മഴ മാറുന്നു; രക്ഷാപ്രവര്‍ത്തനം ഊർജിതം; പുറത്തെത്താൻ ആയിരങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ ഇന്നോടു കൂടി രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരും പാണ്ടനാടും ഉള്‍പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം രാവിലെ മുതല്‍ സജീവമാണ്. ആലുവ, ചാലക്കുടി, അപ്പര്‍ കുട്ടനാട്, പന്തളം, പറവൂര്‍, തിരുവല്ല എന്നിവിടങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്ത മുഖത്ത് അഞ്ചാം ദിനമായ ഇന്നും രക്ഷകരെയും കാത്ത് നിരവധി പേർ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുണ്ടെന്നാണ് വിവരം.
അഞ്ച് ഹെലികോപ്റ്ററുകള്‍ കൂടി ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനായി എത്തും. നെല്ലിയാമ്പതിയിലേക്ക് ഭക്ഷണവും വെളളവുമായി ഹെലികോപ്റ്റര്‍ പറക്കും. അടിയന്തര വൈദ്യസഹായം ആവശ്യമുളള ഗര്‍ഭിണികളെയും വൃദ്ധരെയും കുട്ടികളെയും കൊണ്ടാകും ഹെലികോപ്റ്റര്‍ തിരികെ വരിക. രണ്ടായിരത്തിലധികം പേരാണ് ഇവിടെ കുടങ്ങിയിരിക്കുന്നത്.
ചെങ്ങന്നൂർ പ്രദേശത്തു നിന്നു വൈകുന്നേരത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കഴിഞ്ഞ ദിവസം ഇവരിൽ മിക്കവർക്കും ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. ഇന്നലെ ചെങ്ങന്നൂരില്‍ നിന്നു മാത്രം 17,000ത്തോളം ആളുകളെയാണ് രക്ഷപ്പെടുത്തിയത്.
കുട്ടനാട്ടിൽ നിന്നു ജനങ്ങളെ പൂർണമായും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. കുമരകം മുതൽ വൈക്കംവരെ പതിനായിരത്തോളം വീടുകൾ വെള്ളത്തിനടിയിലായി. അപ്പർ കുട്ടനാട്ടിലും പ്രതിസന്ധി രൂക്ഷമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ട്. ഉൾപ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനും ശ്രമം ഊർജിതമാണ്.
അതേസമയം ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇപ്പോഴും ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചത് തെല്ല് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ മൂന്നു ജില്ലകളിൽ റെഡ് അലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, തൃശ്ശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 2402.1 അടിയായാണ് ഉയർന്നത്. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ കുറയുന്നതായാണ് റിപ്പോർട്ട്. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ എന്നീ നദകളിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ എറണാകുളം, തൃശ്ശൂർ ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായമാകുന്നുണ്ട്.