ഒമാനില്‍ പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ചത് നൂറിലേറെ നഴ്സുമാര്‍ക്ക്; ആനുകൂല്യങ്ങളില്‍ വിവേചനമെന്നു പരാതി
മസ്കറ്റ്: ഒമാനില്‍ പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ചത് നൂറിലേറെ മലയാളി നഴ്സുമാര്‍ക്ക്. 15 മുതല്‍ 25 വര്‍ഷത്തെ വരെ തൊഴില്പരിചയമുള്ളവരെയാണു വിവിധ ആശുപത്രികളില്‍നിന്നു പിരിച്ചുവിടുന്നത്. പിരിഞ്ഞുപോകുമ്പോഴുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ പലരോടും വിവേചനം കാണിക്കുകയാണെന്നു പരാതിയുണ്ട്. ഗ്രാറ്റുവിറ്റിയായി ലഭിക്കേണ്ട തുക മുഴുവന്‍ നല്‍കുന്നില്ലെന്നാണു പരാതി. സ്വദേശിവല്‍കരണ നടപടികളുടെ ഭാഗമായാണു വിദേശികളെ ഒഴിവാക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു.
ഖൗല, നിസ്വ, റുസ്താഖ്, ഇബ്രി, ഇബ്ര, സൂര്, മസീറ, സലാല എന്നിവിടങ്ങളിലെ നൂറിലേറെ നഴ്സുമാര്‍ക്ക് ഇതിനോടകം നോട്ടിസ് ലഭിച്ചുകഴിഞ്ഞതായാണു വിവരം. 1994ല്‍ കൊണ്ടുവന്ന വ്യവസ്ഥയുടെ ഭാഗമായുള്ള കരാറില്‍ ഒപ്പുവച്ചവര്‍ക്കുമാത്രം മുഴുവന്‍ ഗ്രാറ്റുവിറ്റിയും നല്‍കുകയും അല്ലാത്തവര്‍ക്ക് 12 വര്‍ഷം കണക്കാക്കിയുള്ള ആനുകൂല്യം നല്കി ഒഴിവാക്കുകയാണെന്നുമാണു പരാതി. ഏതാനും മാസങ്ങളായാണ് ഇക്കാര്യത്തില്‍ അധികൃതര്‍ കര്‍ശന നിലപാട് എടുക്കുന്നതത്രേ. ഇതുമൂലം ഒരേ സമയത്തു ജോലിക്കു കയറിയ ചിലര്‍ക്കു മുഴുവന്‍ ആനുകൂല്യവും കിട്ടുകയും മറ്റുചിലര്‍ക്കു കിട്ടാതിരിക്കുകയും ചെയ്തുവെന്നും പറയുന്നു.
പിരിച്ചുവിടല്‍ നോട്ടിസ് കിട്ടിയ ചിലരോടു കാത്തിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കും വ്യക്തമായ മറുപടി കിട്ടുന്നില്ല. ആദ്യകാലങ്ങളില്‍ ജോലിക്കു കയറിയ പലരും നിശ്ചിത കരാറുകളില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ മുഴുവന്‍ ആനുകൂല്യവും കിട്ടാതെ നാട്ടിലേക്കു മടങ്ങേണ്ടിവരുമെന്നാണ് ആശങ്ക. അതേസമയം, ഇത്തരമൊരു കരാറിനെക്കുറിച്ചു പലര്‍ക്കും കേട്ടറിവുപോലുമില്ല. ജീവിതത്തിന്റെ വലിയാരു കാലം സേവനം നടത്തിയവരെ ഇങ്ങനെ വേര്‍തിരിക്കുന്നതു വിവേചനമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ആനുകൂല്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാതെ നാട്ടിലേക്കു മടങ്ങില്ലെന്നാണു പലരുടെയും തീരുമാനം. പരാതിനല്‍കിയാല്‍ ആനുകൂല്യങ്ങളൊന്നും കിട്ടാതാകുമെന്നും ഇവര്‍ ഭയക്കുന്നു.
കൂടുതല്‍ സ്വദേശികള്‍ വിദ്യാഭ്യാസം നേടി ഈ രംഗത്തേക്കു കടന്നുവരുന്നതും ഫിലിപ്പീന്‍സ് സ്വദേശികളുടെ തള്ളിക്കയറ്റവുമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഭീഷണിയാകുന്നത്. കുറഞ്ഞവേതനത്തില്‍ ജോലി ചെയ്യാന്‍ മറ്റുനാട്ടുകാര്‍ തയാറാകുന്നുമുണ്ട്.