ഇതെന്താ വെള്ളരിക്കാ പട്ടണമോ? ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ എസ്ഐയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കയ്യേറ്റം; സ്റ്റേഷനില്‍ പൂട്ടിയിട്ടു!
കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും കയ്യേറ്റ ശ്രമം. ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ടൗണ്‍ പൊലീസ് എസ്ഐ പി.എം.വിമോദിന്റെ നേതൃത്വത്തിലാണ് ആണ് വീണ്ടും മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് ടീമിനെതിരെയാണ് കയ്യേറ്റമുണ്ടായത്. രാവിലെ കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഡിഎസ്എന്‍ജി വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരാണ് ആക്രമണത്തിനിരയായത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അസഭ്യ വര്‍ഷം നടത്തുകയും ഇവരെ വലിച്ചിഴച്ച് സ്റ്റേഷന് അകത്തേക്ക് കൊണ്ട് പോവുകയും ചെയ്തു സ്റ്റേഷനില്‍ പൂട്ടിയിടുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് നടപടിക്കെതിരെ സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
ഇന്ന് രാവിലെ കോഴിക്കോട് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ടൗണ്‍ എസ്ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു വൈകിട്ടോടെ ഇയാള്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഉമ ബെഹ്റ പത്രപ്രവര്‍ത്തക യൂണിയന് നേതാക്കള്‍ക്ക് ഉറപ്പു നല്കി. ഐസ്ക്രീം കേസ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന് അഭിലാഷ് തുടങ്ങിയവരെയാണ് കോടതി വളപ്പില്‍നിന്നും ടൗണ്‍ എസ്ഐ പി.എം.വിമോദും സംഘവും കസ്റ്റഡിയിലെടുത്തത്. ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞായിരുന്നു നടപടി. അതേസമയം, ഇങ്ങനെയൊരു നിര്‍ദേശം ജില്ലാ ജഡ്ജി പൊലീസിന് നല്‍കിയിട്ടില്ലെന്ന് കോടതിവൃത്തങ്ങള്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്നു നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല. സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും ജില്ലാ ജഡ്ജി ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ചു.
സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം.പി.പ്രേംദാസ്, അസിസ്റ്റന്റ് കമ്മിഷണര്‍ (അഡ്മിനിസ്ട്രേഷന്) പി.കെ.രാജു എന്നിവരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ എസ്ഐയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് സംഭവം വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് പറയപ്പെടുന്ന ജില്ലാ ജഡ്ജിയെ നേരില്‍കണ്ട് പരാതി നല്‍കാനും മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കോഴിക്കോട് ബാര്‍ അസോസിയേഷന് സെക്രട്ടറി അഡ്വ.രാജു അഗസ്റ്റിന് വ്യക്തമാക്കി. ഇരുകൂട്ടരും തമ്മില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പ്രശ്നത്തില്‍ ഇടപെട്ട വി.എസ്. അച്യുതാനന്ദന് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബലം പ്രയോഗിച്ച പൊലീസ് നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി വി.എസ്.സുനില്‍കുമാര്‍, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കെ.മുരളീധരന് എംഎല്‍എ, ബിജെപി നേതാവ് കെ.സുരേന്ദ്രന് തുടങ്ങിയവരും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയെ അപലപിച്ചു.
അതേസമയം, മാവോയിസ്റ്റ് കേസുകള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിനകത്തേക്കു പ്രവേശിപ്പിക്കരുതെന്നു ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.