ചക്ക, വാഴ, കപ്പ: ഇവരാണ് ഹീറോസ്
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നാണു പ്രമാണം. വേരിൽ കായ്ക്കുന്നതിന്റെ വിശേഷം മാത്രമല്ല, വേണമെങ്കിൽ ചക്ക കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളുടെ എണ്ണം കേട്ടാലും ആരും മൂക്കത്തു വിരൽ വയ്ക്കും. ചക്കയിൽ തീരുന്നില്ല എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഓണം ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുന്ന ചക്ക, കപ്പ, വാഴ മഹോത്സവത്തിലെ വിഭവങ്ങൾ. മൺമറഞ്ഞു പോകുന്ന നാടൻ വിഭവങ്ങൾ ജനങ്ങൾക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യ നടത്തുന്ന മഹോത്സവത്തിൽ നിറയുന്ന വിഭവങ്ങളുടെ വൈവിധ്യം ഇനിയുമേറെയാണ്. ചക്ക കൊണ്ടും, കപ്പ കൊണ്ടുമൊക്കെ ഇങ്ങനെയൊക്കെ രുചിക്കൂട്ടുകൾ ഒരുക്കാമോ എന്ന് ആരും ചിന്തിച്ചു പോകും. ചക്ക, വാഴ, കപ്പ : ഇവർ നിസാരക്കാരല്ലെന്നു തിരിച്ചറിയാൻ ഈ മഹോത്സവത്തിൽ പങ്കാളികളായാൽ മാത്രം മതി.
സദ്യ എന്നു കേൾക്കുമ്പോൾ മനസിൽ നിറയുന്നതു ചോറും കറികളും പായസവുമൊക്കെയാണ്. എന്നാൽ പതിനെട്ടു തൊട്ടുകറികൾ കൂട്ടിയുള്ള ചക്ക സദ്യ കഴിച്ചിട്ടുണ്ടോ. അതു പോലെ തന്നെ ബനാന സദ്യയും ഈ മഹോത്സവത്തിലെ താരങ്ങളായി മാറിയിരിക്കുന്നു. ചേറൊഴിച്ചു മറ്റെല്ലാം ചക്ക കൊണ്ടും, വാഴ കൊണ്ടുമൊരുക്കിയ വിഭവങ്ങളാണ്. ചക്കയും വാഴപ്പഴവും ഉപയോഗിച്ചുള്ള രണ്ടു വീതം പായസങ്ങളും ഇതിനൊപ്പമുണ്ടാകും. തുമ്പപ്പൂ ചോറിനൊപ്പം ചക്കക്കറികളും വാഴക്കറികളുമൊക്കെ സദ്യയുടെ സ്ഥിരം ശൈലി തന്നെ മാറ്റിമറിക്കുന്നു.
സദ്യക്കു പുറമേ ചക്കയുടേയും വാഴയുടേയും കപ്പയുടേയും വിവിധങ്ങളായ നൂറുവീതം വിഭവങ്ങളും മേളയിലുണ്ട്.
ചക്ക, കപ്പ, വാഴ മഹോത്സവം
ചക്ക, കപ്പ, വാഴ വിഭവങ്ങളുടെ മുഖ്യശിൽപ്പി തിരുവനന്തപുരം പാറശാല ഇടിച്ചക്കപ്ലാമൂട് സ്വദേശി റഫീക്കാണ്. ചക്ക വിഭവങ്ങൾ ഒരുക്കികൊടുക്കുക മാത്രമല്ല, ആവശ്യമുള്ളവർക്ക് പാചകം ചെയ്യുന്ന വിധം പകർന്നു കൊടുക്കാനും തയാറായി അദ്ദേഹം മഹോത്സവത്തിൽ നിറഞ്ഞു നിൽക്കുന്നു. താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കു സൗജന്യ ക്ലാസുകളും അദ്ദേഹം നൽകുന്നുണ്ട്. ചൂടോടെ വിഭവങ്ങൾ വിളമ്പുമ്പോൾ ഇവയുടെ വിശേഷങ്ങൾ കൂടി റഫീക് പകരുന്നു. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം സാധനങ്ങളിൽ നിന്നും രുചികരമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാമെന്നു റഫീക്ക് പറയുന്നു. എല്ലാ കാലത്തും ലഭിക്കുന്ന വിഭവമാണു ചക്ക. അവ ഫലപ്രദമായി വിനിയോഗിച്ചാൽ ഇത്തരം ധാരാളം രുചികൾ ഒരുക്കാൻ സാധിക്കും. കേരളത്തിൽ നിരവധിയിടങ്ങളിൽ ഫെസ്റ്റുകൾ റഫീക് നടത്തിയിട്ടുണ്ട്.
ചക്ക കൊണ്ട് ഒരുക്കുന്നതു സദ്യ മാത്രമല്ല, ചക്ക മസാലദോശ , ചക്ക പുട്ട്, ചക്ക അരവണ, ചക്ക സൂപ്പ്, ചക്ക ജാം, ചക്ക ഉണ്ണിയപ്പം, ചക്ക പഴംപൊരി...ചക്കയിൽ തീർക്കുന്ന വിഭവങ്ങൾ ഇനിയും അനവധി. നോൺ വെജിറ്റേറിയൻ വിഭവങ്ങൾ പാചകം ചെയ്യുന്ന അതേ മാതൃകയിൽ ചക്ക, കപ്പ, വാഴ വിഭവങ്ങൾ തയാറാക്കാൻ കഴിയുമെന്നു റഫീക്ക് പറയുന്നു.
കപ്പയിലൊരുക്കുന്ന രുചി വൈവിധ്യങ്ങളും ആരെയും അമ്പരിപ്പിക്കും. കപ്പ ഉണ്ണിയപ്പം, കപ്പ ബിരിയാണി, കപ്പ കിച്ചടി, കപ്പ കട്ലറ്റ് എന്നിവയൊക്കെ രുചിയേറുന്ന കപ്പ വിഭവങ്ങളാണ്. വാഴയുടെ പിണ്ടി, കൂമ്പ് കായ, പഴം എന്നിവയിൽ നിന്നാണു ഭക്ഷണവിഭവങ്ങൾ ഒരുക്കുന്നത്.
നിരവധി പേരാണു മഹോത്സവത്തിൽ പങ്കാളികളാകാനായി എത്തുന്നത്. മഴ തടസം സൃഷ്ടിച്ചപ്പോഴും വ്യത്യസ്ത വിഭവങ്ങളുടെ വിരുന്നുണ്ണാൻ അനേകം പേറെ മഹോത്സവത്തിൽ പങ്കാളികളായി.
ദിവസവും രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയാണു മേള നടക്കുന്നത്. ചക്ക, ബനാന സദ്യകൾ രാവിലെ 11 മുതൽ 11 മണി വരെ ലഭിക്കും.