ഇടുക്കി ഡാം ജലനിരപ്പ് ക്രമാതീതമായി കൂടുകയാണെങ്കില്‍ മാത്രമെ ട്രയല്‍ റണ്‍ നടത്തൂ; നിലവില്‍ ആശങ്കപ്പെടാനില്ല: മാത്യു ടി തോമസ്
തിരുവനന്തപുരം: ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.50 അടിയായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ജലവകുപ്പ് മന്ത്രി മാത്യു ടി തോമസ്. ട്രയല്‍ റണ്‍ സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി അറിയിച്ചു. ജലനിരപ്പ് ക്രമാതീതമായി കൂടുകയാണെങ്കില്‍ മാത്രമെ ട്രയല്‍ റണ്‍ നടത്തുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വൈകീട്ട് മൂന്ന് മണിക്കുള്ള റീഡിംഗ് അനുസരിച്ചാണ് വെള്ളം 2395.50 അടിയിലെത്തിയിരിക്കുന്നത്.
ഒരു മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. അതായത്, പതിനേഴ് മണിക്കൂറില്‍ ഉയര്‍ന്നത് 0.44 അടി വെള്ളം മാത്രം. അതുകൊണ്ട് തന്നെ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളം ഉയരുന്ന സാഹചര്യം ഉണ്ടെങ്കില്‍ മാത്രമെ ട്രയല്‍ റണ്‍ നടത്തുകയൊള്ളു. പകല്‍ സമയത്ത് ഷട്ടര്‍ തുറക്കുകയാണെങ്കില്‍ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചെറുതോണിയിലും സമീപപ്രദേശങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി. കലക്ടര്‍ ജീവന് ബാബു, റോഷി അഗസ്റ്റിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും റവന്യു ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് അധികൃതരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
എന്നാല്‍, ഇടുക്കി ഡാം തുറക്കേണ്ടി വരില്ലെന്ന നലപാടിലാണ് കെഎസ്ഇബി. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായി കെഎസ്ഇബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം, അണക്കെട്ടു തുറന്നാൽ ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. ആളുകളെ പേടിപ്പിക്കുന്ന രീതിയുണ്ടാകരുത്. ജനങ്ങൾ ജാഗ്രത പാലിക്കണം. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ വെള്ളം ഒന്നിച്ചൊഴുകി വരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുവിധത്തിലുള്ള അപകടവും വരാത്ത രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എൻഡിആർഎഫിന്റെ സംഘം എറണാകുളത്തും ഇടുക്കിയിലുമുണ്ട്. ഇവരെയെല്ലാം ഉപയോഗിച്ച് ഏതു ഘട്ടത്തെയും നേരിടാൻ സജ്ജമാണ്.
അധികാര കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശങ്ങൾ മാധ്യമങ്ങൾ തൽസമയം അറിയിക്കണം. ഭയപ്പെടേണ്ട കാര്യമില്ല. ജനങ്ങൾ അധികൃതരുമായി ഭയമില്ലാതെ സഹകരിക്കണം. ജനങ്ങളുടെ ജീവനാണ് സർക്കാരിനു വലുത്. 2397 അടിയാകുമ്പോൾ അണക്കെട്ട് തുറന്ന് ട്രയൽ റൺ നടത്തും.
ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ നേതാവ് സംതൃപ്തി പ്രകടിപ്പിച്ചെന്ന് റവന്യൂമന്ത്രി പറഞ്ഞു. ചെറുതോണിയില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.42 അടിയിലെത്തി. ഇന്നു രാവിലെ 12 മണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് രണ്ടാമത്തെ ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂർ കൂടി കഴിഞ്ഞേ ചെറുതോണിയിൽ ഷട്ടറുകൾ ഉയർത്തൂ. 2403 അടിയാണു പരമാവധി ശേഷി.
ഇന്നലെ ഉച്ചയ്ക്കുശേഷം മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്കു കൂടി. ജലനിരപ്പ് 2395 അടിയിലെത്തിയ വിവരം കെഎസ്ഇബി ഇടുക്കി കലക്ടർ കെ.ജീവൻ ബാബുവിനെ അറിയിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാൻ അനുമതി നൽകി. ഡാം സേഫ്റ്റി ചീഫ് എൻജിനീയറാണ് അലർട്ട് പുറപ്പെടുവിച്ചത്. മൈക്കിലൂടെ ഇക്കാര്യം രാത്രി തന്നെ നാട്ടുകാരെ അറിയിച്ചു.