പ്രീമിയം മള്‍ട്ടിപ്ലക്സ്: മലയാളികള്‍ക്ക് കാര്‍ണിവല്‍ സിനിമാസിന്റെ ഓണസമ്മാനം
കൊച്ചി: മലയാളിയുടെ സിനിമാ അനുഭവത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് കാര്‍ണിവല്‍ സിനിമാസിന്റെ സംസ്ഥാനത്തെ ആദ്യത്തെ പ്രീമിയം മള്‍ട്ടിപ്ലക്സ് ഓണത്തിന് പ്രവര്‍ത്തനമാരംഭിക്കും. ആലുവ അങ്കമാലി ദേശീയപാതയില്‍ കരിയാടാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടി മള്‍ട്ടിപ്ലക്സ് തുറക്കുക. രണ്ട് സ്ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 264 സീറ്റുകളാണ് ഇവിടെയുള്ളത്. ഇതില്‍ 64 സീറ്റുകള്‍ സുഖകരമായ അനുഭവം നല്കുന്ന കിടന്നുകൊണ്ടുപോലും സിനിമാ കാണാവുന്ന റിക്ലെയിനിംഗ് വിഐപി സീറ്റുകളാണ്.
2-കെ പ്രോജക്ടര്‍, ഡോള്‍ബി അത്യാധുനിക ശബ്ദ സംവിധാനം, 3ഡി, എക്സ്ക്ലുസിവ് പിസയടക്കമുള്ള വ്യത്യസ്ത രുചിഭേദങ്ങളുമായി ഭക്ഷണ കൗണ്ടറുകള്‍, വിശാലവും സുരക്ഷിതവുമായ വാഹന പാര്‍ക്കിംഗ്, പ്രേക്ഷകര്‍ക്ക് സഹായങ്ങളുമായി പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാര്‍ എന്നിവ ഈ മള്ട്ടിപ്ലക്സിനെ വ്യത്യസ്തമാക്കുന്നു.
അങ്കമാലിയില്‍ 2012 ല്‍ ആഗസ്റ്റ് 18ന് കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ മൂന്നു സ്ക്രീനുകളോടു കൂടിയ മള്‍ട്ടിപ്ലക്സ് ആരംഭിച്ച് കാര്‍ണിവല്‍ ഗ്രൂപ്പ് ഈ രംഗത്തു വരുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ വലിയ മള്‍ട്ടിപ്ലക്സ് ഓപ്പറേറ്ററായ കാര്‍ണിവല്‍ സിനിമാസിന് രാജ്യത്ത് നിലവില്‍, വിവിധ സംസ്ഥാനങ്ങളിലായി 500 ലേറെ സ്ക്രീനുകളുണ്ട് .
2019ല്‍ 1000 സ്ക്രീനുകളാണ് കാര്‍ണിവല്‍ സിനിമാസിന്റെ ലക്ഷ്യം. ഈ വര്‍ഷം കേരളത്തില്‍ കൂടുതല്‍ സ്ക്രീനുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. യുഎഇയിലേയും ബഹ്റിനിലെയും നോവാ സിനിമാസിന്റെ 10 സ്ഥലത്തായി പ്രവര്‍ത്തിച്ചു വരുന്ന 104 സ്ക്രീനുകള്‍ കാര്‍ണിവല്‍ സിനിമാസ് ഏറ്റെടുത്തിരുന്നു. ഇവിടെ 50 സ്ക്രീനുകള്‍ കൂടി ഉടന്‍ ആരംഭിക്കും.
ശ്രീകാന്ത് ഭാസി ചെയര്‍മാനായ കാര്‍ണിവല്‍ ഗ്രൂപ്പിന് സിംഗപ്പൂരിലും സ്ക്രീനുകളുണ്ട്. സിംഗപ്പൂര്‍ ഫിലിം എക്സിബിഷന് വിപണിയില്‍ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചിരുന്നു. സിനിമാ ആസ്വാദനത്തിന്റെ, മികച്ച ദൃശ്യാനുഭവങ്ങളുടെ ഓണ സമ്മാനമാണ് കാര്‍ണിവല്‍ സിനിമാസ് ഇത്തവണ കരിയാട്ടിലെ മള്‍ട്ടിപ്ലക്സില്‍ ഒരുക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ പി.വി. സുനില്‍ അറിയിച്ചു . കേരളത്തിലെ ഇരുപത് ഇടങ്ങളിലായി 50 സ്ക്രീനുകളുള്ള കാര്‍ണിവല്‍ സിനിമാസിന് കരിയാട്ടില്‍ രണ്ട് സ്ക്രീനുകള്‍ കൂടി ആരംഭിക്കുന്നതോടെ സ്ക്രീനുകളുടെ എണ്ണം 52 ആകും .