ദുരിത മഴ തുടരുന്നു; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും
ദുരിതങ്ങൾ വിതച്ച് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ദിവസങ്ങളായി പെയ്യുന്ന മഴയിൽ വൻ നാശനഷ്ടങ്ങൾ. മഴക്കെടുതിയിൽ മഴക്കെടുതിയില്‍ 12 പേര് മരിച്ചു. മൂന്നു പേരെ കാണാതായി. പമ്പയില്‍ ഒരു തീര്‍ഥാടകനെയും കോട്ടയത്ത് മണിമലയാറ്റിൽ മീൻപിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയുമാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. വെള്ളക്കെട്ടു മൂലം പലയിടങ്ങിലും റോഡ് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. റെയ്ല് ഗതാഗതവും താളംതെറ്റി.
വെള്ളിയാഴ്ച വരെ കനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കനത്ത മഴയ്ക്കു കാരണമായത്.
കോട്ടയം മുണ്ടക്കയത്തുനിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടിൽ ദീപു (28) ആണ് മരിച്ചത്. അഴുതയാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ആറുപേരെ കാണാതായിട്ടുണ്ട്.
എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. പലയിടത്തും ഉരുള്‍പൊട്ടി. 244.84 ഹെക്റ്ററില്‍ സംസ്ഥാനത്ത് കൃഷിനാശമുണ്ടായതായാണ് വിവരം. മഴക്കെടുതിയെ തുടര്‍ന്ന് തുറന്ന 186 ദുരിതാശ്വാസ ക്യാമ്പുകളില്‍ 26,833 പേരാണ് കഴിയുന്നത്. വീടുകള്‍ തകര്‍ന്ന് 1.40 കോടിയുടെ നഷ്ടമുണ്ടായി. 14.75 കോടിയുടെ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
പമ്പയും അച്ചന്‍കോവിലാറും ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞൊഴുകിയതോടെ അപ്പര്‍ കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ടു. ഇടുക്കിയില്‍ ഏഴിടത്തും കോട്ടയത്ത് മൂന്നിടത്തും ഉരുള്‍പൊട്ടി ഏക്കര്‍കണക്കിന് കൃഷിനശിച്ചു. മീനച്ചിലാറ്റിലെ വെള്ളംകയറിയതോടെ പാലാ പട്ടണവും കുമരകവും ഒറ്റപ്പെട്ടു.
കോട്ടയം-കുമരകം, ചങ്ങനാശ്ശേരി-ആലപ്പുഴ, പാലാ-ഏറ്റുമാനൂര്‍ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ജില്ലയില്‍ 31 ക്യാമ്പുകളിലായി 3218 പേരെയും മൂവാറ്റുപുഴ താലൂക്കില്‍ 1200 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വാഴ്ച കേരള, ലക്ഷദ്വീപ് തീരമേഖലയില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയാകാം.
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും തിരമാലകള്‍ മൂന്നര മുതല്‍ 4.9 മീറ്റര്‍ വരെ ഉയര്‍ന്നേക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.