തണ്ണീര്‍മുക്കം ബണ്ട് തുറന്നു കൊടുക്കാതിരിക്കുന്നത് വന്‍വീഴ്ച; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്
തിരുവനന്തപുരം: കുട്ടനാട് പ്രളയത്തില്‍ മുങ്ങിക്കിടക്കുമ്പോഴും വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് വേണ്ടി തണ്ണീര്‍മുക്കം ബണ്ട് തുറന്നു കൊടുക്കാതിരിക്കുന്നത് വന്‍വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തില്‍ കുറ്റപ്പെടുത്തി. തണ്ണീര്‍മുക്കം ബണ്ട് ഉള്‍പ്പടെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകേണ്ട മാര്‍ഗങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. കുട്ടനാട്ടില്‍ വെള്ളപ്പൊക്കം കാരണം ജനം നരകിക്കുമ്പോഴും തണ്ണീര്‍മുക്കം ബണ്ടിലെ പഴയ മണ്‍ചിറ പൊളിക്കാതെ അതിന്റെ മണലിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തര്‍ക്കിക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടില്‍ നിന്ന് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള മറ്റൊരു മാര്‍ഗമായ തോട്ടപ്പള്ളി സ്പില്‍വേയിലെ പൊഴി മുറിക്കുന്നതടക്കം ജലനിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ടായത് വന്‍വീഴ്ചയാണ്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കുട്ടനാട്ടില്‍ ഉള്‍പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ശുദ്ധജലവും ഭക്ഷണവും ഇപ്പോഴും എത്തുന്നില്ല. കുട്ടനാട് സാംക്രമിക രോഗങ്ങളുടെ പിടിയിലാണ്. കടലാക്രമണം തടയുന്നതിന് കടല്‍ ഭിത്തി കെട്ടണമെന്ന് മുറവിളി നടത്തിയിട്ടും കേള്‍ക്കാതിരുന്നത് ആപത്തായെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
കുട്ടനാട് പൂര്‍ണമായും പ്രളയത്തില്‍ മുങ്ങിയിട്ട് രണ്ടാഴ്ച കഴിയുന്നു. മഴയുടെ ശക്തി കുറഞ്ഞിട്ടും പ്രളയത്തിന്റെ രൂക്ഷതയ്ക്ക് ശമനമുണ്ടാവുന്നില്ല. കുട്ടനാട്ടിലെ വീടുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡുകളും വഴികളുമെല്ലാം വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിന് ഏക്കര്‍ വയലുകളിലെ രണ്ടാം വിള പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. പാടങ്ങളില്‍ നിരക്കെ മടവീണു. ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് വെള്ളക്കെട്ടില്‍ കുരുങ്ങിക്കിടക്കുന്നത്. ഭക്ഷണമോ കുടിക്കാന്‍ ശുദ്ധജലമോ കിട്ടുന്നില്ല. ഭക്ഷ്യ വസ്തുക്കള്‍ കിട്ടിയാല്‍ തന്നെ പാചകം ചെയ്തു കഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നില്ക്കുന്നതിനാല് മലമൂത്ര വിസര്‍ജനം പോലും നടത്താന്‍ കഴിയാത്ത സങ്കടകരമായ അവസ്ഥയാണ് ഇപ്പോള്‍ കുട്ടനാട്ടില്‍. അടുത്ത കാലത്തൊന്നും കുട്ടനാട്ടില്‍ ഇത്രയും