തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ മോദി ആര്.എസ്.എസിന്റെ അനുമതി തേടി . . ! !
ന്യൂഡല്‍ഹി : രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും ആര്.എസ്.എസ് നേതൃത്വത്തിന്റെ അനുമതി തേടിയതായി റിപ്പോര്‍ട്ട്.
നവംബറില്‍ രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.
ഏറെക്കാലമായി ഭരണ തുടര്‍ച്ചയുള്ള മധ്യപ്രദേശും രാജസ്ഥാനും ഭരണ വിരുദ്ധ വികാരത്താല്‍ കൈവിട്ട് പോകുമോയെന്ന ആശങ്ക ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ ശക്തമാണ്.
അത്തരമൊരു സാഹചര്യം വന്നാല്‍ പ്രതിപക്ഷത്തിന് പിന്നീട് ലോക്സഭ തെരഞ്ഞെടുപ്പില്‍ ‘ഉത്തേജകം’ ആകുമെന്നും പല ഘടകകക്ഷികളും മറുകണ്ടം ചാടുമെന്നും ബി.ജെ.പി കരുതുന്നു. പൊതുവികാരം ‘സെറ്റ് ‘ ചെയ്യാന്‍ ഇത്തരമൊരു അവസരം പ്രതിപക്ഷത്തിന് നല്‍കേണ്ടതില്ലന്ന അഭിപ്രായത്തിനാണ് സംഘപരിവാറില്‍ മുന്‍ തൂക്കം.
ഈ സാഹചര്യത്തില്‍ ഒന്നുകില്‍ ഒരുമിച്ച് നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുക, അല്ലങ്കില്‍ കലാവിധി കഴിയുന്ന മുറക്ക് ഈ സംസ്ഥാനങ്ങളില്‍ തല്ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്തിക്കുക എന്നതാണ് ബി.ജെ.പി ഇപ്പോള്‍ ആലോചിക്കുന്നത്.
ഇതിനു ആര്.എസ്.എസ് സര് സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള നേതാക്കളുടെ അനുമതി അനിവാര്യമാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയുടെ പ്രചരണങ്ങള്‍ക്ക് ഏറ്റവും അധികം സഹായകരമായിരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര സജീവമായി ആര്.എസ്.എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
ആര്.എസ്.എസ് പച്ചക്കൊടി കാണിച്ചാല്‍ പ്രധാനമന്ത്രി കേന്ദ്ര മന്ത്രിസഭ പിരിച്ചുവിട്ട് ഉടനെ തന്നെ തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യും.
തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ആഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാനമായ ചില പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.
മഹാരാഷ്ട്രയില്‍ ശിവസേന അടക്കം ഉടക്കിലായത് മുഖവിലക്കെടുക്കാതെ മുന്നോട്ട് പോകുന്ന ബി.ജെ.പി കേന്ദ്രത്തില്‍ ഒറ്റ ശക്തിയായി അധികാരത്തില്‍ വീണ്ടും വരാനാണ് ശ്രമിക്കുന്നത്.
കേവല ഭൂരിപക്ഷത്തിന് കുറവുണ്ടായാല്‍ തന്നെ, ഇപ്പോള്‍ പ്രതിപക്ഷത്തിരുന്ന് ഗര്‍ജ്ജിക്കുന്നവര്‍ ഉള്‍പ്പെടെ ഒടുവില്‍ കാവിക്കോട്ടയില്‍ ‘കയറുമെന്നാണ് ‘ അവര്‍ ചൂണ്ടിക്കാട്ടുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിലും കണക്കുകൂട്ടലിലും വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് ബി.ജെ.പിയുടെ ചുവട് വയ്പ്പ്.
സാമ്പാറ് മുന്നണിയുടെ സ്ഥിരതയില്ലാത്ത തട്ടിക്കൂട്ട് മന്ത്രിസഭയാണോ കരുത്തനായ മോദി നയിക്കുന്ന ഇന്ത്യയെ ആണോ വേണ്ടതെന്ന ചോദ്യം ഉയര്‍ത്തി വോട്ടര്‍മാരെ സമീപിക്കാനാണ് തീരുമാനം.
ഇപ്പോള്‍ പ്രതിപക്ഷത്തുള്ളതടക്കം പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി ആശയ ബന്ധം തുടരുന്നതിനായി പ്രത്യേക നേതാക്കളെയും നിയോഗിച്ചിട്ടുണ്ട്. പരസ്പരം മത്സരിക്കേണ്ടി വന്നാലും മന്ത്രിസഭ ഉണ്ടാക്കാന്‍ ഒരു ‘കൈ’ ലക്ഷ്യമിട്ടാണ് ഈ നീക്കം.
പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ‘ശേഷിയുള്ള’ സ്വതന്ത്രരെ ഓരോ മണ്ഡലത്തിലും കണ്ടെത്തി റിബലുകളായി നിര്‍ത്താനും ബി.ജെ.പി ആലോചിക്കുന്നുണ്ട്.