‘നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട; കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകും’; വിമര്‍ശകര്‍ക്ക് മോഹന്‍ലാലിന്റെ മറുപടി
തിരുവനന്തപുരം: വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വിവാദത്തില്‍ മോഹന്‍ലാല്‍. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ട. സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നതു കാണുന്നത് അവകാശവും കടമയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യാതിഥിയായല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. നിറഞ്ഞ കയ്യടിയോടെയാണ് മോഹന്‍ലാലിന്റെ വാക്കുകളെ കാണികള്‍ സ്വീകരിച്ചത്. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായി മോഹന്‍ലാല്‍ എത്തിയത് കാണികളില്‍ ആവേശമുണര്‍ത്തി.
‘ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്നേഹം പങ്കിട്ട് വളര്‍ന്ന എന്റെ നഗരം. ഞാന്‍ പഠിച്ചത്, വളര്‍ന്നത്, എന്റെ അച്ഛന് ജോലി ചെയ്തത്, എന്റെ അമ്മ ക്ഷേത്രത്തില്‍ പോയിരുന്നത്.. എല്ലാം ഈ വീഥികളിലൂടെയാണ്. ഈ തിരുവനന്തപുരത്തു നിന്നാണ് എന്റെ 40 വര്‍ഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല. ഇന്ദ്രന്‍സിനോളം എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമര്‍ശനമാണ് തോന്നിയിട്ടുള്ളത്.
‘നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയെയോ വിട്ടു ഞാനെങ്ങും പോയിട്ടില്ല. നാല്പതു വര്‍ഷമായി ഇവിടെ തന്നെയുണ്ട്. സിനിമയില്‍ എനിക്ക് കുറിച്ചുവച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാന്‍ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാല്‍ എനിക്ക് ഇരിക്കാന്‍ ഒരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിര്‍ത്തട്ടെ, നന്ദി’- മോഹന്‍ലാല്‍ പറഞ്ഞു.
സങ്കുചിത മത, വര്‍ഗീയ താത്പര്യങ്ങള്‍ക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് കഴിയണമെന്ന് ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്ത ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വര്‍ഗീയത നിര്‍വീര്യമാക്കാന്‍ കലാ, സിനിമാപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. ഏതു കലാകാരനും നിര്‍ഭയം കലാപ്രവര്‍ത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്ക് നിലനിര്‍ത്താനാകണം. മാറിയ കാലത്തിന്റെ മൂല്യത്തിനനുസരിച്ച് മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാകുന്നത് നല്ല പ്രവണതയാണ്. ഇത്തരം കലാകാരന്മാരിലാണ് സമൂഹത്തിന്റെ പ്രതീക്ഷ.
ഇവരുടെ ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സമൂഹത്തിന്റെ ജാഗ്രതാപൂര്‍ണമായ ഇടപെടല്‍ വേണം. ചലച്ചിത്രരംഗത്തിന്റെ പുരോഗമന സ്വഭാവത്തിനുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാര്‍ഡുകള്‍. ഉന്നത മാനവമൂല്യം പുലര്‍ത്തുന്ന സൃഷ്ടികള്‍ അംഗീകാരം കിട്ടിയവയില്‍ ഏറെയുണ്ട്. തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാര്‍ഡുകളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജെ.സി. ഡാനിയല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ഇന്ദ്രന്‍സ്, നടിക്കുള്ള അവാര്‍ഡ് ലഭിച്ച പാര്‍വതി, സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും മറ്റു വിഭാഗങ്ങളില്‍ അവാര്‍ഡ് ലഭിച്ചവരും മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ബഹുജനപങ്കാളിത്തത്തോടെ വിപുലമായാണ് ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സാംസ്കാരികമന്ത്രി എ.കെ.ബാലന് പറഞ്ഞു.
ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ.ചന്ദ്രശേഖരന്, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, മേയര്‍ വി.കെ.പ്രശാന്ത്, കെ.മുരളീധരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കെടിഡിസി ചെയര്മാന് എം.വിജയകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു, ബീന പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.