രാഹുലിന് ഒരു മുഴം മുന്‍പേ എറിഞ്ഞ് മോദി, ഭരണ തുടര്‍ച്ചക്ക് ‘കര്‍മ്മപദ്ധതി’ തയ്യാറാക്കി !
ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികളെ അടക്കം കൂട്ടുപിടിച്ച് തെരെഞ്ഞെടുപ്പിനു മുന്‍പ് തന്നെ സഖ്യമുണ്ടാക്കി അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസ്സ് തന്ത്രത്തിന് ശക്തമായ തിരിച്ചടി നല്കാന് ബി.ജെ.പി രംഗത്ത്.
ഇന്ത്യയെ ‘കീറി’ മുറിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള ഇന്ത്യയെ ആണോ രാജ്യം ആഗ്രഹിക്കുന്നതെന്ന ചോദ്യം ഉയര്‍ത്തി വലിയ കാമ്പയിന് തന്നെ ഉയര്‍ത്തി കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ഇതിനായി സോഷ്യല്‍ മീഡിയകളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം.
ആന്ധ്രയെ രണ്ടായി കീറിമുറിച്ച കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പല സംസ്ഥാനങ്ങളും ഇങ്ങനെ കീറി മുറിക്കപ്പെടുമെന്നും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി രാജ്യം മാറുമെന്നും ബി.ജെ.പി മുന്നറിയിപ്പു നല്കുന്നു. സ്ഥിരതയില്ലാത്ത ഒരു സര്‍ക്കാര്‍ അതിവേഗം വളരുന്ന രാജ്യത്തെ സംബന്ധിച്ച് പിന്നോട്ടടിപ്പിക്കും.
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ തല ഉയര്‍ത്തി നില്ക്കുന്നതും ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ സ്വദേശത്തും വിദേശത്തും കഴിയാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാക്കിയതും നരേന്ദ്ര മോദി സര്‍ക്കാരാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യങ്ങളെല്ലാം ഉന്നയിക്കുന്നതോടൊപ്പം സാമ്പത്തിക രംഗത്തും സൈനിക ശക്തിയിലും രാജ്യം ഉണ്ടാക്കിയ മുന്നേറ്റവും, മറ്റു വികസന പ്രവര്‍ത്തനങ്ങളും തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗപ്പെടുത്തുവാനാണ് തീരുമാനം.
ഒറ്റക്ക് പരമാവധി സീറ്റു നേടി സുസ്ഥിര ഭരണ വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നതോടൊപ്പം തന്നെ കോണ്‍ഗ്രസ്സ് പിന്തുണ പ്രതീക്ഷിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുമായി തെരെഞ്ഞെടുപ്പിനു ശേഷം വേണ്ടിവന്നാല്‍ ഒരു സഖ്യം കൂടി ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്.
തല്ക്കാലം അടുക്കാന്‍ പറ്റാത്ത അത്ര ഈ കക്ഷികളോട് അകലേണ്ടതില്ലന്നതാണ് പാര്‍ട്ടിയുടെ അടവുനയം.
കോണ്‍ഗ്രസ്സ് – സാമ്പാറ് മുന്നണിക്കെതിരെ പ്രചരണം നടത്തുമ്പോഴും ഒരു സഖ്യ സാധ്യത കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ മുന്നില്‍ കണ്ടാണ് ഈ നീക്കം.
അതേസമയം എന്തുവന്നാലും ശിവസേനയെ ഇനി കൂടെ കൂട്ടേണ്ടതില്ലന്ന കടുത്ത നിലപാടിലേക്കും ബി.ജെ.പി കേന്ദ്ര നേതൃത്വം ഇപ്പോള്‍ മാറിയിട്ടുണ്ട്.
ഒറ്റക്ക് നിന്നാല്‍ തന്നെ വമ്പന്‍ വിജയം നേടാന്‍ കഴിയുമെന്ന റിപ്പോര്‍ട്ട് മഹാരാഷ്ട്ര ബി.ജെ.പി ഘടകവും ദേശീയ നേതൃത്വത്തിന് കൈമാറി കഴിഞ്ഞു. ശിവസേന ഇല്ലാതെ തന്നെ മത്സരിക്കാന്‍ തയ്യാറെടുക്കാന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത് ഈ ആവേശം കൂടി പരിഗണിച്ചാണ്.
ആര്.എസ്.എസ് ദേശീയ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്ത് സംഘപരിവാര്‍ ആഗ്രഹിക്കുന്നതും ഇപ്പോള്‍ ശിവസേനയെ അകറ്റി നിര്‍ത്താന്‍ തന്നെയാണ്.
ശിവസേനയേക്കാള്‍ കൂടുതല്‍ സീറ്റു നേടി ബി.ജെ.പി നേതാവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായതും കേന്ദ്ര സര്‍ക്കാറില്‍ വിലപേശല്‍ നടക്കാത്തതുമാണ് മറാത്തി വികാരം മുന്‍ നിര്‍ത്തി മുന്നോട്ട് പോകുന്ന ശിവസേനയുടെ ഉടക്കിന് പ്രധാന കാരണമെന്നാണ് ആര്.എസ്.എസ് വിലയിരുത്തല്‍.
