ഭക്ഷ്യമന്ത്രിക്ക് എന്തെങ്കിലും നല്ല കാര്യം ചെയ്തു കൂടേ... പി.സി.ജോർജിന്റെ മരുമകൾ പാർവതി ചോദിക്കുന്നു
ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തിയതും ഫോർമാലിൻ കലർന്ന മത്സ്യം പിടികൂടിയതുമെല്ലാം പതിവ് വാർത്തകളായി മാറിയിരിക്കുന്നു. ഇതൊക്കെ വായിച്ച് ഞെട്ടിയിരിക്കുകയാണ്.. ഇങ്ങനെ പോയാൽ കേരളത്തിൽ ജീവിക്കാൻ പ്രയാസമാണെന്നു പറയുന്നു ജഗതി ശ്രീകുമാറിന്റെ മകളും പി.സി.ജോർജിന്റെ മരുമകളുമായ പാർവതി ഷോൺ.
സംസ്ഥാനത്തെ ഭക്ഷ്യമന്ത്രിയൊക്കെ എന്തു ചെയ്യുകയാണ്... ഭക്ഷ്യവകുപ്പിലുള്ള ശമ്പളം വാങ്ങിച്ച് വെറുതേയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ഇവർക്കെന്തങ്കിലും ചെയ്തു കൂടേയെന്നു രൂക്ഷഭാഷയിൽ ചോദിക്കുകയാണ് പാർവതി. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് ഭക്ഷ്യവസ്തുക്കളിലെ മായം കലർത്തുന്നതിനിതെരേ പാർവതി തുറന്നടിക്കുന്നത്.
അനീതിക്കെതിരേ ശബ്ദമുയർത്തുക എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ പോസ്റ്റ് ചെയ്തു രണ്ടു ദിവസത്തിനുള്ളിൽ ഒരു മില്യൺ വ്യൂവാണ് ഇതിന് ലഭിച്ചിരിക്കുന്നത്. മുപ്പതിനായിരത്തിലേറെ ഷെയറും ലഭിച്ചിട്ടുണ്ട്.
പാർവതി ഷോണിന്റെ വാക്കുകളിലേക്ക്...
ഇങ്ങനെ പോയാൽ ഈ നാട്ടിൽ എന്തു കഴിച്ച് ജീവിക്കും? ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് ചാകാമെന്നു തീരുമാനിച്ചാൽ അത് ഈ കേരളത്തിൽ നടക്കും. ഈ കേരളത്തിൽ ജീവിക്കുക പ്രയാസമാണ്. കുട്ടികൾക്ക് എന്തു കൊടുക്കും? പച്ചക്കറിയോ പഴമോ തുടങ്ങി പോഷകാഹാരം നിറഞ്ഞ ഒന്നും കുട്ടികൾക്ക് കൊടുക്കാൻ കഴിയില്ല. എല്ലാത്തിലും വിഷം. ഇതൊന്നും പരിശോധിക്കാതെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ വെറുതേ ഇരിക്കുകയാണെന്നും പാർവതി വിഡിയോയിൽ ആരോപിക്കുന്നു.
ഭക്ഷ്യവകുപ്പിലുള്ളവർ ചുമ്മ ശമ്പളം മേടിച്ച് ചുമ്മാ ഇരിക്കുകയാണ്, ഭക്ഷ്യമന്ത്രിക്ക് എന്തെങ്കിലും നല്ല കാര്യം ചെയ്തു കൂടേ.. ഇവരുടെ സപ്പോർട്ട് ഇല്ലാതെ ഇത്രയും വിഷം ഇതിലൊന്നും കലരില്ല. ഭക്ഷ്യവകുപ്പിലിരിക്കുന്നവരൊക്കെ കുറേയൊക്കെ കൈക്കൂലിയൊക്കെ മേടിച്ച് കണ്ണടച്ച് ഇരിക്കുവാണ്. അവർ അവരുടെ മക്കൾക്ക് ഇതൊന്നും വാങ്ങിക്കൊടുക്കില്ലായിരിക്കും. നമ്മൾ നമ്മുടെ മക്കൾക്ക് നല്ല ഭക്ഷണം കൊടുക്കണമെങ്കിൽ ചക്കയോ മാങ്ങയോ കപ്പോയെ ഒക്കെ വീട്ടിൽ കൃഷി ചെയ്യണം.
അമ്മമാർ ഭക്ഷണകാര്യത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ കുട്ടികളെ ആരോഗ്യമുള്ളവരാക്കി വളർത്തിയെടുക്കാൻ സാധിക്കും. മാർക്കറ്റിൽ നിന്നു വാങ്ങുന്ന മത്സ്യം കൂട്ടി മൂന്നുനേരം ചോറു കുട്ടിക്ക് നൽകുമ്പോൾ ഓർക്കുക, നാം വിഷമാണ് ഉരുളയാക്കി നൽകിക്കൊണ്ടിരിക്കുന്നതെന്ന് ഓരോ അമ്മമാരും വിചാരിക്കണം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷ്യമന്ത്രിക്കുമെതിരെ കേസ് ഫയൽ ചെയ്യണം.. ഇവരെന്താണ് ഇതിനെതിരേ ചെയ്യുന്നത്. എന്തെങ്കിലും അനീതി കണ്ടാൽ നമ്മൾ കണ്ണടയ്ക്കരുത്. റസ്പോണ്ട് ചെയ്യണം. അവർക്കെതിരേ ശബ്ദമുയർത്തണം, അനീതിക്കെതിരേ പോരാടണം. വിഷം വാങ്ങി കുട്ടികൾക്ക് കൊടുക്കരുതേയെന്നും പാർവതി പറയുന്നു.