വാഷിങ്മെഷീനില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു; അമ്മ അറസ്റ്റില്‍
വാഷിങ്ടണ്‍: വാഷിങ്മെഷീനില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കഴിഞ്ഞ ഒക്ടോബറിലാണ് അര്‍ക്കന്‍സാസിലെ വീട്ടില്‍ മനസാക്ഷിയെ നടുക്കിയ അപകടം നടന്നത്. ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് അമ്മ ബ്രൂക്ക് ഹാനി മരുന്നുകഴിച്ച് മയക്കത്തിലായിരുന്ന സമയത്താണ് മൂന്നു വയസുകാരിയായ മകള്‍ അലക്സിസ് ഹാനി വാഷിങ്മെഷീനുളളില് കയറുകയും വാതിലടക്കുകയും ചെയ്തത്. അലക്സിസ് കയറി വാതിലടച്ചപ്പോള്‍ മെഷീന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ചൂടുവെള്ളം വന്നു നിറഞ്ഞു. പൊള്ളലേറ്റ കുഞ്ഞ് മരിക്കുകയും ചെയ്തു.
വസ്ത്രം അലക്കുന്നതിന് പതിവായി സഹായിക്കാറുണ്ടെന്നാണ് ബ്രൂക്കിന്റെ മറ്റൊരു മകള്‍ പൊലീസിനോട് പറഞ്ഞത്. വസ്ത്രങ്ങള്‍ കഴുകാനിടുന്ന ഈ വാഷിങ്മെഷീന്‍, വാതിലടച്ചാല്‍ തനിയെ സ്വിച്ച് ഓണ്‍ ആയി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്നതായിരുന്നു. വസ്ത്രങ്ങള്‍ കഴുകി കഴിഞ്ഞാല്‍ ഒരു കുട്ടി തുറന്നുകിടക്കുന്ന മെഷീനില്‍ കയറി വസ്ത്രങ്ങള്‍ ഡ്രെയറിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
മൂന്നുവയസുകാരി കയറി വാതിലടച്ചപ്പോള്‍ മെഷീന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പൊള്ളലേറ്റുണ്ടായ പരിക്കുകള്‍ കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കല്ഹണ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഈ ആഴ്ച ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അധികൃതര്‍ അറിയിച്ചു.
വാഷിങ്മെഷീനിലെ ചൂടുവെള്ളത്തില്‍ വീണ് കുഞ്ഞ് മരിച്ചതെന്ന വാര്‍ത്ത തന്നെ വേദനിപ്പിച്ചെന്ന് അയല്‍ക്കാരിയായ ബോബി ഹോള്മസ് പറഞ്ഞു. അവള് എന്തുമാത്രം വേദന സഹിച്ചിരിക്കും. തനിക്കത് സങ്കല്പ്പിക്കാന് പോലും കഴിയില്ലെന്നും അവര്‍ പറയുന്നു.
കുട്ടിയുടെ അമ്മയായ ബ്രൂക്കിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. അര്‍ക്കന്‍സാസിലെ ഹാംപ്ടണ്‍ സ്വദേശിയായ ഈ 25 വയസുകാരിയെ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കഴിഞ്ഞ വര്‍ഷം രണ്ടുതവണ അറസ്റ്റ് ചെയ്തിരുന്നു. മരുന്നുകഴിച്ച ശേഷം ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ പിന്‍സീറ്റിലിരുത്തി വാഹനമോടിച്ചുവെന്ന കേസും മൂന്നു വയസുകാരിയുടെ വാഷിങ്മെഷീനിലെ മരണവുമായി ബന്ധപ്പെട്ട കേസുമാണ് ഇവര്‍ക്കെതിരെയുള്ളതെന്ന് കോടതി രേഖകള്‍ സൂചിപ്പിക്കുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും ബ്രൂക്ക് മരുന്നുകഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബെന്സോഡയാസെഫീന് ആണ് ഇവര്‍ കഴിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഉന്മാദവസ്ഥയിലെത്താന് കൗമാരക്കാരും ചെറുപ്പക്കാരും കഴിക്കുന്ന വാലിയം, സനാസ് തുടങ്ങിയ ബെന്സോഡയാസെഫീന് മരുന്നുകള്‍ ഉറക്കത്തിന് കാരണമാകുമെന്ന് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അസോസിയേഷന് പറയുന്നു.
