കരതെളിയുന്നു; അതിജീവിക്കുന്നു കേരളം
തിരുവനന്തപുരം: അഞ്ചു ദിവസങ്ങളായി നീളുന്ന പ്രളയക്കെടുതിയിൽ നിന്ന് കേരളം കരകയറിത്തുടങ്ങി. മഴ കുറഞ്ഞതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെ പ്രളയത്തിൽപ്പെട്ട 8,46,000 പേരെ രക്ഷപ്പെടുത്തിക്കഴിഞ്ഞു. ഇനിയും കുറേയാളുകളെ രക്ഷപ്പെടുത്താനുണ്ട്.
3732 ക്യാമ്പുകൾ സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നു. എല്ലാ ജില്ലകളിൽ നിന്നും റെഡ് അലെർട്ട് പിൻവലിച്ചു. എന്നാൽ ചെങ്ങന്നൂരിൽ സ്ഥിതി ഗുരുതരം തന്നെയാണ്. പലയിടത്തും നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്.
പലരും വീട് വിട്ട്ഇറങ്ങാൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും പറയുന്നു. ജലനിരപ്പ് താഴ്ന്നെങ്കിലും വീടുകളിൽ കഴിയുന്നത് സ്ഥിതി ഗുരുതരമാക്കുമെന്ന് രക്ഷാപ്രവർത്തകർ മുന്നറിയിപ്പ് നല്കിയിട്ടും ഇതാണവസ്ഥ . ചെങ്ങന്നൂരിൽ സേനകളുടെ രക്ഷാപ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്.
പറവൂരിൽ ദുരിതാശ്വാസക്യാമ്പുകളിൽ നിന്ന് ആളുകൾക്ക് തങ്ങളുടെ വീടുകളിലേക്ക് മടങ്ങാറായിട്ടില്ല. പല ക്യാമ്പുകളിലും സ്ഥിതി ശോചനീയമാണ്. പറവൂരിൽ ഇന്നലെ പള്ളികെട്ടിടം ഇടിഞ്ഞുവീണ് മരിച്ച രണ്ട് പേരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ റോഡ്- റെയിൽഗതാഗതവും പുന:സ്ഥാപിച്ചു.
സംസ്ഥാനത്ത് ഇന്ന് ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതിനിടെ തൃശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഒരു മൃതദേഹം കൂടി ഇന്ന് കിട്ടി.
തൃശൂർ കരുവന്നൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മോഹനൻ എന്നയാളാണ് മരിച്ചത്. പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കിട്ടി. കോട്ടയം പനച്ചിക്കാട് ഗോപാലകൃഷ്ണൻ നായർ എന്നയാള് വെള്ളക്കെട്ടിൽ വീണു മരിച്ചു. പന്തളം തുമ്പമൺ അമ്പലക്കടവിനടുത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കണ്ണാടിക്കലിൽ കാണാതായ സിദ്ദിഖിന്റെ മൃതദേഹം കിട്ടി.
പെരിയാറിൽ അഞ്ചടി വെള്ളം താഴ്ന്നിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് കുറഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസക്യാംപുകളിൽ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്.