7,000 ഓണച്ചന്തകൾ ഒരുങ്ങുന്നു
തിരുവനന്തപുരം: ഓണക്കാലത്തു നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും കുറഞ്ഞ വിലയ്ക്ക് നല്കാൻ സംസ്ഥാനത്ത് 7000ഓളം ഓണച്ചന്തകൾ അടുത്തമാസം മുതൽ സജീവമാകും. മാവേലി സ്റ്റോറില്ലാത്ത 26ൽപരം പഞ്ചായത്തുകളിലും പ്രത്യേക ചന്തയുണ്ടാകും. ഇതിനു പുറമെ 14 ജില്ലാ ആസ്ഥാനത്തും എല്ലാ താലൂക്ക് കേന്ദ്രത്തിലും ഡിപ്പോ കേന്ദ്രങ്ങളിലും വിപുലമായ ഓണച്ചന്തകൾ ഒരുക്കാനാണ് സർക്കാർ തീരുമാനം. സപ്ലൈകോയുടെ 1500 ല്‍ പരം ഓണച്ചന്തകൾ ഓഗസ്റ്റ് 10 മുതൽ പ്രവർത്തനം ആരംഭിക്കും. സഹകരണവകുപ്പിനു കീഴിൽമാത്രമായി 3500 ചന്തകളും ഓഗസ്റ്റ് 14മുതൽ 24( ഉത്രാടം) വരെ പ്രവർത്തിക്കും. കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ഓണത്തിനു തുറന്നതിനെക്കാൾ കൂടുതൽ ചന്തകളുണ്ടാകും. ഒപ്പം, കുടുംബശ്രീ, സഹകരണസ്ഥാപനങ്ങള്‍, വിവിധ വിപണനസ്ഥാപനങ്ങള്, കര്‍ഷകരുടെ ഉത്പാദക കൂട്ടായ്മകള്‍ എന്നിവ വഴിയും ചന്തകൾ തുടങ്ങും.
നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയെക്കാൾ പരാമാവധി വിലകുറച്ച് നൽകുന്നതിനാണ് ഓണച്ചന്തകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 450 മാസച്ചന്തകളും 455 ഗ്രാമചന്തകളും അടുത്തമാസം തുറക്കും. സംഘം കൃഷി വഴി ഓണ സീസണിലേക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ലഭ്യമാക്കുന്നതിന് അറുപതിനായിരത്തോളം സംഘം ഗ്രൂപ്പുകളും മൂന്നുലക്ഷത്തോളം വനിതകളുമാണ് രംഗത്തുള്ളത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 36000 ഏക്കര്‍ സ്ഥലങ്ങളിലാണ് പച്ചക്കറി കൃഷി വിളവെടുപ്പിനൊരുങ്ങിയിരിക്കുന്നത്. പച്ചക്കറി, പയര്‍, കിഴങ്ങ്, വാഴ, നെല്ല് എന്നിവയാണ് ഓണ വിപണിയ്ക്കായി കുടുംബശ്രീ കൃഷി ചെയ്യുന്നത്. പച്ചക്കറികളും പയര്‍ വര്‍ഗങ്ങളും കൂടാതെ 4500 ടണ്‍ അരി 4900 ടണ്‍ വാഴപ്പഴം, 26000 ടണ്‍ കിഴങ്ങുവിളകള്‍ എന്നിവ കുടുംബശ്രീയുടെ വകയായി ഓണച്ചന്തകളില്‍ എത്തും.
"കൃഷിവകുപ്പിന്റെ കീഴിൽ ഇത്തവണ 2000 പച്ചക്കറിച്ചന്തകള്‍ തുടങ്ങാനാണ് തീരുമാനം. മഴമൂലം പലയിടത്തും വൻതോതിൽ കൃഷി നാശമുണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികളുടെ അളവു കണക്കാക്കിയതിന് ശേഷം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകും'- കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