ആലപ്പുഴയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ എത്താതെ മന്ത്രിമാര്‍; കുട്ടനാട്ടില്‍ ജില്ലയിലെ മന്ത്രിമാരോ എംഎല്‍എയോ എത്തിയില്ല; ജി.സുധാകരന് ഇന്ന് ആദ്യമായി എത്തുന്നത് കേന്ദ്രമന്ത്രിക്കൊപ്പം; പാര്‍ട്ടിയിലെ തിരക്കുകളാണ് കാരണമെന്ന് സുധാകരന്റെ വിശദീകരണം; കുട്ടനാട്ടില്‍ ആകെ എത്തിയത് കൃഷിമന്ത്രി മാത്രം
ആലപ്പുഴ: ആലപ്പുഴയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ മന്ത്രിമാര്‍ ഇതുവരെ സന്ദര്‍ശിക്കാത്തത് വിവാദമാകുന്നു. കുട്ടനാട്ടില്‍ ജില്ലയിലെ മന്ത്രിമാരോ എംഎല്‍എയോ എത്തിയില്ല. മന്ത്രി ജി.സുധാകരന് എത്തുന്നത് ഇന്ന് ആദ്യമായി കേന്ദ്രമന്ത്രിക്കൊപ്പമാണ്.
പാര്‍ട്ടിയിലെ തിരക്കുകളാണ് കാരണമെന്നാണ് മന്ത്രി ജി.സുധാകരന്റെ വിശദീകരണം. സിപിഐഎം സംസ്ഥാന സമിതിയുള്‍പ്പെടെ മറ്റ് തിരക്കുകളുണ്ടായിരുന്നു. ഇതാണ് കുട്ടനാട്ടില്‍ എത്താതിരിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും എംഎല്‍എ തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ല. ചികിത്സയിലായതിനാലാണ് സന്ദര്‍ശിക്കാത്തതെന്നാണ് തോമസ് ചാണ്ടി വിശദീകരിക്കുന്നത്. വേണ്ട എല്ലാവിധ സഹായങ്ങളും രാപ്പകലില്ലാതെ എത്തിക്കുന്നുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു. കുട്ടനാട്ടില്‍ ആകെ എത്തിയത് കൃഷിമന്ത്രി മാത്രമാണ്.
സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് സ്ഥലം സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മഴക്കെടുതിയിൽ ആശ്വാസമെത്തിക്കുന്നതിൽ സർക്കാരിനുണ്ടായ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടും ദുരിതബാധിതർക്ക് അടിയന്തരമായി സഹായം എത്തിക്കാത്തത് ദു:ഖകരമാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ നട്ടം തിരിയുകയാണ്. സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നേയില്ല. ഇതുവരെ സൗജന്യ റേഷൻ കൊടുത്തിട്ടില്ല. മൂന്ന് മന്ത്രിമാർ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാൽ ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയില്ല. കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിയെയും കണ്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക മന്ത്രിസഭായ യോഗം പോലും ചേർന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണെങ്കിലും കുടിക്കാനുള്ള ശുദ്ധജലം കിട്ടാക്കനിയാണ്. വെള്ളം നിറഞ്ഞ വീടുകളിൽ നിന്നും പലർക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. സർക്കാർ അടിയന്തിരമായി ഇടപെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കാര്യക്ഷമമാക്കിയില്ലങ്കിൽ ജനങ്ങൾ കൂടുതൽ ദുരിതത്തിലേക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മഴകുറഞ്ഞ് രണ്ടുദിവസമായിട്ടും ദുരിതത്തിലാണ് അപ്പര്‍കുട്ടനാട് മേഖല. ജലനിരപ്പ് താഴാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള സൗകര്യം പരിമിതമാണ്. ഇതോടെ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. കുടിവെള്ളമാണ് കുട്ടനാട്– അപ്പര്‍ കുട്ടനാട് മേഖല ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ക്യാംപുകളിലടക്കം കുടിവെള്ളം പരിമിതമാണ്. ഇതോടൊപ്പം സ്കൂളുകളിലല്ലാതെ ആരംഭിച്ച ക്യാംപുകള്‍ അംഗീകരിക്കില്ലായെന്ന് ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ നിലപാടെടുത്തതും പ്രതിസന്ധിയുണ്ടാക്കി. കലക്ടര്‍ ഇടപെട്ടതിനുശേഷമാണ് പ്രശ്നം പരിഹരിക്കാനായത്.