വലിയ പ്രളയം ഉണ്ടായിട്ടില്ല. എന്തു കൊണ്ടാണ് മഴ കുറഞ്ഞിട്ടും കുട്ടനാട്ടിലെ പ്രളയ ജലം പുറത്തേക്ക് പോകാതെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതെന്ന കാര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തേണ്ടതാണ്. കുട്ടനാട്ടില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകി പോകേണ്ട വഴികളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇത്രയും വലിയ പ്രളയമുണ്ടായിട്ടും കുട്ടനാട്ടില്‍ നിന്ന് വെള്ളം കടലിലേക്ക് പോകേണ്ട പ്രധാന മാര്‍ഗങ്ങളിലൊന്നായ തണ്ണീര്‍മുക്കം ബണ്ട് തുറന്നിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണ പണികള്‍ മിക്കവാറും പൂര്‍ത്തിയാക്കിയിരുന്നു. പണി പൂര്‍ത്തിയായിട്ടും ബണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്തത് പ്രത്യേക ചില താത്പര്യങ്ങള്‍ കാരണമാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ബണ്ടിന്റെ പഴയ മണല്‍ചിറ പൊളിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഒന്ന്. കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായി ജനങ്ങള്‍ മരണവുമായി മല്ലടിക്കുമ്ബോഴും മണ്‍ചിറയിലെ മണലിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തകര്‍ക്കിക്കുന്നത് കൊടും ക്രൂരതയാണ്. കരാറുകാരനാണോ, പഞ്ചായത്തിനാണോ മണലിന്റെ പണം കിട്ടേണ്ടത് എന്നതിനെച്ചൊല്ലി ഇപ്പോഴും തര്‍ക്കം നിലനില്ക്കുന്നു എന്നാണ് മനസിലാക്കുന്നത്. ഒരു നാടിനെ മുഴുവന്‍ പ്രളത്തില്‍ മുക്കി നിര്‍ത്തിക്കൊണ്ട് വേണമായിരുന്നോ ഇങ്ങനെ ഒരു തര്‍ക്കം ? എത്ര നഷ്ടമുണ്ടായാലും ഒരു നിമിഷം പാഴാക്കാതെ മണല്‍ചിറ മുറിച്ചു മാറ്റി കുട്ടനാട്ടിനെ പ്രളയത്തില്‍ നിന്ന് രക്ഷിക്കേണ്ടതാണ് സംസ്ഥാനത്തെ ഭരണ കൂടത്തിന്റെ കടമ. ജനങ്ങളുടെ ജീവനാണ് മണലിന്റെ വിലയെക്കാള്‍ വലുത് എന്ന് അറിയണം. വന്‍വീഴ്ചയാണ് ഇക്കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.
ഇത്രയും വൈകി ഇന്ന് അവിടെ സന്ദര്‍ശിച്ച ജലവിഭവ മന്ത്രി മാത്യൂ.ടി.തോമസ് പക്ഷേ ഇപ്പോഴും ലാഘവത്തോടെയാണ് കാര്യങ്ങള്‍ കാണുന്നത് എന്നത് അത്ഭുതമുണ്ടാക്കുന്നു. സാങ്കേതിക കാര്യങ്ങളാണ് അദ്ദേഹം ഈ അടിയന്തിരഘട്ടത്തിലും പറയുന്നത്. ഷട്ടറുകളിലെ ഇലക്ട്രിക്കല്‍ പണി പൂര്‍ത്തിയാക്കാതിനാലാണ് തുറക്കാന്‍ കഴിയാത്തതെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അത് ചെയ്തു തീര്‍ക്കുകയല്ലേ വേണ്ടത്? അല്ലെങ്കില്‍ താത്ക്കാലിക സംവിധാനം ഒരുക്കണം. അല്ലാതെ ഇനിയും ടെണ്ടര്‍ വിളിച്ച് സര്‍ക്കാര്‍ മുറ പോലെ പണി തീര്‍ക്കാനാണ് ഭാവമെങ്കില്‍ അപ്പോഴേക്കും കുട്ടനാട്ട് നശിച്ചു കഴിയും എന്ന് ഓര്‍ക്കണം.
