കോട്ടയം: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു.
കോട്ടയം: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ പ്രൊഫഷണൽ കോളെജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്റ്റർ അവധി നൽകി. കൂടാതെ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ പ്രൊഫഷണൽ കോളെജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിൽ കോട്ടയം, വൈക്കം താലൂക്കുകളിലും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, വാഴപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളിലേയും മീനച്ചിൽ താലൂക്കുകളിലെ മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലേയും പ്രൊഫഷണൽ കോളെജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു.
മധ്യകേരളത്തിൽ കനത്തമഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ എം.ജി സർവകലാശാല, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും (ജൂലൈ 19,20) നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സർവകലാശാലയുടെ പിജി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റും ഡിഗ്രിയുടെ നാലാം അലോട്ട്മെന്റും നേരത്തെ നീട്ടിവച്ചിരുന്നു. പുതുക്കിയ തീയതിയും ഷെഡ്യൂളും പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.