള ബാങ്കിന്റെ പ്രഖ്യാപനം ഓഗസ്റ്റ് 17നു മുമ്പു നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ്. മാത്രവുമല്ല ബാങ്ക് രൂപീകരണം സംബന്ധിച്ച് നബാര്‍ഡ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ചില സംശയങ്ങള്‍ ഉന്നയിക്കുക മാത്രമാണു ചെയ്തതെന്നും മന്ത്രി പറഞ്ഞിരുന്നു. റിസര്‍വ് ബാങ്കിന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ബാങ്ക് ലയനത്തിനായി കേരള സര്‍ക്കാര്‍ നല്കിയ അപേക്ഷ നബാര്‍ഡിന്റെ ശുപാര്‍ശയ്ക്കായി ആര്‍ബിഐ കൈമാറിയിരുന്നു. അതില്‍ നബാര്‍ഡ് മുന്നോട്ടു വച്ച ഉപാധികളാണു റിസര്‍വ് ബാങ്ക് അനുമതി വൈകിപ്പിക്കുന്നതെന്നാണു സൂചന. അതുകൊണ്ട് തന്നെ നബാര്‍ഡ് മുന്നോട്ടുവച്ച ഉപാധികളില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്നു പരിശോധിച്ച ശേഷമേ ബാങ്ക് ലയനത്തിന് ആര്‍ബിഐ അനുമതി നല്‍കുകയുള്ളൂ.
എന്നാല്‍ ബാങ്ക് രൂപീകരണം പ്രതിസന്ധിയില്‍ നില്‍ക്കേ അതിനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ സഹകരണബാങ്കിന്റെ അഞ്ചു ശാഖകള്‍ പൂട്ടാന്‍ സഹകരണവകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. ബാങ്ക് ലയനം പൂര്‍ത്തിയാകുമ്പോള്‍ ഒരു ജില്ലയില്‍ 20 ശാഖകള്‍ മാത്രമേ പാടുള്ളുവെന്ന് ഇതു സംബന്ധിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദേശം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ അഞ്ഞൂറോളം ശാഖകള്‍ അടച്ചുപൂട്ടേണ്ടിവരും.
ബാങ്ക് രൂപീകരണം നീളുന്നതിനിടയിലും സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ വര്‍ഷം തുടക്കം മുതല്‍ പരിശീലനം ആരംഭിച്ചിരുന്നു. കോടിക്കണക്കിനു രൂപയാണ് സഹകരണബാങ്കുകള്‍ പരിശീലനത്തിനായി ചെലവിടുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ബാങ്കുകളിലുമായി ഏകദേശം 6100 ഉദ്യോഗസ്ഥരും സംസ്ഥാന സഹകരണബാങ്കില്‍ മുന്നൂറോളം ഉദ്യോഗസ്ഥരുമാണുള്ളത്. പരിശീലനം പൂര്‍ത്തിയാക്കാന്‍ ജില്ലാ ബാങ്കുകള്‍ കോടികള്‍ മുടക്കേണ്ടിവരും.
നിലവില്‍ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, താഴേത്തട്ടില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ ത്രിതല സംവിധാനത്തിലാണ് സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖല പ്രവര്‍ത്തിക്കുന്നത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ ഇതു രണ്ടു തട്ടായി മാറും. സംസ്ഥാനതലത്തില്‍ കേരള ബാങ്കും താഴെ പ്രാഥമിക ബാങ്കുകളും മാത്രമാകും. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ സമൂല പരിവര്‍ത്തനമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 1600ലേറെ വരുന്ന പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു സാങ്കേതിക സഹായമടക്കം നല്കാന് കേരള ബാങ്കിനു കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ ലയനത്തിനു ശേഷം സംസ്ഥാന സഹകരണബാങ്കിന്റെ ലൈസന്‍സിലാണു കേരള ബാങ്ക് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇത് അത്രത്തോളം എളുപ്പമാകില്ലെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് ലയനത്തിനു മുമ്പ് ആധുനിക ബാങ്കിങ് ലൈസന്‍സ് നേടേണ്ടിവരുമെന്നാണ് ഇവരുടെ അഭിപ്രായം. അതുവേണ്ടിവന്നാല് കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണമാകുകയും ചെയ്യും.