മഹാപേമാരിയിൽ മുങ്ങി മലയാളക്കര: 33 ഡാമുകൾ തുറന്നു, സംസ്ഥാനത്ത് അതീവ ജാഗ്രത
കൊച്ചി: സംസ്ഥാനത്തെയാകെ ദുരിതത്തിലാഴ്ത്തി ദുരിതപ്പെയ്ത്ത് തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ പെയ്യുന്ന കനത്ത മഴയ്ക്ക് ഇതുവരെ ശമനമായിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ തുടങ്ങിയ മഴയിൽ ഇതുവരെ എട്ട് പേർ മരിച്ചു. ഉരുൾപൊട്ടൽ അടക്കമുള്ള അപകടസാദ്ധ്യതകൾ കണക്കിലെടുത്ത് 14 ജില്ലകളിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ 17 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 16 വരെയാണ് ഓറഞ്ച് അലർട്ട്. ദുരിതാശ്വസ, രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ കേന്ദ്രസേന സസ്ഥാനത്ത് എത്തിച്ചേർന്നു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില വെള്ളം പരമാവധി സംഭരണ ശേഷിയിലെത്തി. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. 13 സ്പില്‍വേ ഷട്ടറുകളും തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഇടുക്കി- ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയായി ഉയര്‍ന്നു. സെക്കൻഡില്‍ 1200 ഘനമീറ്റര്‍ വെളളമാണ് തുറന്നുവിടുന്നത്.
ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് 33 ഡാമുകൾ ഒരേസമയം തുറന്നിട്ടു. പമ്പ കരകവിഞ്ഞൊഴുകയാണ്. പെരിങ്ങൽക്കുത്ത് ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നുവിട്ടതോടെ ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്കമുണ്ടായി. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലങ്കര അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും ഒന്നര മീറ്റർ വീതം ഉയർത്തി. തെന്മല ഡാമിന്റെ ഷട്ടറുകൾ 120 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്
മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശികളായ അനീസ്, ഭാര്യ മുനീറ, ഇവരുടെ ആറുവയസുകാരനായ മകന് ഉബൈദ് എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ട് മുറികളുളള വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. മൂന്നാറില്‍ പോസ്റ്റ് ഓഫിസിന് സമീപത്തെ ശരവണ ഭവന് ലോഡ്ജ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നുവീണ് ജീവനക്കാരന് മരിച്ചു. തമിഴ്നാട് സ്വദേശിയായ മദനാണ് മരിച്ചത്. ലോഡ്ജില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.
പത്തനംതിട്ട റാന്നിയില്‍ വീട്ടിനുളളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസിയാണ് മരിച്ചത്. തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശിയായ ഗോപാലന്(77)ആണ് മരണമടഞ്ഞത്. കൊല്ലത്ത് അഷ്ടമുടിക്കായലില്‍ മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളി വളളം മുങ്ങിമരിച്ചു.