പ്രതിപക്ഷത്തേക്കാള്‍ കേന്ദ്ര സര്‍ക്കാറിനെയും മോദിയെയും ശിവസേന വിമര്‍ശിക്കുന്നതും അവിശ്വാസ വോട്ടെടുപ്പില്‍ അമിത് ഷാക്ക് നല്കിയ ഉറപ്പ് ലംഘിച്ച് വിട്ടു നിന്നതും രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ചതും എല്ലാം ബി.ജെ.പി – ആര്.എസ്.എസ് നേതാക്കളെ ഏറെ പ്രകോപിപ്പിച്ചിരുന്നു.
ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും എന്നതിനാല്‍ കോണ്‍ഗ്രസ്സും എന്‍.സി.പിയും അടുപ്പിക്കില്ലന്ന് ഓര്‍ത്തിരുന്നുവെങ്കില്‍ ഈ ‘സാഹസ’ത്തിന് ശിവസേന മുതിരില്ലായിരുന്നുവെന്നാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം തുറന്നടിക്കുന്നത്.
പാല്‍ഘാര്‍ ലോക്സഭ മണ്ഡലത്തില്‍ അടുത്തയിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശിവസേന സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും പാര്‍ട്ടി സ്ഥാനാര്‍ത്ഥി തകര്‍പ്പന്‍ വിജയം നേടിയതാണ് ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ സജ്ജമാക്കി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് അമിത് ഷാ സംസ്ഥാന നേതൃയോഗത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇതിനിടെ ശിവസേനയെ പാഠം പഠിപ്പിക്കാന്‍ വേണ്ടിവന്നാല്‍ രാജ് താക്കറെയുടെ നവനിര്‍മ്മാണ സേനയുമായി സഖ്യമുണ്ടാക്കാനും ബി.ജെ.പി തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
എന്നാല്‍ തെരെഞ്ഞെടുപ്പ് അടുക്കുന്നതോടെ ശിവസേനയില്‍ നിന്നും ഒരു വിഭാഗം പിളര്‍ന്ന് ബി.ജെ.പി പാളയത്തിലെത്തുമെന്ന നിഗമനത്തിനാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രാമുഖ്യം കൊടുക്കുന്നത്.
യുപിയില്‍ ബി.എസ്.പി – എസ്.പി പാര്‍ട്ടികള്‍, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്, ബീഹാറില്‍ ആര്.ജെ.ഡി എന്നിവയില്‍ നിന്നും ഒരുപറ്റം നേതാക്കള്‍ അനുയായികളോടൊപ്പം ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്യുന്ന ഉന്നത കോണ്‍ഗ്രസ്സ് നേതാവ് ഏത് നിമിഷവും ബി.ജെ.പിയിലെത്തുമെന്ന് പ്രമുഖ ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച എന്തു വില കൊടുത്തും സാധ്യമാക്കുമെന്ന ഉറച്ച നിലപാടില്‍ സകല അടവുകളും പയറ്റിയാണ് ബി.ജെ.പി ഇത്തവണ അണിയറയില്‍ തന്ത്രങ്ങള്‍ പയറ്റുന്നത്. യു.പി, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട്, ഹരിയാന, ആന്ധ്ര സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക ‘കര്‍മ്മ’ പരിപാടി തന്നെ പാര്‍ട്ടി തയ്യാറാക്കുന്നുണ്ട്.
തെരെഞ്ഞെടുപ്പിന് ശേഷം ആന്ധ്രയിലെ വൈ.എസ്.ആര് കോണ്‍ഗ്രസ്സ്, തമിഴകത്ത് നിന്നും രജനീകാന്തിന്റെ പാര്‍ട്ടി, ഒറീസയിലെ ബിജു ജനതാദള്‍ എന്നിവയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. ന്യൂനപക്ഷ വോട്ട് നഷ്ടമാകുമെന്ന ഭയത്തില്‍ മാത്രമാണ് ഈ പാര്‍ട്ടികള്‍ തെരെഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാകാത്തതത്രെ.
പ്രമുഖ രാഷ്ട്രീയ തന്ത്രശാലിയും കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചരണം ‘ഡിസൈന്‍’ ചെയ്ത് രാഷ്ട്രീയ എതിരാളികളെ ഞെട്ടിക്കുകയും ചെയ്ത പ്രശാന്ത് കിഷോര്‍ ഇത്തവണയും കാവി പടക്കു വേണ്ടി അണിയറയില്‍ സജീവമായി രംഗത്തുണ്ടാവും.
മോദിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് പ്രശാന്ത് കിഷോര്‍ ബിജെപി പാളയത്തില്‍ തിരിച്ചെത്തിയത്.