ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു; മലയാളികളുള്‍പ്പെടെ 541 പേര്; ലക്ഷ്യം റെക്കോര്‍ഡ് മെഡല്‍ വേട്ട
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ 2 വരെ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ സംഘത്തെ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രഖ്യാപിച്ചു. 541 കായിക താരങ്ങളുടെ പേരും വിവരങ്ങളുമാണ്
പുറത്തുവിട്ടത്. ഇതില്‍ 297 പുരുഷന്മാരും 244 വനിതകളും ഉള്‍പ്പെടുന്നു.
36 ഇനങ്ങളിലായാണ് ഇന്ത്യ മത്സരിക്കാനിറങ്ങുക. ഇവയില്‍ ചില വിഭാഗത്തിലെ പേരുകള്‍ പുറത്തുവിടാന്‍ വൈകുമെന്നാണ് വിവരം. കോമണ്‍വെല്‍ത്ത് ഗെയിംസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ താരങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഒളിംപിക്സ് കമ്മിറ്റി വിട്ടുവീഴ്ച ചെയ്തിട്ടില്ല. അത്ലറ്റിക്സ് സംഘത്തില്‍ ആകെ 51 അംഗങ്ങളാണ് മത്സരിക്കുക. ദേശീയ സീനിയര്‍ അത്ലറ്റിക്സ് മീറ്റിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ടീം തെരഞ്ഞെടുപ്പ് നടത്തിയത്. പ്രമുഖരായ മലയാളി താരങ്ങളും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങും.
മലയാളിതാരങ്ങളായ ടിന്റു ലൂക്ക (800 മീറ്റര്‍), പി യു ചിത്ര (1500), നയന ജയിംസ്, വി നീന പിന്റോ (ലോംഗ് ജമ്പ്), ആര് അനു (400 മീറ്റര്‍ ഹര്‍ഡില്‍സ്), വി കെ വിസ്മയ, ജിസ്ന മാത്യു (4400 മീറ്റര്‍ റിലേ), ജിന്സണ് ജോണ്സണ് (800, 1500), മുഹമ്മദ് അനസ് (200, 400, 4X400 മീറ്റര്‍ റിലേ, മിക്സഡ് റിലേ), ശ്രീശങ്കര്‍ (ലോംഗ് ജമ്പ്), കെ ടി ഇര്ഫാന് (20 കി.മീ നടത്തം),രാകേഷ് ബാബു (ട്രിപ്പിള്‍ ജമ്പ്), കെ എസ് ജീവന്, ജിത്തു ബേബി, കുഞ്ഞുമുഹമ്മദ് (4X400 റിലേ) എന്നിവര്‍ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഗെയിംസ് പ്രഖ്യാപിച്ചതോടെ വിവാദങ്ങളും തുടങ്ങി. ഏഷ്യന്‍ ഗെയിംസിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ അയയ്ക്കേണ്ടതില്ലെന്ന് ഒളിംപിക്സ് അസോസിയേഷന് ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് ആദ്യം രംഗത്തുവന്നത്.
ഏഷ്യയില്‍ 14ാം റാങ്കിലുള്ള പുരുഷ ടീമിനെ അയച്ചിട്ടു കാര്യമില്ലെന്നാണ് ഐഒഎ നിലപാട്. എന്നാല്‍, എഎഫ്സി ഏഷ്യന്‍ കപ്പിന് ഒരുങ്ങാനുള്ള അവസരമായി ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളെ കണ്ട പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും പ്രതിഷേധമുയര്‍ത്തിയിരുന്നു. കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍സിങ് റാത്തോഡിനെയുള്പ്പെടെ പ്രതിഷേധമറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
ഐഒഎ പുറത്തിറക്കിയ ആദ്യ പട്ടികയില്‍ പുരുഷ ഹാന്‍ഡ്ബോള്‍ ടീമിന്റെ പേരുണ്ടായിരുന്നില്ല. അതിനെതിരെ ഹാന്‍ഡ്ബോള്‍ അസോസിയേഷനും താരങ്ങളും കോടതിയില്‍ പോയി. അലഹാബാദ് ഹൈക്കോടതി അവര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ ഐഒഎയ്ക്ക് വേറെ നിവൃത്തിയുണ്ടായില്ല.
അവര്‍ പുരുഷ ഹാന്‍ഡ്ബോള്‍ ടീമിനെ ഇന്ത്യന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, അപ്പോള്‍ മുറിവേറ്റത് പെഞ്ചാക് സിലാറ്റ് ടീമിനാണ്. 22 പേരുടെ പട്ടികയുണ്ടായിരുന്നതില് 20 പേരെയും ഐഒഎ വെട്ടിനിരത്തി. ഇന്തൊനീഷ്യയില്‍ പിറവിയെടുത്ത ആയോധനകല മത്സരമാണ് സിലാറ്റ്.
അതേസമയം, ബാഡ്മിന്റണ്‍ ടീമില്‍നിന്ന് തഴഞ്ഞതിനെതിരെ മലയാളിതാരം അപര്‍ണ ബാലന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ താരങ്ങളെ പുറത്താക്കിയതിനെതിര സിലാക് അസോസിയേഷന് കോടതിയിലേക്ക് പോകാനൊരുങ്ങുകയാണ്. സാംബോ അസോസിയേഷനും നിയമയുദ്ധത്തിന് ഒരുങ്ങുന്നുണ്ട്. സെയിലിങ് ടീമില്‍ ആരെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദപ്രതിവാദം നടന്നുകൊണ്ടിരിക്കുകയാണ്. യാട്ടിങ് അസോസിയേഷനും കേസില്‍ കക്ഷിയാണ്.
കബഡിയില്‍ തുടര്‍ച്ചയായ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലനം പുരോഗമിക്കുന്നത്. വന്‍കരയിലെ ചാംപ്യന്‍പട്ടം കരുത്തരായ പാകിസ്താനോ ഇറാനോ അടിയറ വയ്ക്കില്ലെന്നുറച്ചാണ് ടീം ഒരുങ്ങുന്നത്. കിരീടം നിലനിര്‍ത്താനിറങ്ങുന്ന പുരുഷ ഹോക്കി ടീമും പ്രതീക്ഷയിലാണ്. പി.ആര്.ശ്രീജേഷിന്റെ നേതൃത്വത്തില്‍ ടീം ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ബോക്സിങ്, ഷൂട്ടിങ്, ഗുസ്തി, ഭാരോദ്വഹനം എന്നിവയിലെല്ലാം മെഡല്‍ പ്രതീക്ഷയുമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്. ഏറ്റവും കൂടുതല്‍ പേരുള്ള അത്ലറ്റിക് സംഘത്തില്‍ മലയാളിതാരങ്ങള്‍ ഉള്‍പ്പെടെ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.