ദുരിതപ്പേമാരി: ഹൈറേഞ്ചിൽ ഉരുൾപൊട്ടൽ വ്യാപകം, മരണസംഖ്യ 60കടന്നു
കൊച്ചി: ദുരിതപേമാരിയില് സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 68 പേര്. ഇതില്‍ 28 പേരും മരിച്ചത് വ്യാഴാഴ്ച്ചയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടരുകയാണ്. ഒരു തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്താണ് വീണ്ടും ഉരുള്‍പൊട്ടുന്നത്. നിരവധി പേര് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അഞ്ചു ജില്ലകളില്‍ ഉരുള്‍ പൊട്ടലുണ്ടായി. കോട്ടയം, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
തൃശൂർ- ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് റോഡരികിലുള്ള വീടുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും സംശയക്കുന്നു. കനത്ത മഴ ഇവിടുത്തെ രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
തൃശൂർ -പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞ് ടാക്സി കാറിനു മുകളിൽ വീണ് ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽ പെട്ടത്. ഈ വഴിയിൽ ഗതാഗതം സ്തംഭിച്ചു. ഇവിടെ 20 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ചാലക്കുടി നഗരത്തിലുള്‍പ്പടെ വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്.
ചെറുതുരുത്തി കൊറ്റമ്പത്തൂരിൽ ഉരുൾപൊട്ടി മൂന്ന് പേരെ കാണാതായി. വ്യാഴാഴ്ച രാവിലെയാണ് ഉരുൾപൊട്ടിയത്. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ പുരോഗമിച്ചുവരികയാണ്.
പാലക്കാട് നെന്മാറ ആതനാട് ഉരുൾപൊട്ടലിൽ ഏഴുപേർ മരിച്ചു. നാലുപേരെ കാണാതായി. മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഉരുൾപൊട്ടലിൽ മൂന്നുപേരെ കാണാതായി. ധോണിയിൽ ഉരുൾപ്പൊട്ടൽ ആളപായമില്ല. എടത്തനാട്ടുകര ഉപ്പുകുളം ചോലയിൽ ഉരുൾപൊട്ടി. മംഗലം ഡാം പരിസരത്ത് ഓടത്തോട്, പാലക്കുഴി, പനകുറ്റി, പോത്തുംപുഴ എന്നിവടങ്ങളിൽ ഉരുൾപൊട്ടി കൃഷിയിടം ഒലിച്ചുപോയി. സൈലന്റ് വാലിയിൽ ജീവനക്കാരുടെ ക്യാംപിലേക്ക് മണ്ണിടിഞ്ഞുവീണു. തലനരിഴയ്ക്ക് ജീവനക്കാർ രക്ഷപെട്ടു.
കണ്ണൂർ അമ്പായത്തോട്ടിൽ വീണ്ടും ഉരുൾപൊട്ടി. അമ്പായത്തോട്ടിലെ വനമേഖലയിലാണ് രാവിലെ 11.30ഓടെ വീണ്ടും ഉരുൾപൊട്ടിയത്. ആളപായമില്ലെന്നാണ് സൂചന. ഉരുൾപൊട്ടലിനെ തുടർന്ന് മലയിടിഞ്ഞ് വീഴുകയും ചെയ്തു.
കോഴിക്കോട് ജില്ലയിൽ മഴദുരിതങ്ങൾ തുടരുന്നു. കൂടരഞ്ഞി പഞ്ചായത്തിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീടു തകർന്നു രണ്ടുപേർ മരിച്ചു. മാവൂരിനടുത്ത് ഊർക്കടവിൽ മണ്ണിടിഞ്ഞ് രണ്ടു കുട്ടികളും മരിച്ചു. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലായി മൊത്തം അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി. കൂരാച്ചുണ്ട് പഞ്ചായത്തിലും കുറ്റ്യാടിച്ചുരത്തിലും ഉരുൾപൊട്ടി. പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുന്നിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. കഴിഞ്ഞദിവസം ഇവിടെ ഉരുൾപൊട്ടലുണ്ടായി ഒരാൾ മരിച്ചിരുന്നു.
കക്കയം ഡാം സൈറ്റ് റോഡിൽ വീണ്ടും ഉരുൾപൊട്ടിയതായി വിവരമുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയിടിച്ചിലുണ്ട്. തിരുവമ്പാടി കൂടരഞ്ഞി കൽപനിയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർ മരിച്ചു. നാലുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.