ഭീഷണി ഉയര്‍ത്തി ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ചട്ടമില്ല
തിരുവനന്തപുരം:അടിയന്തര ഘട്ടങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കോടതി നിര്‍ദേശിച്ച മേല്‍നോട്ട സമിതിക്ക് സാധിച്ചിട്ടില്ല. അണക്കെട്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് മേല്‍നോട്ട സമിതി രൂപീകരിച്ചത്. എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനം പേരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. മൂന്ന് വര്‍ഷമായിട്ടും അടിയന്തര ഘട്ടങ്ങളില്‍ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിനും സാധിച്ചിട്ടില്ല.
കേന്ദ്ര ജല കമ്മിഷനില്‍ അണക്കെട്ടുകളുടെ സുരക്ഷാ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍, കേരളത്തിന്റെയും തമിഴ്നാടിന്റെയും ജലവിഭവ വകുപ്പ് സെക്രട്ടറിമാര്‍ എന്ുപിവരാണ് സമിതിയിലെ അംഗങ്ങള്‍. 2014 ലെ സുപ്രീംകോടതി വിധിക്കുശേഷം അണക്കെട്ടിന്റെ നിയന്ത്രണം സമിതിക്കാണ്. എന്നാല്‍, സുപ്രീംകോടതി വിധിയില്‍ നിര്‍ദേശിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ സമിതിക്ക് സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തിനുള്ള ഏകോപനത്തിനായി ഒരു ഓഫിസ് തുറന്നെങ്കിലും സമിതി അംഗങ്ങള്‍ തമ്മിലുള്ള കൂടികാഴ്ച വര്‍ഷത്തില്‍ ഒരിക്കലായി ചുരുങ്ങി.
1939ലെ ചട്ടങ്ങളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. കേരളം നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്ര ജലകമ്മിഷന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി നിയന്ത്രിച്ചിരുന്നു. 2006 ല്‍ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്നാടിന് അനുമതി ലഭിച്ചു. ജലനിരപ്പ് പരമാവധി 136 അടിയായി നിലനിര്‍ത്താന്‍ സംസ്ഥാനം നിയമം നിര്‍മിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയെങ്കിലും അണക്കെട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സുപ്രീംകോടതി 2014ല്‍ പ്രത്യേക സമിതിയെ നിയമിക്കാന്‍ നിര്‍ദേശിച്ചു.
ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് 2015 ല്‍ മേല്‍നോട്ട സമിതി തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1979ന് മുമ്പുള്ള സ്ഥിതിയല്ല മുല്ലപെരിയാറിലേതെന്നും ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ കുടിയേറ്റം ഉണ്ടായിട്ടുള്ളതിനാല്‍ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ പെട്ടെന്ന് തുറക്കുന്നത് നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കുമെന്നും കേരളം അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതസേമയം, തമിഴ്നാട് സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപീകരിച്ചെങ്കിലും സമിതി അംഗീകരിച്ചില്ല. വീണ്ടും ചട്ടങ്ങള്‍ പുതുക്കാന്‍ സമിതി തീരുമാനമെടുത്തു. എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാന്‍ തമിഴ്നാട് തയാറായിട്ടില്ല. ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നെങ്കില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഷട്ടര്‍ തുറക്കുന്നതിലെ ആശങ്ക ഒഴിവാക്കാനും ഇരു സംസ്ഥാനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കഴിയുമായിരുന്നു.
155 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം. ഇപ്പോള്‍ 133.6 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. 2.2 ടിഎംസി വെള്ളംകൂടി ഒഴുകിയെത്തിയാലേ 142 അടിയിലേക്ക് എത്തുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ജൂലൈ 17ന് ശേഷം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഒഴുകിയെത്തിയാലേ 142 അടിയിലേക്കെത്തൂ. നിലവിലെ സാഹചര്യത്തില്‍ അതിനു സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 17 നു ശേഷം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. സെക്കന്റില്‍ 2,200 ഖനയടി വെള്ളം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
തമിഴ്നാട്ടില്‍ കാലവര്‍ഷം ശക്തമല്ല. തുലാവര്‍ഷത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. തുലാവര്‍ഷത്തില്‍ വൈഗ അണക്കെട്ട് നിറയുമ്പോള്‍ അവര്‍ വെള്ളം എടുക്കുന്നത് നിര്‍ത്തും. ഇവിടെ കാലവര്‍ഷം ശക്തിയാര്‍ജിക്കുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ വെള്ളമെടുക്കുന്നതിന്റെ അളവ് കൂട്ടും. അതേസമയം, കൂടുതല്‍ ജലം അണക്കെട്ടിലേക്കെത്തി 142 അടിയാകുകയും പ്രദേശങ്ങളില്‍ കനത്തമഴ ലഭിക്കുകയും ചെയ്താല്‍ പ്രശ്നം ഗുരുതരമാകും. ഇത്തരം സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരും.
നിറഞ്ഞൊഴുകുന്ന നദികളിലേക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളമെത്തുമ്പോള്‍ പലയിടങ്ങളിലും വെള്ളം കയറും. ഇവിടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നതില്‍ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യം വരുന്നത്. ‘ ഒരു ബക്കറ്റിലെ വെള്ളം മുഴുവനായും ദേഹത്ത് ഒഴിക്കുന്നതും ഒരു കപ്പിലെ വെള്ളം ഒഴിക്കുന്നതും തമ്മിലെ വ്യത്യാസമെന്നാണ്’ ഉദ്യോഗസ്ഥര്‍ ഇതിനെക്കുറിച്ചു പറയുന്നത്. ജലത്തിന്റെ അളവ് ഉയരുന്നത് ശാസ്ത്രീയമായി വിശകലനം ചെയ്ത് ഷട്ടറുകളിലൂടെ ജലം ഘട്ടംഘട്ടമായി പുറത്തേക്കൊഴുക്കിയാല്‍ പ്രശ്നത്തിന് പരിഹാരമാകും. എന്നാല്‍ മേല്‍നോട്ട സമിതി കാര്യക്ഷമമല്ലാത്തതിനാലും ചട്ടങ്ങളില്ലാത്തതിനാലും നിലവില്‍ ഇതിനു കൃത്യമായ വ്യവസ്ഥകളില്ല. അണക്കെട്ട് നിറയുമ്പോള്‍ പെട്ടെന്നു ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ വെള്ളം കുത്തിയൊഴുകി വിലയ നാശനഷ്ടമുണ്ടാകും.