അമേരിക്കന്‍ അസോസിയേഷന് ഓഫ് പോയിസണ്‍ കണ്ട്രോള് സെന്റര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ബെന്സോഡയാസെഫീനുമായി ബന്ധപ്പെട്ട് 74182 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട.് അതില്‍ 2014 ല്‍ മാത്രം 27060 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 18 മരണങ്ങളും ഉണ്ടായിട്ടുണ്ട്.
2015 ഓഗസ്റ്റില്‍ റോഡില്‍ വെച്ച് യാത്രക്കാര്‍ക്ക് തടസമുണ്ടാക്കിയതിനാണ് പോലീസ് ബ്രൂക്കിനെ തടഞ്ഞത്. ആ സമയത്ത് പ്രകടിപ്പിച്ചിരുന്ന ലക്ഷണങ്ങളില്‍ നിന്ന് ഇവര്‍ മരുന്നു കഴിച്ചിട്ടുണ്ടെന്ന് വ്യക്തമായതായി ഹാംപ്ടണ്‍ പൊലീസ് പറയുന്നു. ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള മരുന്നായതിനാല്‍ പൊലീസിന്റെ ലഹരി പരിശോധനയില്‍ പരാജയപ്പെട്ടെന്നും ഇവര്‍ റോഡിലൂടെ നടന്നു പോയെന്നും പൊലീസ് അറിയിച്ചു. ഈ സമയത്ത് ബ്രൂക്കിന്റെ ഏഴുമാസം പ്രായമായ കുഞ്ഞ് കാറിന്റെ പിന്‍സീറ്റില്‍ മയങ്ങിക്കിടക്കുകയായിരുന്നു.
ബ്രൂക്കിന്റെ കൈയില്‍ ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്നു കുറിപ്പുണ്ടെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞതാണെന്നാണ് കോടതി രേഖകളില്‍ പറയുന്നത്.
രണ്ടുമാസത്തിന് ശേഷമാണ് വാഷിങ്മെഷീന്‍ അപകടം നടന്നത്. മൂന്നു കുട്ടികളുടെ അമ്മയായ ബ്രൂക്ക് മരുന്ന് കഴിച്ച് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ മൂന്നു വയസുകാരിയായ അലക്സിസിനെ കാണുന്നുണ്ടായിരുന്നില്ല. ബ്രൂക്ക് അയല്‍വീട്ടില്‍ ചെന്ന് മകളെ കണ്ടെത്താന്‍ സഹായം ചോദിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ വാഷിങ്മെഷീനില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ബ്രൂക്ക് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടികളെക്കൊണ്ട വസ്ത്രം കഴുകിക്കുന്ന വിവരം അയല്‍വീടുകളില്‍ അറിഞ്ഞപ്പോള്‍ അവരെ അത് അസ്വസ്ഥരാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ ബ്രൂക്കിന്റെ ഏഴുവയസുകാരിയായ മകള്‍ പൊലീസിന് മൊഴി നല്കി. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയില്ലെന്ന കുറ്റമാണ് ബ്രൂക്കിനെതിരെ ചുമത്തിയിരിക്കുന്നത്. അര്‍ക്കന്‍സാസില്‍ ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ബ്രൂക്കിനുവേണ്ടി വാദിക്കാന്‍ അഭിഭാഷകന് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. ബ്രൂക്കിന്റെ രണ്ടു കുട്ടികളും അര്‍ക്കന്‍സാസ് ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി സര്‍വീസിന്റെ സംരക്ഷണയിലാണ്. ബ്രൂക്ക് അടുത്ത മാസം ഒരു കുട്ടിക്കു കൂടി ജന്മം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.