തണ്ണീര്‍മുക്കം ബണ്ടിന്റെ പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തീയതിക്ക് വേണ്ടി കാത്തിരിക്കുന്നതിനാലാണ് ഷട്ടറുകള്‍ ഉയര്‍ത്താത്തതെന്ന് ആക്ഷേപവും പൊന്തി വന്നിട്ടുണ്ട്. തന്റെ തീയതിക്കായി കാത്തു നില്‍ക്കണ്ട എന്നും, ബണ്ടിലെ ഷട്ടറുകള്‍ ഉടന്‍ തുറക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. അത്രത്തോളം അത് നല്ല കാര്യം. പക്ഷേ മുഖ്യമന്ത്രിയുടെ തീയതിക്കായി ഇത്രുയും ദിവസം കാത്തിരുന്നത് ശരിയാണോ? കാലവര്‍ഷം വരുന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതല്ലേ? അതിന് മുന്‍പ് തന്നെ ഉദ്ഘാടനം നടത്തി ബണ്ടിലെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയല്ലേ വേണ്ടിയിരുന്നത്. കുട്ടനാട്ടിലെ പ്രളയജലം കടലിലേക്ക് ഒഴുകിപ്പോകേണ്ട മറ്റൊരു മാര്‍ഗമായ തോട്ടപ്പള്ളി സ്പില്‍വേയും ഇത്തവണ പ്രയോജനപ്പെട്ടില്ല എന്നതാണ് മറ്റൊരു ദുഖകരമായ കാര്യം. അവിടെയും സമയത്തിന് പൊഴി മുറിച്ചില്ല എന്ന പരാതിയാണുയരുന്നത്. വലിയ വീഴ്ചയാണ് ഇവിടെയും സംഭവിച്ചത്.
അതേ പോലെ എ.സി കനാലിലെ ചെളിയും എക്കലും നീക്കി ആഴം കൂട്ടി ജലത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് സുഗമമാക്കാനും കഴിയാതെ പോയി. കുട്ടനാട്ടിലെ മറ്റു തോടുകളും അടഞ്ഞു കിടക്കുകയാണ്. പോളയും ചെളിയും നീക്കി അവയും തുറക്കാന്‍ കഴിഞ്ഞില്ല. ഇതൊക്കെ കാലവര്‍ഷം എത്തുന്നതിന് മുമ്പ് ചെയ്തു തീര്‍ക്കേണ്ട പണിയായിയിരുന്നു. ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്. ആകപ്പാടെ നോക്കുമ്പോള്‍ മനുഷ്യ നിര്‍മിതമായ ദുരന്തമാണോ കുട്ടനാട്ടില്‍ സംഭവിച്ചതെന്ന് സംശയിക്കേണ്ടി വരും. അതിനാല്‍ ഇതിനെക്കുറിച്ച് ശാസ്രീയവും സമഗ്രവുമായ അന്വേഷണം നടത്തണം. കുട്ടനാട്ടിലെ പ്രളയം നിയന്ത്രിക്കുന്നതില്‍ ജലവിഭവ വകുപ്പിന് സുപ്രധാന പങ്കാണുള്ളത്. പക്ഷേ രണ്ടാഴ്ചയായി കുട്ടനാട് പ്രളയത്തിലാണ്ടു കിടന്നിട്ടും ജലവിഭവ മന്ത്രി ഇന്നലെയാണ് അവിടെ ചെന്നത്. സര്‍ക്കാരിന്റെ പൊതുവേയുള്ള അലംഭാവം തന്നെയാണ് ഇവിടെയും കാണുന്നത്. ഇനിയെങ്കിലും അലംഭാവം ഉപേക്ഷിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം. കുറച്ച് മണല്‍ നഷ്ടപ്പെടുന്നതിന്റെ പേരില്‍ കുട്ടനാട്ടിനെ വെള്ളത്തില്‍ മുക്കിത്താഴ്ത്തരുത്. കുട്ടനാട്ടിലെ ഉള്‍പ്രദേശത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണമോ ശുദ്ധജലമോ ഇപ്പോഴും എത്തിപ്പെടുന്നില്ല. യാത്രാ സൗകര്യമുള്ള ക്യാമ്പുകളിലെ സ്ഥിതി ഭേദമാണെങ്കിലും ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി വളരെ മോശമാണ്. അടിയന്തരമായ ഇവിടെയും ഭക്ഷണം എത്തിക്കണം. കുട്ടനാട്ടില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഭയാനകമായ അവസ്ഥയുമുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് അടിയന്തിര നടപടികളും അത്യാവശ്യമാണ്. ആലപ്പുഴ തീരം മുഴുവന്‍ കടലാക്രമണത്തിന്റെ പിടിയിലാണ്. കനത്ത നാശനഷ്ടമാണ് തീരത്ത് ഉണ്ടായിരിക്കുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. തീരപ്രദേശത്തെ നാശനഷ്ടത്തിന് കാരണം അതാണ്. അടിയന്തിരമായി കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.
രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്