തമിഴക ഉപമുഖ്യമന്ത്രിയെ ‘ഗെറ്റൗട്ട് അടിച്ച്’ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ തമിഴക ഉപമുഖ്യമന്ത്രിക്ക് റെഡ് സിഗ്നല്‍ !
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനാണ് തമിഴക ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തെ ഗെറ്റൗട്ട് അടിച്ച് ഇറക്കി വിട്ടത്.
മന്ത്രിയുടെ ഓഫിസ് വരെ എത്തിയിട്ടും കൂടിക്കാഴ്ച നടത്താന്‍ സമ്മതിക്കാതെ മടക്കിയയ്ക്കുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ. രാജ്യസഭാ എം.പി. വി. മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും പനീര്‍ശെല്‍വത്തെ കാണാന്‍ മന്ത്രി തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. എന്തും താങ്ങാനുള്ള ഹൃദയം വേണമെന്നായിരുന്നു ഇതേക്കുറിച്ച് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.
ചികിത്സയ്ക്കായി മധുരയില്‍നിന്ന് ചെന്നൈയിലേക്ക് തന്റെ സഹോദരനെ എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അനുവദിച്ചതില്‍ പ്രതിരോധമന്ത്രിയെ നേരില്‍ക്കണ്ട് നന്ദിയറിയിക്കാനായിരുന്നു ഒ.പി.എസിന്റെ ഡല്‍ഹി യാത്ര. പനീല്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഇക്കാര്യം അറിയിച്ചിരുന്നു. മൈത്രേയനെ കൂടാതെ കെ.പി. മുനിസ്വാമി, മനോജ് പാണ്ഡ്യന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മൈത്രേയനും പനീര്ശെല്വുമായിരുന്നു മന്ത്രിയുടെ ഓഫീസിലേക്കുപോയത്. മന്ത്രിയുടെ ചേംബറിനുമുന്നില്‍ ഇരുവരും കാത്തിരുന്ന ശേഷം കുറച്ചുസമയത്തിനുശേഷം മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും ഒ.പി.എസിനെ കാണാന്‍ നിര്‍മ്മലാ സീതാരാമന് കൂട്ടാക്കിയില്ല. അരമണിക്കൂറോളം സമയം ചേംബറിനു വെളിയില്‍ കാത്തിരുന്ന പനീര്‍ശെല്‍വം അപമാനിതനായി മടങ്ങി.
ഇതിനിടെ ഒ.പി.എസ്.-നിര്‍മല കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഇത് നിഷേധിച്ച് മന്ത്രിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. മൈത്രേയന് മാത്രമേ കൂടിക്കാഴ്ച അനുവദിച്ചിരുന്നുള്ളൂവെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പി.എസിനെ കണ്ടിട്ടില്ലെന്നുമായിരുന്നു ട്വീറ്റ് പ്രത്യക്ഷപ്പെടുകയും ചെയ്തു.
അവിശ്വാസപ്രമേയത്തില്‍ കേന്ദ്രത്തിന് അനുകൂലമായി എ.ഐ.എ.ഡി.എം.കെ. വോട്ടുചെയ്തതും, പനീര്‍ശെല്‍വത്തിന്റെ ഡല്‍ഹി സന്ദര്‍ശനവും എ.ഐ.എ.ഡി.എം.കെ.-ബി.ജെ.പി. സഖ്യത്തിന് വഴിയൊരുങ്ങുന്നതായാണ് വിലയിരുത്തപ്പെട്ടിരുന്നത്.
എന്നാല്‍, ഇപ്പോഴത്തെ സംഭവവികാസങ്ങളോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നത മൂര്‍ഛിച്ചിരിക്കുകയാണ്.