ബസ് ഡ്രൈവറാകാൻ ആഗ്രഹിച്ച സ്വകാര്യ ബസ് ജീവനക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
അമിത വേഗതയോടെ ചീറിപ്പായും, വിദ്യാർഥികളെ ബസിൽ കയറ്റില്ല, പ്രായമായവർ ബസിന് മുന്നിൽ കൈനീട്ടിയാൽ ഡബിൾ ബെൽ അടിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ചെറുവാഹനങ്ങൾ ഭയപ്പെടുത്തിയുള്ള ഹോണടിക്കൽ... ഇങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും കുറ്റങ്ങൾ കാണും ബസ് ജീവനക്കാർക്ക്. എന്നാൽ ബസിനെ ജീവനെ പോലെ സ്നേഹിക്കുന്നൊരു ചെറുപ്പക്കാരന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ജീവനാണ് ബസ്… ജീവിതമാണ് കണ്ടക്റ്റർ… ആറു വീലിലേ കൂട്ടിനുള്ളിൽ അടച്ച കിളിയെപോലെയാണ് കണ്ടക്റ്റർ. മുന്നോട്ടും ബാക്കിലോട്ടും ഓടി നടന്നു തളരുന്നവൻ.. ഇന്നും അവന്റെ വിഷമം ആരും കാണുന്നില്ല ഒരു ട്രിപ്പ് കലക്ഷൻ കുറഞ്ഞാൽ ഒരു മിനിറ്റ് വൈകിയാൽ മുഖത്തെ ഭാവം മാറുന്നവൻ…എന്തേ ഭാവമാറ്റമെന്നു ആരും ചോദിക്കാറില്ല ചിരിക്കാനറിയമെങ്കിലും ചിരി ഉള്ളുലൊതുക്കി ഗൗരവം പുറത്തു കാണിക്കുന്നവർ…
ബസ് എന്നു പറഞ്ഞാൽ ഓർമ വച്ച നാൾ മുതൽ പ്രാന്ത് ആയിരുന്നു ഒരു പക്ഷെ അച്ഛൻ ബസ് പണിക്കാരനായത് കൊണ്ടാവാം..ആ ഇഷ്ടം കൂടി കൂടി വന്നപ്പോൾ ഞാനും ഒരു ബസ് പണിക്കാരനായി. ഡ്രൈവർ ആകാനായിരുന്നു ആഗ്രഹം. പക്ഷെ 17 മത്തെ വയസിൽ ആകാൻ പറ്റിയത് കണ്ടക്റ്റർ. ആയതുകൊണ്ട് അതായി…ബസ് പ്രാന്ത് കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇന്ന് അതിലേറെ ദുഃഖിക്കുന്നു .എന്നിട്ടു എന്ത് നേടി ??? ഒന്നും നേടാൻ പറ്റിയില്ല … എനിക്കെന്നല്ല ഒട്ടു മിക്ക ബസ് പണിക്കാരനും സ്വന്തമായി ഒന്നും സമ്പാദിക്കാൻ പറ്റാത്തവരാണ്. അതെന്തേ അങ്ങനെ എന്നു ചോദിച്ചാൽ ആർക്കും അറിയില്ല എനിക്ക് പോലും !!.
പലരും പറയുന്നത് കേൾക്കാറുണ്ട് “അവൻ കണ്ടക്റ്റർ അല്ലെ അവൻ കുറെ ഉണ്ടാക്കുന്നുണ്ടാകും” എന്നൊക്കെ. അതൊക്കെ കേൾക്കുമ്പോൾ ചിരിയാണ് വരിക. അല്ലങ്കിൽ ദേഷ്യവും. കാരണം ഒരു കണ്ടക്റ്റർ പണിയെടുക്കുന്നവന് അറിയാം അവസാനം ബാഗ് എണ്ണുമ്പോഴുള്ള അവസ്ഥ… ഇന്നും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ കണ്ടക്റ്റർ ശ്രീജിത്ത് എന്നറിയപ്പെടുന്നതിനെക്കാൾ ക്ലീനർ ബാലകൃഷ്ണന്റെ മകൻ എന്നറിയപ്പെടുന്നതാണ് എനിക്കിഷ്ടം ..കാരണം എന്റെ ശരീരം ബസിൽ എന്റെ അച്ഛനൊഴുക്കിയ വിയർപ്പാണ് .പണ്ടോക്കെ ചെറുപ്പത്തിൽ ചോറു കഴിച്ചിട്ട് ബാക്കിയുള്ള ചോറു കളയുമ്പോൾ അമ്മ പറയും അച്ഛന് നാട്ടുകാരുടെ ചീത്തയും കുത്തുവാക്കും കേട്ടുണ്ടാക്കുന്ന അന്നമാണ് അതു കളയാൻ പാടില്ലെന്ന്. ഇന്നും എനിക്ക് ആ അഭിമാനത്തോടെ പറയുവാന്‍ കഴിയും ഞാന്‍ ഒരു കണ്ടക്റ്റര്‍ ആണെന്ന്.
ബസ് ജീവനക്കാരോട് ചിലയാളുകള്‍ക്ക് പുച്ഛമാണ്. ഒരു വിഭാഗം ആളുകള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് എല്ലാവരെയും ഒന്നടങ്കം കുറ്റം പറയുന്ന പ്രവണത മൂലം ഉണ്ടായതാണ് ഇത്. അങ്ങനെയുള്ളവര്‍ ഒരു കാര്യം മനസിലാക്കണം. ഒരു കുടുംബം പോറ്റുവാന്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന മനുഷ്യരാണ് ഇവരും. കാര്യമറിയാതെ ഇവരെ ക്രൂശിക്കരുതേ.