ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ്; എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാനാകില്ല; വിവേചനമല്ല വിശ്വാസത്തിന്റെ ഭാഗമെന്ന് ബോര്‍ഡ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. സ്ത്രീകളോടുള്ള വിവേചനമല്ല. വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീകോടതിയെ അറിയിച്ചു.
സ്വകാര്യക്ഷേത്രമെന്ന സങ്കല്പം ഇല്ലെന്നും ആര്‍ത്തവത്തിന്റെ പേരില്‍ പത്തു വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് കാരണമായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് അസാധ്യമാണെന്നും ബോര്‍ഡ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇത് വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയോണോയെന്ന് സുപ്രീംകോടതി ചോദിച്ചു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണു സര്ക്കാരിനുള്ളതെന്നു സുപ്രീംകോടതി നിരീക്ഷണങ്ങളോടു പ്രതികരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു. ഈ നിലപാടു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണു സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇനി തീരുമാനമുണ്ടാകേണ്ടതു കോടതിയില്‍നിന്നാണ്. കോടതി വിധി മാനിക്കും. സര്‍ക്കാരിന്റെ സമാന നിലപാടു തന്നെയാണു ദേവസ്വം ബോര്‍ഡിനുമുള്ളതെന്നു കടകംപള്ളി പറഞ്ഞു. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിന്റെ നിലപാടില്‍ സുപ്രീംകോടതി വിമര്‍ശനം അറിയിച്ചിരുന്നു. കേരളം അടിക്കടി നിലപാട് മാറ്റുന്നുവെന്നും ഇത് നാലാം തവണയാണ് കേരളം നിലപാട് മാറ്റുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്ക്കും ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണസമിതി സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. പ്രാര്‍ഥനയ്ക്കു പുരുഷനുള്ള തുല്യ അവകാശമാണു സ്ത്രീക്കുമുളളത്. തുല്യാവകാശം തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നു വാദം കേട്ട ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
പൂജയ്ക്കല്ല, പ്രാര്‍ഥനയ്ക്കുള്ള അവകാശമാണു വേണ്ടതെന്നു കേസിലെ ഹര്‍ജിക്കാരായ ‘ഹാപ്പി ടു ബ്ലീഡ്’ സംഘടന കോടതിയെ ബോധിപ്പിച്ചു. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും അവര്‍ കോടതിയില്‍ വാദിച്ചു. ആരാധനയ്ക്ക് സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ് ഉള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും അതിനാല്‍ തന്നെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഈ വിഷയത്തില്‍ സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.
സുപ്രീംകോടതിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്.എഫ്. നരിമാന്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് വാദം ഉയര്‍ത്തിയെങ്കിലും ഈ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ നിരത്തി കോടതിക്ക് ബോധ്യമാകുന്ന രീതിയില്‍ തെളിയിക്കണമെന്നും സുപ്രീംകോടതി നിലപാട് എടുത്തിരുന്നു.