കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയില്ല; ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മാത്രമേ വിഹിതം നല്‍കാനാകൂവെന്ന് പ്രധാനമന്ത്രി അറിയിച്ചു; കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്;സര്‍വകക്ഷി സംഘവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയില്ല. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മാത്രമേ വിഹിതം നല്കാനാകൂവെന്നാണ് മോദി അറിയിച്ചത്. സ്ഥലമേറ്റെടുത്ത് നല്കിയാല് ശബരിപാത നടപ്പാക്കും. മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കും. കേരളത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഭക്ഷ്യധാന്യം കൂടുതൽ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ആവശ്യപ്പെട്ടെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാത്രമെ വിഹിതം അനുവദിക്കാനാകൂവെന്ന് മോദി വ്യക്തമാക്കി. ഇക്കാര്യത്തിൽ മോദിയുടെ നിലപാട് നിരാശാജനകമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർവകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോച്ച് ഫാക്ടറി വിഷയം ഉയർത്തിയെങ്കിലും മോദി ഒന്നും പ്രതികരിച്ചില്ല.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം:
1) ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണം
മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മാസം അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് വര്‍ഷം 7.23 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കൂടുതലായി അനുവദിക്കണം. മുന്‍ഗണനാവിഭാഗത്തില്‍ വരാത്തവര്‍ക്ക് ഭക്ഷ്യധാന്യം നല്കാന് ആണ്ടില്‍ 11.22 ലക്ഷം ടണ്‍ ആവശ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 3.99 ലക്ഷം ടണ്‍ മാത്രമാണ്.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കേരളത്തിന്റെ നെല്ലുല്പാദനം കുറഞ്ഞുവരികയാണ്. 197273 13.76 ലക്ഷം ടണ്‍ നെല്ലുല്പാദിപ്പിച്ചിരുന്ന സംസ്ഥാനം 201617 ല്‍ 4.36 ലക്ഷം ടണ്‍ നെല്ല് മാത്രമാണ് ഉല്പാദിപ്പിച്ചത്. ഉല്പാദനം കുറയുമ്പോള്‍ റേഷന്‍ ആവശ്യമുളളവരുടെ എണ്ണം കൂടി വരികയാണ്. റേഷന്‍ കാര്‍ഡിന് അഞ്ചുലക്ഷത്തോളം പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം 16 ലക്ഷം ടണ്ണില്‍ നിന്ന് 14.25 ലക്ഷം ടണ്ണായി കുറച്ചത്. ഇത് സംസ്ഥാനത്തിന് കടുത്ത പ്രയാസമുണ്ടാക്കുന്നു. ഭക്ഷ്യധാന്യവിഹിതം വര്‍ധിപ്പിക്കാന്‍ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടുവരികയാണ്. കേരളത്തില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്നുണ്ട്. അവരെ അവഗണിക്കാന്‍ പാടില്ല. സാമ്പത്തികമായി പിന്നോക്കമായ ഈ വിഭാഗത്തെ കൂടി പൊതുവിതരണ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
2013ല്‍ നിലവില്‍ വന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം ഗണ്യമായി കുറഞ്ഞു. നിയമം നടപ്പാക്കുന്നതിന് മുമ്പ് വര്‍ഷത്തില്‍ 16 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കേരളത്തിന് ലഭിച്ചിരുന്നു. എന്നാല്‍ 2016ല്‍ നിയമം നടപ്പിലാക്കിയതു മുതല്‍ വിഹിതം 14.25 ലക്ഷം ടണ്‍ ആയി കുറഞ്ഞു. കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തെ ഇത് ഏറെ ദോഷകരമായി ബാധിച്ചു. അന്ത്യോദയ അന്നയോജന ഉള്‍പെടെ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നവര്‍ക്ക് ആവശ്യമായ റേഷന്‍ വിഹിതമാണ് ഇപ്പോള്‍ കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍ കേരളത്തില്‍ റേഷന്‍ വാങ്ങുന്ന 45 ലക്ഷം കുടുംബങ്ങള്‍ മുന്‍ഗണനാവിഭാഗത്തിന് പുറത്താണ്. അവര്‍ക്ക് വിതരണം ചെയ്യാന്‍ വെറും 33,384 ടണ്‍ ഭക്ഷ്യധാന്യം മാത്രമാണ് ലഭിക്കുന്നത്. ഇത് കണക്കിലെടുത്ത് മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കുളള ഭക്ഷ്യധാന്യ വിഹിതം ഗണ്യമായി വര്‍ധിപ്പിക്കണം. ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
2) പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറി
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് റെയില്‍വെ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാവണം. 20082009 ലെ റെയില്‍വെ ബജറ്റിലാണ് പാലക്കാട്ട് കോച്ച് ഫാക്ടറി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. കേരളം ഇതിനാവശ്യമായ എല്ലാ പിന്തുണയും നല്കി. റെയില്‍വെയുടെ ഭാവി ആവശ്യം കൂടി കണക്കിലെടുത്ത് ലൈറ്റ് വെയ്റ്റ് ബ്രോഡ് ഗേജ് കോച്ചുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചത്.
