പാൽ ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തം
കൊച്ചി: ഓണത്തോടെ പാൽ ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തമാകുന്നു. ആവശ്യമുള്ള പാലിന്റെ 85 ശതമാനത്തോളം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ഇതു നൂറു ശതമാനമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഡിസംബറോടെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാണു ലക്ഷ്യമിട്ടത്. എന്നാൽ, വിവിധ പദ്ധതികൾ വഴി ഉത്പാദനം വർധിച്ചതിനാലാണ് ഓണത്തോടെ ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നത്. ഇതോടൊപ്പം മായമില്ലാത്ത പാൽ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളും വകുപ്പുതലത്തിൽ നടത്തുന്നുണ്ട്. ഇതോടനുബന്ധിച്ച് ഓണക്കാലത്ത് സ്വകാര്യ കമ്പനികൾ വഴി വിതരണം ചെയ്യുന്ന പാൽ പരിശോധന കർശനമാക്കും. ഇതിനായി വകുപ്പുതലത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെയും നൂതന സംവിധാനങ്ങളും ഏർപ്പെടുത്തും.
സംസ്ഥാനത്തു പാലിന്റെ ആവശ്യകത മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടിയെങ്കിലും ആഭ്യന്തര ഉത്പാദനം വര്‍ധിച്ചതോടെ മില്‍മ മേഖലാ യൂണിയനുകള്‍ ഇറക്കുമതി ചെയ്തിരുന്ന പാലിന്റെ അളവില്‍ അഞ്ചു ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 4.7 ലക്ഷം ലിറ്റര്‍ പാല് ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍ ഈ വർഷം ഇതു രണ്ടു ലക്ഷം ലിറ്ററില്‍ താഴെ മാത്രമായി ചുരുങ്ങി.
കേരളത്തില്‍ എട്ടു ലക്ഷത്തോളം കുടുംബങ്ങളാണ് ക്ഷീരമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 3.5 ലക്ഷത്തോളം കര്‍ഷകർ പ്രതിദിനം ക്ഷീര സഹകരണ സംഘങ്ങളില്‍ പാലെത്തിക്കുന്നു. സങ്കരയിനം ഉരുക്കളുടെ ഉത്പാദന ശേഷിയിലും വര്‍ധനയുണ്ട്. പ്രതിദിനം 8.62 ലിറ്ററായിരുന്നത് 2017ല്‍ 10.22 ലിറ്ററായി ഉയര്‍ന്നു.
പ്രതിദിന പാല് ഉത്പാദന ശേഷിയില്‍ ഇപ്പോൾ പഞ്ചാബിനു പിന്നിലായി രണ്ടാം സ്ഥാനത്താണു കേരളം. ക്ഷീരോത്പാദക വർധനയുടെ തോതു പരിശോധിക്കുമ്പോൾ കേരളമാണ് ഒന്നാമത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പാല് ഉത്പാദിപ്പിക്കുന്നത്.
പശുഗ്രാമം പദ്ധതിയില്‍ ഓരോ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി വലിയ കുതിച്ചുകയറ്റമാണ് ഈ മേഖലയിൽ സർക്കാർ ലക്ഷ്യമിടുന്നത്. പാല് ലഭ്യത കൂടിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പാലിന്റെ അളവ് വെട്ടിക്കുറച്ചു. മുന്‍ വര്‍ഷങ്ങളില്‍ ചൂട് ആരംഭിക്കുന്ന ജനുവരി മുതല്‍ പാല് ഉത്പാദനം കുറയുകയായിരുന്നു പതിവ്. എന്നാല്‍, കഴിഞ്ഞ തവണ ഈ മാസങ്ങളിൽ ഉത്പാദനത്തിൽ വർധനയുണ്ടായി. ജൂൺ, ജൂലൈ മാസങ്ങളിൽ ഉത്പാദനം ഗണ്യമായി വർധിച്ചു. മഴയും തണുപ്പും ഉത്പാദനത്തോത് കൂട്ടി. കഴിഞ്ഞ ഫെബ്രുവരിയിൽ പാലിന്റെ വില നാലു രൂപ വർധിപ്പിച്ചിരുന്നു. പാലിന്റെ കൊഴുപ്പിനനുസരിച്ച് ലിറ്ററിന് 32 മുതൽ 34 വരെ രൂപ കർഷകന് ഇപ്പോൾ ലഭിക്കും.