മുല്ലപ്പെരിയാറില്‍ കേന്ദ്ര ഇടപെടല്‍;ജല കമ്മീഷന് ചെയര്മാന് അധ്യക്ഷനായി പുതിയ സമിതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍. ജല കമ്മീഷന് ചെയര്മാന് അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു.കേരളം, തമിഴ്നാട് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. ജലനിരപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കുവാനും സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്കുന്നതിനുമാണ് പുതിയ സമിതി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാനാകുമോയെന്ന് സുപ്രീംകോടതി തമിഴ്നാടിനോട് ആരാഞ്ഞിരുന്നു. ജലനിരപ്പ് 139 അടിയാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കണം. നാളെ രാവിലെ റിപ്പോര്‍ട്ട് നല്കാന് ഉപസമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കില്ലെന്ന് നേരത്തെ തമിഴ്നാട് വ്യക്തമാക്കിയിരുന്നു. ജലനിരപ്പ് 142 അടിയില്‍ തന്നെ നിലനിര്‍ത്തുമെന്നാണ് എടപ്പാടി പളനിസ്വാമി അറിയിച്ചത്. ഡാം സുരക്ഷിതമാണെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എടപ്പാടി പളനിസ്വാമി കത്തയച്ചു.അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമിഴ്നാടിന്റെ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്.
142 അടി വരെ ജലിനരപ്പ് ഉയര്‍ന്നാലും ഡാം സരക്ഷിതമാണെന്നാണ് തമിഴ്നാട് നേരത്തേയും വ്യക്തമാക്കിയിരുന്നത്. കേന്ദ്രം ഇടപെട്ടിട്ടും തങ്ങളുടെ നിലപാട് തിരുത്താന്‍ ഇവര്‍ തയ്യാറായില്ല.
സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി ബുധനാഴ്ച രാത്രിയേറെ വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. സെക്കന്‍ഡില്‍ 4489 ഘനയടി വെള്ളമാണ് ഡാമില്‍ നിന്നു പുറന്തള്ളുന്നത്.
അണക്കെട്ടില്‍ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തുകയാണ്. കേരളത്തിലെ എല്ലാ നദികളും കരകവിഞ്ഞ് ഒഴുകി കൊണ്ടിരിക്കുകയാണ്. കടലിലേക്ക് വെള്ളം ഒഴുകി പോകാതെ ആലുവ, പറവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ വെള്ളത്തിലായി. മുല്ലപ്പെരിയാറില്‍നിന്ന് ഇപ്പോള്‍ തുറന്ന് വിട്ടിരിക്കുന്ന വെള്ളം എത്തിയിരിക്കുന്നത് പെരിയാറിലൂടെ ആലുവയിലാണ്.