മൊഴിയെടുക്കാൻ നടപടികൾ പൂർത്തിയായപ്പോൾ എഡിജിപിയുടെ മകൾ പഞ്ചാബിൽ; പൊലീസിനെ വട്ടം ചുറ്റിച്ച് സ്നിഗ്ധ
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ പഞ്ചാബിലേക്കു പോയതോടെ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ മര്‍ദിച്ച സംഭവത്തില്‍ രഹസ്യ മൊഴിയെടുപ്പ് നടന്നില്ല. ഇതോടെ മൊഴി രേഖപ്പെടുത്താന്‍ വേറെ തീയതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. കോടതി ചൊവ്വാഴ്ച്ച സ്നിഗ്ധയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് സമയം അനുവദിച്ചിരുന്നു. ഇതിനുസരിച്ച് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എഡിജിപിയുടെ മകളെ പഞ്ചാബിലേക്ക് വിടുകയായിരുന്നു. മൊഴിയെടുപ്പ് ഏത് രീതിയിലും അട്ടിമറിക്കാനുള്ള ശ്രമമാണ് എഡിജിപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
ക്രൈംബ്രാഞ്ചിന് ഗവാസ്കറുടെ രഹസ്യമൊഴി ഓഗസ്റ്റ് ഒന്നിനു രേഖപ്പെടുത്താനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒഴിവാക്കാനാവാത്ത വിദ്യാഭ്യാസ സംബന്ധമായ ആവശ്യത്തെ തുടര്‍ന്നാണ് സ്നിഗ്ധ പഞ്ചാബിലേക്കു പോയതെന്ന് ക്രൈംബ്രാഞ്ചിനെ സുദേഷ് കുമാര്‍ അറിയിച്ചു. സ്നിഗ്ധ 29 ന് തിരികെ വരും. അതിനു ശേഷം മൊഴിയെടുക്കാന്‍ തയാറാണെന്നും സുദേഷ് കുമാര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് സ്നിഗ്ധയുടെ മൊഴി രേഖപ്പെടുത്താന്‍ 29 ന് ശേഷം സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ പുതിയ അപേക്ഷ നല്‍കിയത്.
എഡിജിപിയുടെ പഴ്സനല്‍ സെക്യൂരിറ്റി അംഗം, ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ പൊലീസ് പരിശീലക തുടങ്ങിയവരുടെ രഹസ്യമൊഴിയും ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തും. നേരത്തെ പൊലീസിനോട് സ്നിഗ്ധ രണ്ടു തവണ മൊഴി മാറ്റി പറഞ്ഞിരുന്നു. തന്നോട് ഗവാസ്കര്‍ മോശമായി പെരുമാറിയെന്ന സനിഗ്ധയും,സനിഗ്ധ മര്‍ദിച്ചെന്ന പരാതിയില്‍ ഗവാസ്കറും ഉറച്ചു നില്‍ക്കുന്നത് കൊണ്ടാണ് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, അറസ്റ്റ് അടക്കമുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.എന്നാല്‍ ഒത്തുതീര്‍പ്പിനു തയ്യാറല്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഗവാസ്കറിന്റെ കുടുംബ അഭിഭാഷകന് മുഖേന എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു.
ജൂണ്‍ 14ന് കനകക്കുന്നില്‍ വെച്ചായിരുന്നു ഗവാസ്കറിനു മര്‍ദ്ദനമേറ്റത്. അന്ന് രാവിലെ എഡിജിപിയുടെ ഭാര്യയെയും സ്നിഗ്ധയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്കര്‍ കനകക്കുന്നില്‍ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോള്‍ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്ത വിളിക്കുകയും ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്നിഗ്ധ ഗവാസ്കറെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവാസ്കര്‍ പരാതി നല്‍കിയത്.