ഫാക്ടറി സ്ഥാപിക്കുന്നതിന് 239 ഏക്ര സ്ഥലം കേരള സര്‍ക്കാര്‍ റെയില്‍വേക്ക് 2012ല്‍ തന്നെ കൈമാറിയിരുന്നു. മാത്രമല്ല, കേന്ദ്ര റെയില്‍വെ മന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഫാക്ടറിക്ക് തറക്കല്ലിടുകയും ചെയ്തു. ഫാക്ടറി വേഗം സ്ഥാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുമ്പോഴാണ് ഈ പദ്ധതി വേണ്ടെന്നുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഞെട്ടിക്കുന്നതാണ്. 20082009 ലെ ബജറ്റില്‍ റായ്ബറേലിയിലേക്ക് അനുവദിച്ച കോച്ച് ഫാക്ടറി 2012 മുതല്‍ തന്നെ ഉല്പാദനം ആരംഭിക്കുകയുണ്ടായി. എന്നാല്‍ പാലക്കാടിന്റെ കാര്യത്തില്‍ റെയില്‍വെ ഒന്നും ചെയ്തിട്ടില്ല.
അലൂമിനിയം കോച്ചുകള്‍ നിര്‍മ്മിക്കുന്നതിന് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ റെയില്‍വെ ഉദ്ദേശിക്കുന്നതായി മനസ്സിലാക്കുന്നു. ഈ ഫാക്ടറി പാലക്കാട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു.
3) അങ്കമാലി-ശബരി റെയില്‍പാത
ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല സന്ദര്‍ശിക്കുന്നവരുടെ സൗകര്യാര്‍ത്ഥം അങ്കമാലിശബരി റെയില്‍പാത സ്ഥാപിക്കാന്‍ 199798 ല്‍ റെയില്‍വെ ബോര്‍ഡ് അനുമതി നല്‍കിയതാണ്. എന്നാല്‍ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ മന്ത്രാലയം എടുത്തു. കേരളം പലതവണ അഭ്യര്‍ത്ഥിച്ചിട്ടും റെയില്‍വെ ഈ നിലപാടില്‍ നിന്ന് മാറിയിട്ടില്ല.
ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണെന്നത് പരിഗണിച്ച് പാത റെയില്‍വെയുടെ ചെലവില്‍ തന്നെ പണിയാന്‍ പ്രധാനമന്ത്രി ഇടപെടണം.
4) കസ്തൂരി രംഗന് റിപ്പോര്‍ട്ട്
കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ 123 വില്ലേജുകള്‍ ഉള്‍പ്പെടുന്ന 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി (ഇ.എസ്.എ) കണക്കാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും തോട്ടങ്ങളും ജലാശയങ്ങളും പാറ നിറഞ്ഞ പ്രദേശങ്ങളും ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. റിസര്‍വ് വനവും സംരക്ഷിത വനവും ലോകപൈതൃക സ്ഥലങ്ങളും മാത്രം ഇ.എസ്.എ.യുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയണ്‍മെന്റ് സെന്റര്‍ ജിയോ കോര്‍ഡിനേറ്റഡ് ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് 92 വില്ലേജുകളില്‍ വരുന്ന 8656 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇ.എസ്.എയില്‍ വരുന്നത്. ഇതനുസരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സര്‍വ്വകക്ഷി സംഘം അഭ്യര്‍ത്ഥിച്ചു.
2014ലാണ് കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനുശേഷം രണ്ടുതവണ കരട് വിജ്ഞാപനം പുറപ്പെടുവിച്ചുവെങ്കിലും കേരളത്തിന്റെ ആവശ്യം കണക്കിലെടുത്തിട്ടില്ല. നാലുവര്‍ഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതുകൊണ്ട് ബന്ധപ്പെട്ട വില്ലേജുകളിലെ ജനങ്ങള്‍ വലിയ പ്രയാസം അനുഭവിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു. അതിനാല്‍ പ്രധാനമന്ത്രി ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ജിയോ കോര്‍ഡിനേറ്റഡ് ഭൂപടത്തിന്റെയും സര്‍ക്കാര്‍ സമര്‍പ്പിച്ച ബന്ധപ്പെട്ട രേഖകളുടെയും അടിസ്ഥാനത്തില്‍ ഇ.എസ്.എ 8656 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും സര്‍വ്വകക്ഷി സംഘം അഭ്യര്‍ത്ഥിച്ചു.
5) കാലവര്‍ഷക്കെടുതി
കാലവര്‍ഷക്കെടുതിമൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തിര സഹായം അനുവദിക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കണമെന്ന് സര്‍വ്വകക്ഷിസംഘം അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ട്. 30,000 ത്തോളം പേര് ദുരിതാശ്വസ കേന്ദ്രങ്ങളിലാണ്. 350 ഓളം വീടുകള്‍ പൂര്‍ണ്ണമായും ഒമ്പതിനായിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 90 ജീവന് നഷ്ടപ്പെട്ടു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കടലാക്രമണവും കാറ്റും മൂലം കനത്ത നാശനഷ്ടമാണ് കേരളത്തിലാകെ ഉണ്ടായിട്ടുളളത്. ഇത് കണക്കിലെടുത്ത് അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് സര്‍വ്വകക്ഷി സംഘം അഭ്യര്‍ത്ഥിച്ചു.
6) ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്
1983 മുതല്‍ കേരളത്തിലെ വെള്ളൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഓഹരികള്‍ പൂര്‍ണ്ണമായും സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഫാക്ടറി പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 700 ഏക്ര ഭൂമിയിലാണ് ഫാക്ടറി സ്ഥാപിച്ചത്. പൊതുമേഖലിയില്‍ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഈ സ്ഥാപനം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമാണ്. പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഫാക്ടറി ഈ രൂപത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.
ഫാക്ടറി സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നതിന് ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
7 ) കോഴിക്കോട് വിമാനത്താവളം
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനമിറങ്ങാനുള്ള സൗകര്യമുണ്ടാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു.