ദൈവമാണ് അവളെകൊണ്ട് അങ്ങനെ ചെയ്യിച്ചത്; മഞ്ജുഷയുടെ ഓർമകൾ പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ
സംഗീതപ്രേമികളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് യുവഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ മരണവാർത്ത. അപകടം സംഭവിച്ച് ഗുരുതരാവസ്ഥയിലാണെന്നു വാർത്തകൾ വന്നിട്ടും ഇങ്ങനെയൊരു വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് പലരും. തന്റെ പ്രിയപ്പെട്ട ശിഷ്യയായിരുന്നു മഞ്ജുഷയെന്നു പറയുന്നു നടനും നൃത്താധ്യാപകനുമായ ആർഎൽവി രാമകൃഷ്ണൻ.
കാലടി സംസ്കൃത സർവകലാശാല വിദ്യാർഥിനിയായിരുന്നു മഞ്ജുഷ. ഇനി എംഎ ക്ലാസിലേക്ക് ചെല്ലുമ്പോൾ മഞ്ജുഷ ഇല്ല എന്ന യാഥാർഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേർപാട് ഞങ്ങൾ ഗുരുക്കൻന്മാർക്കും സഹപാഠികൾക്കും വലിയ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ചില കാര്യങ്ങൾ ദൈവം നമ്മളെ കൊണ്ട് മുൻകൂട്ടി ചെയ്യിക്കും. അപകടമുണ്ടാകുന്നതിന് മുൻപ് ക്ലാസിലെത്തിയപ്പോൾ പതിവില്ലാതെ അവൾ ഒരു ആഗ്രഹം പങ്കുവച്ചു.. ഞങ്ങളൊരുമിച്ച് ഒരു സെൽഫി.. അതവളുടെ അവസാന ആഗ്രഹമായിപ്പോയല്ലോയെന്നു രാമകൃഷ്ണൻ പറയുന്നു.
ഒരാഴ്ച മുൻപ് കാലടിയിലുണ്ടായ വാഹനപകടത്തിലാണ് മഞ്ജുഷയ്ക്ക് പരുക്കേൽക്കുന്നത്. ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഞ്ജുഷ ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരിയ്ക്കും പരുക്കേറ്റിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയായ മഞ്ജുഷ നർത്തകി കൂടിയായിരുന്നു.
ആർഎൽവി രാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയശിഷ്യ മഞ്ജുഷ ഓർമയായി.എനിക്ക് കാലടി സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയതു മുതലാണ് മഞ്ജുഷയെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസിൽ മിടുക്കിയായിരുന്നു മഞ്ജുഷ. ചില നിമിഷങ്ങൾ ദൈവം നമ്മളെ കൊണ്ട് മുൻകൂട്ടി ചെയ്യിക്കും എന്നതു പോലെ.കഴിഞ്ഞ ആഴ്ച ഒരു ദിവസം ഞാൻ എം എ മോഹിനിയാട്ട വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ ചെന്നപ്പോൾ മഞ്ജുഷ ഒരു സെൽഫി എടുക്കാൻ ആഗ്രഹം പറഞ്ഞത്. അത് പ്രകാരം ക്ലാസിലെ കുട്ടികൾ എല്ലാം ചേർന്ന് ഫോട്ടൊ എടുത്തു.
അതിനു ശേഷം അവർക്കായി ഞാൻ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മൻ തമ്പി രചിച്ച ഏഹി ഗോപാലകൃഷ്ണ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു... പ്രാക്ടീസ് കഴിഞ്ഞതിനു ശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയിൽ ഞാൻ ഈ പദം ചെയ്തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സിൽ മായാതെ വേദനയോടെ നിൽക്കുന്നു. അരങ്ങ് എന്ന പരിപാടിയിൽ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ.
അതിനിടയിലാണ് അപകടത്തിന്റെ രൂപത്തിൽ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്. ഇനി എം എ ക്ലാസിലേക്ക് ചെല്ലുമ്പോൾ മഞ്ജുഷ ഇല്ല എന്ന യാഥാർഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേർപാട് ഞങ്ങൾ ഗുരുക്കൻന്മാർക്കും സഹപാഠികൾക്കും വലിയ വേദനയുണ്ടാക്കുന്നു .... വേദനയോടെ പ്രിയ ശിഷ്യയ്ക്ക് യാത്രാമൊഴി......