കനത്ത മഴയും ഉരുൾ പൊട്ടലും; വിവിധ ജില്ലകളിലായി 16 മരണം
കോഴിക്കോട്: സംസ്ഥാനത്ത് ദുരിതങ്ങൾ വിതച്ച് അതിശക്തമായ മഴ തുടരുന്നു. മഴയിലും ഉരുൾ പൊട്ടലിലും വിവിധ ജില്ലകളിലായി 16 മരണം. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് ഉരുള്പൊട്ടലുണ്ടായത്. ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്ത് മരണം. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വയനാട്ടിലും ഒരുമരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. പെരിയാർവാലിയിൽ രണ്ടുപേരെ കാണാതായിട്ടുണ്ട്.
ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ അഞ്ചു പേരും കഞ്ഞിക്കുഴി പെരിയാർവാലിയിൽ ഉരുൾപൊട്ടലിൽ രണ്ടു പേരും മരിച്ചു. അടിമാലി മൂന്നാർ റൂട്ടിൽ ദേശീയ പാതയ്ക്ക് സമീപം പുത്തൻകുന്നേൽ ഹസൻ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ ഹസൻകോയയുടെ ഭാര്യ ഫാത്തിമ, മകൻ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയ ഫാത്തിമ, ദിയ സന എന്നിവരാണ് മരിച്ചത്. ഷെമീനയുടെയും മക്കളുടെയും മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ഹസൻകോയയും ബന്ധുവായ സൈനുദ്ദീനും പരുക്കുകളോടെ രക്ഷപ്പെട്ടു. ഏഴുപേരാണിവിടെ ഉണ്ടായിരുന്നത്.
ഇടുക്കി കഞ്ഞിക്കുഴി പെരിയാർവാലിയിലുണ്ടായ ഉരുൾ പൊട്ടലിൽ രണ്ട് പേർ മരിച്ചു. കഞ്ഞിക്കുഴി പെരിയാർ വാലിയിൽ കൂടക്കുന്നേൽ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ലഭിച്ചിട്ടുണ്ട്. മലപ്പുറം നിലമ്പൂർ ചെട്ടിയം പാറയിൽ ഒഴുക്കിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. ഒരാളെ കാണാതായി. ഉരുൾപ്പൊട്ടലിലെ മലവെള്ളപ്പാച്ചിൽ ഇവർ ഒഴുകി പോകുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണിപ്പോഴും. കാളിക്കാവ്, നിലമ്പൂർ, കരുവാരക്കുണ്ട് മേഖലകളിലും ഉരുൾ പൊട്ടിയിട്ടുണ്ട്. ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന് സമീപം ഉരുൾപൊട്ടി. സ്റ്റേഷൻ ഭാഗികമായി തകർന്നു. ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകൾ പൂർണമായും ഏഴുവീടുകൾ ഭാഗികമായി തകർന്നു. മണ്ണിടിഞ്ഞ് ജോർജിന്റെ ഭാര്യ ലില്ലി എന്ന സ്ത്രീ മരിച്ചു. രണ്ടു ദിവസമായി തുടരുന്ന മഴയിൽ ജില്ല ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും നേതൃത്തിൽ മണ്ണ് മാറ്റാനുള്ള ശ്രമം തുടരുന്നു.വയനാട് താമരശേരി ഒമ്പതാം വളവിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. രണ്ട് ദിവസമെങ്കിലും കഴിയാതെ ഗതാഗതം സുഗമമാക്കാൻ സാധിക്കില്ല. മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.